കോംബാറ്റ് എസ്യുവി തുടക്കം മാത്രം, പിന്നാലെ എത്തുന്നത് വമ്പൻമാർ; ഇന്ത്യൻ വാഹന വിപണി ഭരിക്കാൻ JSW

ജെ.എസ്.ഡബ്ല്യു. മോട്ടോഴ്സിന്റെ ആദ്യവാഹനം ഇന്ത്യയിലെത്താൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കോംബാറ്റ് എന്ന പേരിൽ എത്തുന്ന ഈ വാഹനം ജെറ്റോർ ടി 2 എന്ന മോഡലിന്റെ ജെ.എസ്.ഡബ്ല്യു പതിപ്പാണെന്നതും വ്യക്തമാണ്. എന്നാൽ, കോംബാറ്റിന് പിന്നാലെ ഒന്നിന് പുറകെ മറ്റൊന്ന് എന്ന തരത്തിൽ ജെ.എസ്.ഡബ്ല്യുവിന്റെ ഒട്ടേറെ വാഹനങ്ങൾ വരവിന് ഒരുങ്ങുന്നുവെന്നാണ് സൂചന.
ചൈനീസ് വാഹന നിർമാതാക്കളായ ചെറി മോട്ടോഴ്സിന്റെ സബ് ബ്രാൻഡാണ് ജെറ്റോർ. ജെ.എസ്.ഡബ്ല്യുവിന്റെ ആദ്യവാഹനം ജെറ്റോറിന്റെ ടി 2 ആണെങ്കിൽ രണ്ടാമത്തെ വാഹനവും ചെറി കുടുംബത്തിൽനിന്ന് തന്നെയായിരിക്കാനാണ്എല്ലാ സാധ്യതയും. ചെറി മോട്ടോഴ്സിന്റെ മറ്റൊരു സബ് ബ്രാൻഡായ ജെയ്കൂവിന്റെ J5 എന്ന എസ്യുവിയായിരിക്കും ജെ.എസ്.ഡബ്ല്യുവിന്റെ മേൽവിലാസം സ്വീകരിക്കുന്ന രണ്ടാമത്തെ മോഡൽ എന്നാണ് അഭ്യൂഹങ്ങൾ.
മൂടിക്കെട്ടലുകൾ ഇല്ലാതെ ഇന്ത്യൻ നിരത്തുകളിൽ ജെയ്കൂ J5 പരീക്ഷണയോട്ടം ആരംഭിച്ചതാണ് ഈ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിൽ ജെയ്കൂ പുറത്തിറക്കിയിട്ടുള്ള വാഹനമാണ് J5. ന്യൂ എനർജി വാഹന നിർമാതാക്കൾ എന്ന ഖ്യാതി സ്വയം എടുത്തണിഞ്ഞിട്ടുള്ളതിനാൽ തന്നെ ഇതിന്റെ ഹൈബ്രിഡ്-ഇലക്ട്രിക് പതിപ്പുകൾ ജെഎസ്ഡബ്ല്യു ബാഡ്ജിങ്ങിൽ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെയ്കൂ J5 സ്ട്രോങ് ഹൈബ്രിഡ് മോഡലിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഇതിനൊപ്പം 1.83 കിലോവാട്ട് ബാറ്ററിയും ഒരു ഇലക്ട്രിക് മോട്ടോറും നൽകുന്നുണ്ട്. 224 എച്ച്പി പവറും 295 എൻഎം ടോർക്കുമാണ് എൻജിനും മോട്ടോറും കൂടി ഉത്പാദിപ്പിക്കുന്ന കരുത്ത്. 18.9 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിർമാതാക്കൾ ഉറപ്പുനൽകുന്നത്. 7.9 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.
ജെയ്കൂ J5 നോൺ ഹൈബ്രിഡ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ഇതിലും 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. 156 എച്ച്.പി. പവറും 275 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. സി.വി.ടി., ഏഴ് സ്പീഡ് ഡി.സി.ടി. എന്നീ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ഈ വാഹനം എത്തുന്നുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 10.2 സെക്കൻഡ് സമയമാണ് ഈ വാഹനത്തിന് വേണ്ടത്.
വിദേശ വിപണികളിൽ J5 ഇലക്ട്രിക് പതിപ്പും എത്തുന്നുണ്ട്. 60.9 കിലോവാട്ട് ബാറ്ററി പാക്കാണ് ഇലക്ട്രിക് പതിപ്പിൽ നൽകിയിരിക്കുന്നത്. മുന്നിലെ ആക്സിലിൽ നൽകിയിട്ടുള്ള മോട്ടോർ 210 എച്ച്.പി. പവറും 288 എൻ.എം. ടോർക്കുമാണ് നൽകുന്നത്. ഒറ്റത്തവണ ചാർജിങ്ങിലൂടെ 461 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കളുടെ ഉറപ്പ്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിൽ 7.3 സെക്കൻഡിൽ എത്താൻ ഈ വാഹനത്തിന് കഴിയും.
Content Highlights: JSW Motors is launching its first vehicle, the Combat SUV, based on Jetour T2., The second JSW model is expected to be the Jaecoo J5 from Chery's sub-brand., Jaecoo J5 will likely feature hybrid, electric, and non-hybrid powertrain options., The strong hybrid variant delivers 224 HP and an efficiency of 18.9 kmpl.