ജീപ്പ് 526: ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരു ജീപ്പ് കോംപാക്ട് എസ്.യു.വി.

കോംപസ് എന്ന എസ്.യു.വി.യിലൂടെ ഇന്ത്യൻ നിരത്തുകളിലേക്ക് വമ്പൻ തിരിച്ചുവരവാണ് ജീപ്പ് നടത്തിയത്. ഇതിനുപിന്നാലെ റാങ്ക്ലർ ഉൾപ്പെടെയുള്ള മോഡലുകൾ എത്തിച്ച നിർമാതാക്കൾ, ഇന്ത്യയിലെ ഏറ്റവും ശക്തമായ കോംപാക്ട് എസ്.യു.വി. നിരയിലേക്കും ചുവടുവയ്ക്കുന്നു. ജീപ്പ് 526 എന്ന കോഡ്നമ്പറിൽ നിർമിക്കുന്ന കോംപാക്ട് എസ്.യു.വി.യിലൂടെയായിരിക്കും ഈ ശ്രേണിയിലെത്തുന്നത്.
ജീപ്പിന്റെ മേൽവിലാസത്തിൽ ഇന്ത്യയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ മോഡലായായിരിക്കും ഈ കോംപാക്ട് എസ്.യു.വി. ജീപ്പിൽ നിന്ന് പുറത്തിറങ്ങുന്ന റെനഗേഡ് എസ്.യു.വി.യുടെ തൊട്ടുതാഴെയായിരിക്കും ഈ കോംപാക്ട് എസ്.യു.വി.യുടെ സ്ഥാനം. ഇന്ത്യക്ക് പുറമെ, ജീപ്പിന് ഏറെ വേരോട്ടമുള്ള ബ്രസീലിയൻ വിപണിയിലും ജീപ്പ് 526 കോംപാക്ട് എസ്.യു.വി.യെ പ്രതീക്ഷിക്കാമെന്നാണ് സൂചന.
ജീപ്പിന്റെ കോംപസ്, ചെറോക്കി മോഡലുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഡിസൈനായിരിക്കും ജീപ്പ് 524 കോംപാക്ട് എസ്.യു.വി.ക്കും. കോംപാക്ട് എസ്.യു.വി.കൾക്കായി ഗ്രൂപ്പ് പിഎസ്എ ഒരുക്കുന്ന കോമൺ മോഡുലാർ പ്ലാറ്റ്ഫോമായിരിക്കും ജീപ്പ് 526-ന് അടിസ്ഥാനമൊരുക്കുക. അതേസമയം, ഫിയറ്റ് പാണ്ടയുടെ പ്ലാറ്റ്ഫോമായിരിക്കും അടിസ്ഥാനമെന്നും അഭ്യൂഹങ്ങളുണ്ട്.
കോംപാക്ട് എസ്.യു.വി., ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിനായി ജീപ്പിന്റെ മാതൃസ്ഥാപനമായ എഫ്സിഎയും ഗ്രൂപ്പ് പിഎസ്എയും അടുത്തിടെ കരാറിലെത്തിയിരുന്നു. ഈ കൂട്ടുകെട്ടിലൊരുക്കുന്ന പ്ലാറ്റ്ഫോമിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പിഎസ്എയുടെ മൂന്ന് മോഡലുകളാണ് ഇന്ത്യക്കായി ഒരുങ്ങുന്നത്.
130 ബിഎച്ച്പി, 150 ബിഎച്ച്പി പവറുകൾ ഉത്‌പാദിപ്പിക്കുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും ജീപ്പ് കോംപാക്ട് എസ്.യു.വി.ക്ക് കരുത്തേകുക. വിപണിയിലെ സാധ്യതകൾ പഠിച്ചശേഷം ഇതിന്റെ ഡീസൽ മോഡൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.10 ലക്ഷം രൂപയിൽ താഴെയായിരിക്കും ജീപ്പ് 526-ന്റെ അടിസ്ഥാന വിലയെന്നും സൂചനയുണ്ട്.
Article & Image Source: Motor1.com
Content Highlights:Jeep Is Planning To Develop A Compact SUV For India
Content Highlights: