കിയ ക്ലിക്കായി; സെല്‍റ്റോസിന്റെ ബുക്കിങ്ങ് ഒരു ലക്ഷം കടന്നു
ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയയെ ഇന്ത്യക്ക് നാലോ അഞ്ചോ മാസത്തെ പരിചയം മാത്രമാണുള്ളത്. എന്നാല്‍, ഈ കുറഞ്ഞ കാലയളവില്‍ കിയ ഇന്ത്യന്‍ നിരത്തുമായി വളരെ അധികം ഇണങ്ങി കഴിഞ്ഞു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കിയയുടെ ആദ്യ വാഹനമായ സെല്‍റ്റോസിന്റെ ബുക്കിങ്ങ് ഒരു ലക്ഷം കടന്നിരിക്കുന്നുവെന്ന വാര്‍ത്ത.
2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് ഇന്ത്യയിലിറങ്ങി തുടങ്ങിയത്. ഈ അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് സെല്‍റ്റോസ്. ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് ഇതോടെ സെല്‍റ്റോസ് തകര്‍ത്തിരിക്കുന്നത്.
സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX+ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും HTX 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുമാണ് ഏറ്റവുമധികം ആളുകള്‍ ബുക്കുചെയ്തിരിക്കുന്നത്. ഇതിലെ പെട്രോള്‍ വേരിയന്റില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഡീസല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുമാണ് ഉയര്‍ന്ന ഡിമാന്റുള്ളത്. മൂന്ന് മാസമാണ് നിലവിലെ വെയിറ്റിംങ് പീരിയഡ്.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും. രാജ്യത്ത് ബിഎസ്-6 എന്‍ജിന്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനില്‍ എത്തിയെന്നതും കിയയുടെ പ്രത്യേകതയായണ്.
1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് നിരത്തിലെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്.
Source: NDTV Car and Bike
Content Highlights: Kia Seltos Booking Cross One Lakh In Five Months
Content Highlights: