കിയ ആരാധകർ കാത്തിരുന്ന വാഹനം, കിട്ടിയത് വൻ സ്വീകാര്യത; ഒരു മാസത്തിനുള്ളിൽ വിറ്റത് 1739 സൊറെന്റോകൾ

#Auto Desk
കിയ സൊറെന്റോ | Photo: Kia Motors
കിയ സൊറെന്റോ | Photo: Kia Motors

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ വാഹന നിരയിലേക്ക് എത്തിയ ആദ്യ ഹൈബ്രിഡ് വാഹനമാണ് സൊറെന്റോ എന്ന എസ്‌യുവി. ഇന്ത്യയിലെ കിയ ആരാധകർ കാത്തിരുന്നെത്തിയ ഈ വാഹനത്തിന് ഏറ്റവും മികച്ച വരവേൽപ്പ് തന്നെയാണ് ഇന്ത്യയിലെ വാഹന വിപണി നൽകിയിരിക്കുന്നത്. അവതരിപ്പിച്ച് ഒരു മാസം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ 1739 യൂണിറ്റ് ഇന്ത്യയിൽ വിറ്റഴിക്കാൻ സാധിച്ചുവെന്നാണ് നിർമാതാക്കൾ നൽകുന്ന വിവരം.

അവതരണത്തിന് മുന്നോടിയായി കിയ മോട്ടോഴ്‌സ് ഡീലർഷിപ്പുകളിൽ എത്തിച്ച 365 യൂണിറ്റുകൾ ഉൾപ്പെടെ സൊറെന്റോയുടെ 2104 യൂണിറ്റുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ സാധിച്ചുവെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ 32,017 യൂണിറ്റിന്റെ മൊത്തവിൽപ്പനയാണ് കിയ മോട്ടോഴ്‌സിന് ലഭിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് സൊറെന്റോ സ്വന്തമാക്കിയിരിക്കുന്നത്. കിയ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.

പെട്രോൾ ഹൈബ്രിഡ്, ഡീസൽ എൻജിൻ വകഭേദങ്ങളിലാണ് കിയ സൊറെന്റോ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 27,99,000 മുതലാണ് പ്രാരംഭവില. 40,39,000 ആണ് ഏറ്റവും ഉയർന്ന വേരിയന്റായ HTA (A) Black AWD-യുടെ എക്സ്‌ഷോറൂം വില. കിയയുടെ ആദ്യ ഹൈബ്രിഡ് വാഹനവും അതിനെക്കാളുപരി മൂന്ന് നിര സീറ്റുകളുമായി എത്തുന്ന ആദ്യ ഐസ് മോഡൽ SUV-യുമാണ് സൊറെന്റോ. 6,7 സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം ലഭിക്കും.

1.6 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പമാണ് സൊറെന്റോയിലെ സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനം നൽകിയിരിക്കുന്നത്. ഇതിലെ പെട്രോൾ എൻജിൻ 180 എച്ച്.പി. പവറും 265 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 65 എച്ച്.പി. പവറും 264 എൻ.എം. ടോർക്കും നൽകും. ഡീസൽ എൻജിൻ 193 എച്ച്.പി. പവറും 442 എൻ.എം. ടോർക്കുമാണ് നൽകുന്നത്. എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ച്, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ എന്നീ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലാണ് ഈ വാഹനം എത്തുന്നത്.

കിയയുടെ ഗ്ലോബൽ N3 പ്ലാറ്റ്ഫോം ആണ് സൊറെന്റോ എസ്‌യുവിക്ക് അടിസ്ഥാനമൊരുക്കുന്നത്. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളാണ് ഈ എസ്‌യുവിയിലുള്ളത്. 10 എയർബാഗുകൾക്കൊപ്പം സെഗ്മെന്റിൽ ആദ്യമായി ADAS ലെവൽ 2 പ്ലസ് സംവിധാനവും ഇതിൽ നൽകുന്നുണ്ട്. 30 ഓട്ടോണമസ് സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. റിമോട്ട് സ്മാർട്ട് പാർക്കിങ് അസിസ്റ്റ്, പെർപ്ലെക്സിറ്റി എഐയുടെ പിന്തുണ എന്നിവയെല്ലാം ശ്രദ്ധേയമായ സവിശേഷതകളാണ്.

2023-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച സൊറെന്റോയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്നത്. കിയയുടെ മറ്റ് പല മോഡലുകളോടും ചേർന്നുനിൽക്കുന്ന തരത്തിലാണ് ഈ SUVയുടെ ഡിസൈൻ. കിയ വാഹനങ്ങളുടെ സിഗ്നേച്ചറായ ടൈഗർ നോസ് ഗ്രിൽ, വെർട്ടിക്കിളായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്ലാമ്പ്, വൈ ഷേപ്പിലുള്ള എൽഇഡി ഡിആർഎൽ, വലിയ എയർ ഇൻടേക്കുകൾ നൽകിയിട്ടുള്ള ബമ്പറും എൽഇഡി ഹെഡ്ലാമ്പും തുടങ്ങിയവ ചേർന്നതാണ് മുഖഭാവം.

ഇരട്ട നിറങ്ങളിൽ ഒരുങ്ങിയിട്ടുള്ള ഡയമണ്ട് കട്ട് അലോയി വീലുകളാണ് വശങ്ങളിലുള്ളത്. മുന്നിലെ ഫെൻഡറിലും ഡോറിലും തൊട്ടുനൽകുന്ന സാറ്റിൻ ട്രിം, ക്രോമിയം ബോർഡറുകൾ നൽകിയിട്ടുള്ള വിൻഡോ, റൂഫ് റെയിൽ എന്നിവയും വശങ്ങളുടെ ആകർഷണീയതയാണ്. എൽഇഡി ടെയ്ൽലാമ്പ്, റൂഫ് സ്‌പോയിലർ, ഡ്യുവൽ ടോൺ ബമ്പർ, കിയ ബാഡ്ജിങ് തുടങ്ങിയവയാണ് പിൻഭാഗത്തെ മനോഹരമാക്കുന്ന ഘടകങ്ങൾ. കിയ ഇന്ത്യയുടെ മറ്റ് മോഡലുകളുടെ അകത്തളവുമായി ഡിസൈൻ സാമ്യം സൊറെന്റോയുടെ ഇന്റീരിയറിലുമുണ്ട്.

Content Highlights: Kia Sorento is Kia's first hybrid vehicle in India, selling 2,104 units in its first month., Available in petrol hybrid and diesel engine variants with prices starting from Rs 27,99,000., Offers 6 and 7-seat configurations with a 1.6L turbo petrol strong hybrid system., Advanced safety features include 10 airbags and segment-first ADAS Level 2 Plus with 30 autonomous functions.