പിതാവിന്റെ പിറന്നാളിന് മഹീന്ദ്രയുടെ എസ്.യു.വി. സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ജോണ്‍ എബ്രഹാം | Video

ജോണ്‍ എബ്രഹാം പുതിയ മഹീന്ദ്ര 3XO എസ്.യു.വിക്കൊപ്പം | Photo: Mahindra, ANI Photo
ജോണ്‍ എബ്രഹാം പുതിയ മഹീന്ദ്ര 3XO എസ്.യു.വിക്കൊപ്പം | Photo: Mahindra, ANI Photo

മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പ് അവതരിപ്പിക്കാന്‍ എത്തിയത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജോണ്‍ എബ്രഹാമായിരുന്നു. ഒരു തികഞ്ഞ വാഹനപ്രേമിയെ പോലെ ഥാര്‍ റോക്‌സിന്റെ എല്ലാ സവിശേഷതകളും അദ്ദേഹം ചോദിച്ചറിഞ്ഞെങ്കിലും ഗ്യാരേജില്‍ എത്തിച്ച വാഹനം മഹീന്ദ്രയുടെ തന്നെ കോംപാക്ട് എസ്.യു.വി. മോഡലായ 3XO ആണ്. എന്നാല്‍, പിതാവിന് പിറന്നാള്‍ സമ്മാനമായി നല്‍കാനാണ് ജോണ്‍ എബ്രഹാം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എപ്പോഴും തന്റെ ഹീറോ ആയിട്ടുള്ള വ്യക്തിക്കുള്ള സമ്മാനം, പിതാവിനുള്ള സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം എന്ന കുറിപ്പോടെയാണ് മഹീന്ദ്ര ജോണ്‍ എബ്രഹാമിന് വാഹനം സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ പിതാവിന്റെ പിറന്നാളിന് എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്നാണ് ജോണ്‍ എബ്രഹാം അഭിപ്രായപ്പെടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറുപ്പ് നിറത്തിലുള്ള കാറാണ് എനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മഹീന്ദ്ര XUV300-യുടെ പകരക്കാരനായി 3XO എത്തിയത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലായി ഒമ്പത് വേരിയന്റുകളിലായാണ് മഹീന്ദ്ര ഈ കോംപാക്ട് എസ്.യു.വി. എത്തിച്ചിരിക്കുന്നത്. എക്സ്.യു.വി. 3XO ഡീസല്‍ പതിപ്പിന് 9.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 7.49 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. അഡാസ് ലെവല്‍-2 സംവിധാനം ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്.യു.വിയാണ് 3XO.

രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറും 200 എന്‍.എം.ടോര്‍ക്കും, 1.2 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിന്‍ 130 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

മഹീന്ദ്ര 3XO ഞാന്‍ ഓടിച്ചുനോക്കിയെന്നും ഈ വാഹനത്തിന്റെ ടര്‍ബോ എന്‍ജിന്‍ എന്നെ ഞെട്ടിച്ചുവെന്നുമാണ് ജോണ്‍ വീഡിയോയില്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ വലിയ ആരാധാകനാണ് ജോണ്‍ എബ്രഹാം. 20-ന് മുകളില്‍ സൂപ്പര്‍ ബൈക്കുകളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. സൂപ്പര്‍ ബൈക്കുകള്‍ക്ക് പുറമെ, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, നിസാന്‍ ജി.ടി.ആര്‍, പോര്‍ഷെ കയേന്‍ ടര്‍ബോ തുടങ്ങി നിരവധി സൂപ്പര്‍ കാറുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: John Abraham gifts mahindra XUV3XO to his Father as surprise birthday present