ജെ.എസ്.ഡബ്ല്യു. വാഹനങ്ങളിലേക്കുള്ള ലോഗോയുമെത്തി; ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കൾ ഇനി വിപണിയിലേക്ക്

ഇന്ത്യയുടെ ആഭ്യന്തര വാഹന നിർമാതാക്കൾക്കിടയിലേക്ക് ഏറ്റവും ഒടുവിലായി എത്തുന്ന കമ്പനിയാണ് ജെ.എസ്.ഡബ്ല്യു മോട്ടോഴ്സ്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ആദ്യ സ്വതന്ത്ര വാഹന ബ്രാൻഡായി ഒരുങ്ങിയിരിക്കുന്ന ഈ കമ്പനിയുടെ ലോഗോ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ന്യൂ എനർജി വെഹിക്കിൾ വിഭാഗമായാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്സ് എന്ന കമ്പനി എത്തുന്നത്.
ആദ്യ ഉത്പന്നം മുതൽ കമ്പനിയുടെ ഭാവി മൊബിലിറ്റിയെ കുറിച്ചുള്ള കാഴ്ചപ്പാടുവരെ ഉൾക്കൊള്ളുന്ന തരത്തിലാണ് ലോഗോയുടെ രൂപകൽപ്പനയെന്നാണ് ജെ.എസ്.ഡബ്ല്യു അറിയിച്ചിരിക്കുന്നത്. മികച്ച ഒരു ആനിമേഷൻ വീഡിയോയുടെ സഹായത്തോടെയാണ് ലോഗോ പ്രകാശനം ചെയ്തിരിക്കുന്നത്. വീഡിയോയിൽ നൽകിയിട്ടുള്ളതിന് വിപരീതമായി ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലാണ് ലോഗോ നൽകുക. ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ലോഗോയുമായി സമാനതകളും ഇതിൽ കാണാനാകും.
ഡിസംബർ മൂന്നിനാണ് ജെ.എസ്.ഡബ്ല്യുവിന്റെ ആദ്യ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ എന്നാണ് വിശദീകരണം. രണ്ട് കേന്ദ്രങ്ങളെ ഒരു വൃത്തത്തിനുള്ളിൽ ഒന്നിപ്പിക്കുന്നതാണ് ലോഗോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. പാരമ്പര്യത്തെയും പുരോഗതിയെയും, സാങ്കേതികവിദ്യയെയും ഈ ലോഗോ പ്രതിനിധീകരിക്കുമെന്നാണ് ജെ.എസ്.ഡബ്ല്യു അവകാശപ്പെടുന്നത്.
എംജി മോട്ടോഴ്സുമായുള്ള സഹകരണത്തിലൂടെയാണ് ഇന്ത്യയിലെ വ്യവസായ ഭീമന്മാരായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് വാഹന വ്യവസായത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഇരുകമ്പനികളും കൈകോർത്തതിനുശേഷം വിപണിയിൽ എത്തിയിട്ടുള്ള എല്ലാ മോഡലുകളും വൻവിജയം കൊയ്തവയുമാണ്. വാഹന വ്യവസായവും വഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച ജെഎസ്ഡബ്ല്യു ഗ്രൂപ്പ് സ്വതന്ത്ര വാഹന നിർമാതാവാകാനൊരുങ്ങുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്സ് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചത്. ജെഎസ്ഡബ്ല്യു മോട്ടോർസ് ഇന്ത്യ എന്ന പേരിലാണ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ വാഹനമായ കോംബാറ്റ് എസ്യുവിയുടെ സവിശേഷതകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ജെറ്റോർ പുറത്തിറക്കിയിട്ടുള്ള ടി 2 എന്ന എസ്യുവിയാണ് ജെഎസ്ഡബ്ല്യുവിന്റെ മേൽവിലാസം സ്വീകരിച്ച് ഇന്ത്യയിൽ കോംബാറ്റായി എത്തുന്നത്.
അഞ്ച് സീറ്റർ എസ്യുവിയായാണ് കോംബാറ്റ് എത്തുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായ ഈ വാഹനം, ഇന്ത്യയിലെ ഫൈവ് സീറ്റർ എസ്യുവികളിലെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പായിരിക്കും. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറും 18.4 കിലോ വാട്ട് ബാറ്ററി പാക്കും ചേർന്നതാണ് ഈ വാഹനത്തിന്റെ മെക്കാനിക്കൽ സംവിധാനം. വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള ജെറ്റോർ ടി 2 മോഡലിൽ 360 എച്ച്.പി. പവറും 610 എൻ.എം. ടോർക്കുമാണ് സംയോജിതമായി ഉത്പാദിപ്പിക്കുന്നത്. മൂന്ന് സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.
Content Highlights: JSW Group's independent automotive brand JSW Motors revealed its official logo., The first vehicle, the JSW Combat 5-seater plug-in hybrid SUV, is set to be introduced soon., The Combat SUV features a 1.5-litre turbo petrol engine, dual electric motors, and an 18.4 kWh battery pack., The brand aims to focus on the New Energy Vehicle (NEV) segment in India.