കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി, ഇതാണ് സൊറെന്റോ, ചിത്രങ്ങൾ പുറത്ത്‌; വില സെപ്റ്റംബർ നാലിന് അറിയാം

#Auto Desk
കിയ സൊറെന്റോ | Photo: Kia Motors
കിയ സൊറെന്റോ | Photo: Kia Motors

കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ വാഹന ശ്രേണിയിലേക്ക് വരവിനൊരുങ്ങിയിരിക്കുന്ന എസ്‌യുവി മോഡലായ സൊറെന്റോയുടെ ചിത്രങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തി നിർമാതാക്കൾ. സ്‌ട്രോങ് ഹൈബ്രിഡ് പവർട്രെയിനും ഓൾ വീൽ ഡ്രൈവ് സംവിധാനവും ഉൾപ്പെടെനൽകി എത്തുന്ന ഈ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി സെപ്റ്റംബർ നാലിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 25000 രൂപ അഡ്വാൻസ് തുക ഈടാക്കിയുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

കിയ ഇന്ത്യയുടെ അനന്ത്പൂരിലെ പ്ലാന്റിൽ ഓഗസ്റ്റ് 20-ന് ഈ വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായും നിർമാതാക്കൾ അറിയിച്ചു. കിയയുടെ ആദ്യ ഹൈബ്രിഡ് വാഹനവും അതിനെക്കാൾ ഉപരി മൂന്ന് നിര സീറ്റുകളുമായി എത്തുന്ന ആദ്യ ഐസ് മോഡൽ എസ്‌യുവിയുമാണ് സൊറെന്റോ. പ്രദേശികമായി വികസിപ്പിക്കുന്ന വാഹനമായതിനാൽതന്നെ മത്സരാധിഷ്ഠിതമായ വിലയിൽ ഈ വാഹനം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച സൊറെന്റോയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്നത്. കിയയുടെ മറ്റ് പല മോഡലുകളോടും ചേർന്നുനിൽക്കുന്ന തരത്തിലാണ് ഈ എസ്‌യുവിയുടെയും ഡിസൈൻ. കിയ വാഹനങ്ങളുടെ സിഗ്നേച്ചറായ ടൈഗർ നോസ് ഗ്രിൽ, വെർട്ടിക്കിളായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പ്, വൈ ഷേപ്പിലുള്ള എൽഇഡി ഡിആർഎൽ, വലിയ എയർ ഇൻടേക്കുകൾ നൽകിയിട്ടുള്ള ബമ്പറും എൽഇഡി ഫോഗ്‌ലാമ്പും ചേർന്നതാണ് മുഖഭാവം.

ഇരട്ട നിറങ്ങളിൽ ഒരുങ്ങിയിട്ടുള്ള ഡയമണ്ട് കട്ട് അലോയി വീലുകാണ് വശങ്ങളിലുള്ളത്. മുന്നിലെ ഫെൻഡറിലും ഡോറിലും തൊട്ടുനൽകുന്ന സാറ്റിൻ ട്രിം, ക്രോമിയം ബോർഡറുകൾ നൽകിയിട്ടുള്ള വിൻഡോ, റൂഫ് റെയിൽ എന്നിവയും വശങ്ങളുടെ ആകർഷണീയതാണ്. എൽഇഡി ടെയ്ൽലാമ്പ്, റൂഫ് സ്‌പോയിലർ, ഡ്യുവൽ ടോൺ ബമ്പർ, കിയ ബാഡ്ജിങ് തുടങ്ങിയവയാണ് പിൻഭാഗത്തെ മനോഹരമാക്കുന്ന ഘടകങ്ങൾ.

കിയ ഇന്ത്യയുടെ മറ്റ് മോഡലുകളുടെ അകത്തളവുമായി ഡിസൈൻ സാമ്യം സൊറെന്റോയുടെ ഇന്റീരിയറിലുമുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും ഒറ്റ പാനലിൽ വരുന്നു. 12.5 ഇഞ്ചാണ് സ്‌ക്രീനുകളുടെ വലിപ്പം. ക്ലൈമറ്റ് കൺട്രോൾ പാനലിനായി ഡാഷ്‌ബോർഡിന്റെ മധ്യഭാഗം ഉപയോഗിച്ചിട്ടുണ്ട്. വയർലെസ് ചാർജറും ഷിഫ്റ്റ് സെലക്ട് ചെയ്യുന്ന നോബും ആംറെസ്റ്റും ചേർന്നാണ് സെന്റർ കൺസോൾ പൂർണമാക്കുന്നത്. ഫോർ സ്‌പോക്ക് സ്റ്റിയറിങ് വീലും ലെതർ സീറ്റുകളും അകത്തളത്തെ പ്രീമിയമാക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിലും മറ്റ് കിയ മോഡലുകളോട് ചേർന്ന് നിൽക്കുന്ന വാഹനമാണ് സൊറെന്റോ. സുരക്ഷയ്ക്കായി അഡാസ്, മികച്ച യാത്ര ഉറപ്പാക്കാൻ വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇന്റീരിയർ റിയർവ്യൂ മിറർ, ഇലക്ട്രിക്കലി തുറക്കാവുന്ന ടെയ്ൽഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ആറ്-ഏഴ് സീറ്റിങ് ലേഔട്ട് എന്നിങ്ങനെ നീളും ഇതിലെ ഫീച്ചറുകളുടെ പട്ടിക.

രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ കിയ സൊറെന്റോ എത്തുമെന്നാണ് നിർമാതാക്കൾ ഉറപ്പാക്കുന്നത്. ഹൈബ്രിഡ് ഓൾ വീൽ ഡ്രൈവ്, ഡീസൽ എന്നിവയാണിത്. ഹൈബ്രിഡ് മോഡലിൽ 1.6 ലിറ്റർ നാല് സിലിണ്ടർ എൻജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നൽകും. ഇത് 238 എച്ച്പി പവറും 380 എൻഎം ടോർക്കുമേകും. 2.0 ലിറ്റർ ഡീസൽ എൻജിൻ 202 എച്ച്പി പവറും 441 എൻഎം ടോർക്കും നൽകും. രണ്ട് എൻജിനൊപ്പവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകുക.

Content Highlights: Kia's first hybrid and three-row ICE SUV in India, Official launch scheduled for September 4 with bookings open at Rs 25,000, Available in Strong Hybrid AWD and 2.0L Diesel engine options, Packed with ADAS, dual 12.5-inch screens, and panoramic sunroof