ക്ലാവിസ് എന്ന പേര് സ്വന്തമാക്കി കിയ മോട്ടോഴ്‌സ്; എത്തുന്നത് എക്‌സ്റ്ററിനും പഞ്ചിനുമുള്ള എതിരാളി...?

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായാണ് ഇന്ത്യയെ പരിഗണിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച വില്‍പ്പന നേട്ടം തന്നെയാണ് ഇതിനുകാരണം. സെല്‍റ്റോസ് തുടങ്ങി കാരന്‍സ് വരെയുള്ള വാഹനങ്ങള്‍ കിയ മോട്ടോഴ്‌സിന് ഇന്ത്യയില്‍ ശക്തമായ വേരോട്ടമാണുണ്ടാക്കിയത്. അവതരിപ്പിച്ച സമയം ശരിയാകാത്തതിനാല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത കാര്‍ണിവല്‍ മാത്രമാണ് നേട്ടങ്ങള്‍ക്ക് അപവാദം.
സെല്‍റ്റോസ്, സോണറ്റ്, കാരന്‍സ് തുടങ്ങിയ മോഡലുകള്‍ മാത്രമുള്ള കിയ മോട്ടോഴ്‌സ് വാഹനനിര കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നീക്കങ്ങളിലാണ്. മിഡ്-സൈസ്, കോംപാക്ട് തുടങ്ങിയ എസ്.യു.വികള്‍ എത്തിച്ചിട്ടുള്ള കിയ മോട്ടോഴ്‌സ് മൈക്രോ എസ്.യു.വി. ശ്രേണിയിലേക്കും ചുവടുവയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ക്ലാവിസ് എന്ന പേരിന് പകര്‍പ്പവകാശം സ്വന്തമാക്കിയതായാണ് വിവരം. ഹ്യുണ്ടായി എക്സ്റ്റര്‍, ടാറ്റ പഞ്ച് എന്നീ വാഹനങ്ങളുമായി ഏറ്റുമുട്ടുന്നതിനായായിരിക്കും ക്ലാവിസ് എത്തുകയെന്നാണ് വിലയിരുത്തലുകള്‍.
പേരിനുള്ള പകര്‍പ്പവകാശം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഈ വാഹനം 2025-ഓടെ മാത്രമേ വിപണിയില്‍ എത്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതലമുറ കാര്‍ണിവല്‍, ഇലക്ട്രിക് എസ്.യു.വിയായ ഇ.വി.9 തുടങ്ങിയ മോഡലുകള്‍ 2024-ല്‍ അവതരിപ്പിക്കാനൊരുങ്ങുന്നതിനാലാണ് ക്ലാവിസിന്റെ വരവ് 2025-ഓടെ മാത്രമേ ഉണ്ടാവുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹ്യുണ്ടായിയില്‍ നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ എക്സ്റ്റര്‍ മോഡലുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിടുന്ന വാഹനമായിരിക്കും ക്ലാവിസ് എന്ന മൈക്രോ എസ്.യു.വിയുമെന്നാണ് വിവരം.
ഹാച്ച്ബാക്കുകളുടെ വിലയില്‍ ലഭിക്കുന്ന എസ്.യു.വിയായതിനാല്‍ തന്നെ വിപണിയില്‍ വലിയ സ്വീകാര്യതയാണ് മൈക്രോ എസ്.യു.വി. ശ്രേണിയിലെ വാഹനങ്ങള്‍ക്ക് ലഭിക്കുന്നത്. നിലവില്‍ ടാറ്റയുടെ പഞ്ചും ഹ്യുണ്ടായിയുടെ എക്സ്റ്ററും മാത്രമാണ് ഈ സെഗ്മെന്റില്‍ എത്തിയിട്ടുള്ളത്. കൂടുതല്‍ മോഡലുകള്‍ ഈ ശ്രേണിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ക്ലാവിസ് എന്ന വാഹനത്തെ കുറിച്ചും ഇത് ഏത് ശ്രേണിയിലേക്ക് ആയിരിക്കും പരിഗണിക്കുന്നതെന്നും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും കിയ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല.
ഡിസംബര്‍ 14-ാം തിയതിയാണ് കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ഒടുവിലെ ലോഞ്ചായി സോണറ്റിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയില്‍ എത്തിയത്. 70-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളും അഡാസില്‍ അധിഷ്ഠിതമായ പത്ത് ഫീച്ചറുകള്‍ ഉള്‍പ്പെടെ 25 സുരക്ഷ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ ബുക്കിങ്ങ് ആരംഭിക്കുമെങ്കിലും പുതിയ സോണറ്റിന്റെ വില നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. പുതുവര്‍ഷത്തിലായിരിക്കും സോണറ്റ് നിരത്തുകളില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: MotorBeam
Content Highlights: Kia motors trade marked the name Clavis, the name to be used for micro suv, Kia Clavis