ജഗ്വാറിന്റെ പുതിയ ഓൾ-ഇലക്ട്രിക് കാർ 'ടൈപ്പ് 01' പുറത്തിറങ്ങി

പ്രശസ്ത ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമാതാക്കളായ ജഗ്വാർ പുതിയ ഓൾ-ഇലക്ട്രിക് വാഹനമായ Type 01 പുറത്തിറക്കി. ന്യൂയോർക്ക് സിറ്റിയിൽ നടന്ന ചടങ്ങിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാർ, തങ്ങൾ ഇതുവരെ നിർമിച്ചതിൽ സാങ്കേതികവിദ്യയിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നതും ശക്തവും എയറോഡൈനാമിക്കായതുമായ വാഹനമാണിതെന്ന് അവകാശപ്പെടുന്നു.
നാല് ഡോറുകളോടു കൂടിയ ഈ "ഗ്രാൻഡ് ടൂറർ" മോഡലിന് അൾട്രാ-ലോംഗ് ബോണറ്റ്, താഴ്ന്ന റൂഫ്‌ലൈൻ, ഫ്രെയിംലെസ്സ് ഡോറുകൾ എന്നിവയുണ്ട്. പിൻവശത്തെ വിൻഡോയ്ക്ക് പകരം ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 450 മൈൽ വരെ റെയ്ഞ്ച് ലഭിക്കുന്ന ഈ വാഹനം 3.2 സെക്കൻഡിൽ 0 മുതൽ 62 മൈൽ വരെ വേഗത കൈവരിക്കും.
യുകെയിൽ 1,30,000 പൗണ്ടും, വടക്കേ അമേരിക്കയിൽ കുറഞ്ഞത് 1,30,000 ഡോളറുമാണ് (1.25 കോടിയിലേറെ രൂപ) ടൈപ്പ് 01-ന്റെ ആരംഭവില. ഇത് കമ്പനിയുടെ മുൻകാല മോഡലുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
പൂർണ്ണമായും ഇലക്ട്രിക് ബ്രാൻഡായി മാറുന്നതിന്റെ ഭാഗമായി 2024 നവംബറിൽ കമ്പനി നടത്തിയ പരസ്യ പ്രചാരണം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ജഗ്വാറിന്റെ പുതിയ പരസ്യചിത്രത്തിൽ ഒരു വാഹനംപോലും കാണിച്ചിരുന്നില്ല. "കാറില്ലാത്ത കാർ പരസ്യം" എന്ന നിലയിൽ ഇത് വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായി. ഇലോൺ മസ്കിനെ പോലുള്ളവരും കമ്പനിയെ കളിയാക്കി രംഗത്തുവന്നിരുന്നു. ഈ വിവാദപരമായ റീബ്രാൻഡിംഗിന് ശേഷമാണ് പുതിയ മോഡൽ വിപണിയിലെത്തുന്നത്.
Content Highlights: Jaguar has officially unveiled its powerful new all-electric Grand Tourer, the Type 01, in New York, featuring a 450-mile range, cutting-edge aerodynamic design, and a starting price of £130,000 following the brand's controversial recent overhaul.