കേരളം ബെന്‍സിന്റെ വിളനിലം, ഇലക്ട്രിക്കിനും ഡിമാന്റ്; അനുകൂല വിപണിയെന്ന് ബെന്‍സ് മേധാവി

Photo: Mercedes India
Photo: Mercedes India

കേരളം മെഴ്സിഡസ് ബെന്‍സിന്റെ ഏറ്റവും വളര്‍ച്ചയുള്ള വിപണിയാണെന്നും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സന്തോഷ് അയ്യര്‍ ചൂണ്ടിക്കാട്ടി. 

മെഴ്സിഡസ് ബെന്‍സ്, ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജുമായി സഹകരിച്ചു നടത്തുന്ന ഒരു വര്‍ഷത്തെ മെക്കാട്രോണിക്‌സ് അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിന്റെ പത്താം വര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ബെന്‍സിന്റെ കേരളത്തിലെ സാധ്യതകള്‍ വിശദീകരിച്ചത്.

കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം പത്തുശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ കേരളത്തില്‍ ബെന്‍സിന്റെ വളര്‍ച്ച 18 ശതമാനമായിരുന്നു. ബെന്‍സ് രാജ്യത്ത് വില്‍ക്കുന്ന കാറുകളില്‍ അഞ്ചു ശതമാനം കേരളത്തിലാണ്.

കേരളത്തിനു പുറത്ത് ഇലക്ട്രിക് വാഹനങ്ങളോട് വലിയ താത്പര്യം ഉപഭോക്താക്കള്‍ കാട്ടിത്തുടങ്ങിയിട്ടില്ല. എന്നാല്‍, കേരളത്തിലെ അനുഭവം മറിച്ചാണ്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബെന്‍സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമായതിനാലാകാം സ്വീകാര്യത ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുന്ന ഓണക്കാലത്തോടെ തിരുവനന്തപുരത്തും കോട്ടയത്തും പുതിയ ഡീലര്‍മാര്‍ വരുന്നതിനൊപ്പം സര്‍വീസ് സെന്ററുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും സന്തോഷ് അയ്യര്‍ അറിയിച്ചു. ചെലവു കുറഞ്ഞ വാഹനം എന്നതിനെക്കാളുപരി ആഡംബരസൗകര്യങ്ങളുള്ള വാഹനങ്ങള്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ ലഭ്യമാക്കുകയെന്നതാണ് ബെന്‍സ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Highlights: Kerala is one of the best market for Mercedes Benz says MD and CEO Santhosh Iyer