ആ ചെക്ക് കമ്പനിയും ഇന്ത്യയുടേതാകുമോ! സ്‌കോഡയെ ഏറ്റെടുക്കാനുള്ള നീക്കവുമായി ജെ.എസ്.ഡബ്ല്യു.

#Auto Desk

മുംബൈ: ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപകമ്പനിയിൽ നിക്ഷേപത്തിനൊരുങ്ങി ജെ.എസ്.ഡബ്ല്യു. ഫോക്‌സ് വാഗൻ ഇന്ത്യയുടെ ഭാഗമായ സ്‌കോഡ ഓട്ടോയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനാണ് ചർച്ചകൾ നടക്കുന്നത്. ഇത് അന്തിമഘട്ടത്തിലെത്തിയെങ്കിലും മൂല്യനിർണയമുൾപ്പെടെ പല കാര്യങ്ങളിലും ധാരണയാകാനുണ്ടെന്നാണ് അറിയുന്നത്.

ഇന്ത്യയിൽനിന്നു പങ്കാളികളെ കണ്ടെത്തി പുതിയ മൂലധനനിക്ഷേപം കൊണ്ടുവരുന്നതിനും പ്രാദേശിക വിപണിയിൽ കൂടുതൽ സാന്നിധ്യമുറപ്പിക്കുന്നതിനുമാണ് ഫോക്‌സ് വാഗൺ ഇതിലൂടെ ശ്രമിക്കുന്നത്.

ഇന്ത്യയിൽ വിപണി വിപുലമാക്കാൻ പല സാധ്യതകളും പരിശോധിക്കുന്നതായി ഫോക്‌സ് വാഗൺ ഗ്രൂപ്പ് വക്താവ് പറഞ്ഞു. അതേസമയം, ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പുമായുള്ള ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ഇന്ത്യയിൽ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ ഫോക്‌സ് വാഗൺ ഏറെനാളായി ശ്രമം നടത്തുന്നുണ്ട്. ആഗോളതലത്തിൽ മുൻനിര വാഹന നിർമാതാക്കളായിട്ടും ലോകത്തെ മൂന്നാമത്തെ വലിയ കാർവിപണിയായ ഇന്ത്യയിൽ ഫോക്‌സ് വാഗണ് നാമമാത്രമായ വിഹിതമാണുള്ളത്.

രണ്ടുദശാബ്ദത്തിലായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇവിടെ 2.5 ശതമാനംമാത്രമാണ് വിപണിവിഹിതം. ഈ സാഹചര്യത്തിലാണ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പുമായുള്ള പങ്കാളിത്ത ചർച്ചകൾ നടക്കുന്നത്. 2030-ഓടെ വിപണിവിഹിതം അഞ്ചുശതമാനത്തിലെത്തിക്കാനാണ് പദ്ധതി.

Content Highlights: JSW Group negotiating a majority stake in Skoda Auto India., Volkswagen aims to increase its Indian market share from 2.5% to 5% by 2030., Strategic move to localize operations and boost capital investment., Ongoing efforts by VW to find suitable local partners in India.