ഒരു പതിറ്റാണ്ടിന്റെ കുതിപ്പ് അവസാന ലാപ്പിലേക്ക്; ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് നിരത്തൊഴിയുന്നു

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവറിന്റെ എൻട്രി ലെവൽ എസ്‌യുവിയാണ് ഡിസ്‌കവറി സ്‌പോർട്ട്. നിരത്തുകളിൽ 11 വർഷം ഒരുവർഷം പിന്നിട്ട പ്രയാണത്തിന് ശേഷം ഈ വാഹനം ഉത്പാദനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഡിസംബർ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുമെന്നാണ് സൂചന. ഫ്രാൻസ്, ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനോടകം തന്നെ ഫാക്ടറി ഓർഡറുകൾ നിർത്തുകയും ചെയ്തു.
ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) വക്താവിനെ ഉദ്ധരിച്ച് ഓട്ടോകാർ യു.കെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 ഡിസംബർ മാസത്തോടെ ഡിസ്‌കവറി സ്‌പോർട്ട് എസ്‌യുവിയുടെ ഉത്പാദനം പൂർണമായും അവസാനിപ്പിക്കുമെന്നും ഏതാനും മാർക്കറ്റുകളിൽ ഇതിനോടകം തന്നെ ഉത്പാദനം നിർത്തിയതായും ജെഎൽആർ വക്താവ് സ്ഥിരീകരിച്ചു. ഫ്രീലാൻഡറിന് പകരക്കാരനായി 2015-ലാണ് ഡിസ്‌കവറി സ്‌പോർട്ട് എന്ന എസ്‌യുവിയെ ലാൻഡ് റോവർ വിപണിയിൽ എത്തിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ തന്നെ ലാൻഡ് റോവറിന്റെ ടോപ്പ് സെല്ലിങ് മോഡലായി ഡിസ്‌കവറി സ്‌പോർട്ട് പേരെടുത്തിരുന്നു. വിൽപ്പന കണക്കുകൾ അനുസരിച്ച് 2016-ൽ മാത്രം ആഗോളതലത്തിൽ ഈ വാഹനത്തിന്റെ 1,22,000 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് വിവരം. 2020-ലാണ് ഈ എസ്‌യുവി ആദ്യ മുഖംമിനുക്കൽ നടത്തിയത്. ഡിസൈനിലും പ്ലാറ്റ്‌ഫോമിലും ഉൾപ്പെടെ വലിയ അഴിച്ചുപണി നടത്തിയാണ് ഇത് എത്തിയതെങ്കിലും ആദ്യം ലഭിച്ച സ്വീകാര്യത കൈവരിക്കാൻ സാധിച്ചിരുന്നില്ല.
2016-ൽ ഡിസ്‌കവറി സ്‌പോർട്ടിന് ഉണ്ടായിരുന്ന വിൽപ്പനയുടെ പത്തിലൊന്ന് പോലും 2025 ആയപ്പോഴേക്കും ഈ വാഹനത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് റിപ്പോർട്ട്. ഇതോടെ ലാൻഡ് റോവറിന്റെ വാഹന നിരയിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള വാഹനമായി ഡിസ്‌കവറി സ്‌പോർട്ട് മാറുകയായിരുന്നു. വിൽപ്പനയിൽ ഇതിന്റെ തൊട്ടുപിന്നിലാണ് ലാൻഡ് റോവറിന്റെ ഫുൾസൈസ് എസ്‌യുവി ഡിസ്‌കവറി. ഈ മോഡലും നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചനകൾ.
യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ ജനറൽ സേഫ്റ്റി റെഗുലേഷൻ 2-ലെ (ജിഎസ്ആർ2) നിർദേശങ്ങളും ഡിസ്‌കവറി സ്‌പോർട്ടിന്റെ പിൻവാങ്ങളിന് കാരണമായിട്ടുണ്ട്. നിലവിൽ ഈ വാഹനത്തിൽ നൽകിയിട്ടില്ലാത്ത കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ജിഎസ്ആർ2-ൽ ആവശ്യപ്പെടുന്നുണ്ട്. ലാൻഡ് റോവറിന്റെ മറ്റ് എസ്‌യുവി മോഡലുകൾ ജിഎസ്ആർ2 സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നതാണെങ്കിലും ഇവയിൽ പലതും ഡിസ്‌കവറി സ്‌പോർട്ടിൽ നൽകിയിട്ടില്ല.
ഇലക്ട്രിക് കരുത്തിലുള്ള റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട് എന്നിവ നിർമിക്കുന്നതിലാണ് ലാൻഡ് റോവർ ഇപ്പോൾ പൂർണമായും ശ്രദ്ധിക്കുന്നത്. ഇതിനൊപ്പം റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ തുടങ്ങിയ മോഡലുകളുടെ അപ്‌ഡേഷും സ്‌പെഷ്യൽ എഡിഷനുകളും പുറത്തിറക്കി ഈ വാഹനങ്ങൾക്ക് പരമാവധി പിന്തുണ ഉറപ്പാക്കും. ഈ വാഹനങ്ങൾക്ക് ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ടെന്നും റേഞ്ച് റോവർ മാനേജിങ് ഡയറക്ടർ മാർട്ടിൻ ലിംപെർട്ട് ഓട്ടോകാർ യുകെയോട് പറഞ്ഞു.
Content Highlights: Production of Discovery Sport ends officially in December 2026., Declining global sales compared to 2016 peak figures., Non-compliance with new GSR2 safety regulations., JLR shifting strategic focus toward electric Range Rover models., Factory orders already suspended in select European markets.