മെയ്ഡ് ഇന്‍ ഇന്ത്യ ബൈ ടാറ്റ; രാഷ്ട്രപതി ഭവനിലേക്ക് പുതിയ 8 ഇലക്ട്രിക് കാറുകള്‍; കര്‍വും ടിയാഗോയും

മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സുപ്രധാന ആശയമാണ്. ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറുകയാണ്. അതിന്റെ തുടര്‍ച്ചയായി രാഷ്ട്രപതി ഭവനിലേക്ക് പുതുതായി വാങ്ങിയ കാറുകളെല്ലാം ഇ.വിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ കര്‍വ് ഇവി, ടിയാഗോ ഇവി മോഡലുകളാണ് രാഷ്ട്രപതി ഭവനിലെത്തിയത്.
രാഷ്ട്രപതി ഭവനിലെ ഉപയോഗത്തിന് എത്തിയ വാഹനങ്ങളാണിവയെന്നാണ് റിപ്പോര്‍ട്ട്. കൂപ്പെ എസ്‌യുവി മോഡലായ കര്‍വിന്റെ നാല് യൂണിറ്റും ഹാച്ച്ഹാക്ക് മോഡലായ ടിയാഗോയുടെ നാല് യൂണിറ്റുമാണ് രാഷ്ട്രപതി ഭവനില്‍ എത്തിയത്. ഈ വാഹനങ്ങള്‍ രാഷ്ട്രപതി ഭവന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളും ടാറ്റ മോട്ടോഴ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്.
കര്‍വിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡലാണ് രാഷ്ട്രപതി ഭവന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ക്രിയേറ്റീവ്, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ് പ്ലസ് എസ്, എംപവേര്‍ഡ് പ്ലസ്, എംപവേര്‍ഡ് പ്ലസ് എ എന്നീ വേരിയന്റുകളിലാണ് റെഗുലര്‍ കര്‍വ് ഇവി എത്തുന്നത്. എന്നാല്‍, എംപവേര്‍ഡ് പ്ലസ് എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് ഡാര്‍ക്ക് എഡിഷന്‍ കര്‍വ് ഇവി എത്തുന്നത്. കര്‍വ് ഇ.വി. 45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 17.49 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയും 55 കിലോവാട്ട് ഓപ്ഷന് 19.25 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും ലോങ് റേഞ്ച് പതിപ്പില്‍ നല്‍കിയിട്ടുള്ള 55 കിലോവാട്ട് ബാറ്ററി പാക്കിലാണ് കര്‍വ് ഇവി ഡാര്‍ക്ക് എഡിഷന്‍ എത്തുന്നത്. 585 കിലോമീറ്ററാണ് ടെസ്റ്റിങ് ഏജന്‍സികള്‍ ഈ വാഹനത്തിന് പറയുന്ന റേഞ്ച് എങ്കിലും സി75 ടെസ്റ്റ് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് ടാറ്റ മോട്ടോഴ്സ് പറയുന്നത്. 167 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ കര്‍വിനാകും.
ടിയാഗോയും രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടിയാഗോ ഇ.വി. വിപണിയില്‍ എത്തുന്നത്. ഇതില്‍ 19.2 kWh മോഡലിന് 8.72 ലക്ഷം രൂപയും 9.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം, 24 kWh വേരിയന്റ് രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളിലായി അഞ്ച് വേരിയന്റുകളിലാണ് നിരത്തുകളില്‍ എത്തുന്നത്. ഇവയ്ക്ക് 11.16 ലക്ഷം രൂപ മുതല്‍ 12.26 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ലിക്വിഡ് കൂളിങ് ടെക്‌നോളജി, ഐ.പി. 67 റേറ്റഡ് ബാറ്ററി പാക്ക്, ഉയര്‍ന്ന കാര്യക്ഷമതയുള്ള പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്ന സിപ്‌ട്രോണ്‍ പ്ലാറ്റ്‌ഫോമാണ് ടിയാഗോയിക്ക് അടിസ്ഥാനം. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. എട്ട് വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്ററാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ള വാറണ്ടി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയുന്നതും ടിയാഗോ ഇവിയുടെ പ്രത്യേകതയാണ്.
Content Highlights: India promotes electric vehicles with Tata Nexon EV and Tiago EV at Presidents House