ദി ഒറിജിനല്‍സ്; മഹീന്ദ്രയുടെ പുതുതലമുറ ഥാറിനെ ലക്ഷ്യംവെച്ച്‌ ജീപ്പ് ഇന്ത്യയുടെ വീഡിയോ

വീഡിയോയില്‍നിന്ന്‌ | Screengrab|Jeep India
വീഡിയോയില്‍നിന്ന്‌ | Screengrab|Jeep India

മഹീന്ദ്ര പുറത്തിറക്കുന്ന പുതുതലമുറ ഥാറിന്റെ ഡിസൈനെ വാഹനപ്രേമികള്‍ വാനോളം പുകഴ്ത്തുകയാണ്. ജീപ്പ് റാങ്ക്‌ളറിനെ വെല്ലുന്ന സൗന്ദര്യമാണ് ഥാറിനെന്നാണ് ഈ വാഹനത്തിന്റെ ആരാധകരുടെ പക്ഷം. ഇതോടെ മഹീന്ദ്രയെ പരോക്ഷമായി വിമര്‍ശിച്ചും പുതിയ ഥാറിനെ ട്രോളുകയും ചെയ്യുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ് ഇന്ത്യ.

സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി, പിരമിഡ്, ഐഫല്‍ ടവര്‍, താജ് മഹല്‍, ഗാന്ധി പ്രതിമ തുടങ്ങിയവയുടെ ചിത്രങ്ങള്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഒറിജിനലുകള്‍ അനുയായികളല്ല, അവയെ അനുകരിക്കാം അല്ലാതെ കോപ്പിയടിക്കരുതെന്നുമാണ് വീഡിയോയില്‍ പറയുന്നത്. വില്ലീസ് ജീപ്പിന്റെ ചിത്രവും ഈ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതിയ ഥാര്‍ നിരത്തുകളിലെത്താനൊരുങ്ങുന്നത്. റാങ്ക്‌ളറിനോട് സാമ്യമുള്ള ഡിസൈന്‍ ശൈലിയിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മഹീന്ദ്ര അമേരിക്കയില്‍ അവതരിപ്പിച്ച റോക്‌സര്‍ എന്ന ഓഫ് റോഡ് വാഹനം ജീപ്പിന്റെ ഡിസൈനിലാണ് ഒരുങ്ങിയിട്ടുള്ളതെന്ന് കാണിച്ച് എഫ്.സി.എ നിയമ നടപടി സ്വീകരിച്ചിരുന്നു.

നിരത്തുകള്‍ക്കും ഓഫ് റോഡുകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായാണ് മഹീന്ദ്ര ഥാര്‍ നിരത്തുകളിലെത്തുന്നത്. മികച്ച ഡിസൈന്‍ ശൈലിക്കും സ്‌റ്റൈലിനുമൊപ്പം ഹാര്‍ഡ് ടോപ്പ് ഉള്‍പ്പെടെ നിരവധി പ്രീമിയം ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഥാറിന്റെ രണ്ടാം വരവ്. പെട്രോള്‍ എന്‍ജിനിലെത്തുന്നത് ഈ തലമുറയിലെ ഹൈലൈറ്റാണ്. 

2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, പെട്രോള്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Jeep Inida Releases A Video To Troll Mahindra Thar

Content Highlights: