ക്ലെച്ചില്ലാതെ ഗിയര്‍ മാറ്റാന്‍ iMT ഗിയര്‍ബോക്‌സും പുതിയ വേരിയന്റുമായി ഹ്യുണ്ടായി വെന്യു

-
-

ക്ലെച്ചില്ലാതെ ഗിയര്‍ മാറാന്‍ കഴിയുന്ന പുതിയ ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ്‌യുവി മോഡലായ വെന്യു എത്തി. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന എസ്, എസ്എക്‌സ് എന്നീ വേരിയന്റുകളിലാണ് ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

ടര്‍ബോ എന്‍ജിന്‍ മോഡലില്‍ പുത്തന്‍ ട്രാന്‍സ്മിഷന്‍ നല്‍കിയതിനൊപ്പം വെന്യു സ്‌പോര്‍ട്ട് എന്ന പുതിയ വേരിയന്റും ഹ്യുണ്ടായി അവതരിപ്പിച്ചു. കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന ഈ വേരിയന്റിന് പെട്രോള്‍/ ഡീസല്‍ എന്‍ജിനുകള്‍ കരുത്തേകും. 10.20 ലക്ഷം രൂപ മുതല്‍ 11.52 ലക്ഷം രൂപ വരെയാണ് സ്‌പോട്ടിന്റെ എക്‌സ്‌ഷോറൂം വില. 

പുതുതായി അവതരിപ്പിച്ച സ്‌പോര്‍ട്ട് വേരിയന്റിന്റെ പെട്രോള്‍ മോഡലില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുക. ഇതില്‍ പുതിയ ഐഎംടി ട്രാന്‍സ്മിഷനും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും നല്‍കും. സ്‌പോര്‍ട്ട് ഡീസല്‍ മോഡലില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് നല്‍കുക.

സ്‌പോര്‍ട്ട് വേരിയന്റ് കാഴ്ചയിലും അല്‍പ്പം സ്മാര്‍ട്ടാണ്. ഗ്രില്ലിലും, വീല്‍ ആര്‍ച്ചിലും റൂഫ് റെയിലിലും റെഡ് ആക്‌സെന്റുകളും, സ്‌പോര്‍ട്ട് എംബ്ലവും, റെഡ് ബ്രേക്ക് ക്യാലിപേഴ്‌സുമാണ് ഒറ്റനോട്ടത്തിലെ മാറ്റങ്ങള്‍. ഇതിനൊപ്പം ടൈറ്റാന്‍ ഗ്രേ-ഫാന്റം ബ്ലാക്ക്, പോളര്‍ വൈറ്റ്-ഫാന്റ്ം ബ്ലാക്ക് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്‌പോര്‍ട്ട് വേരിയന്റ് നിരത്തിലെത്തും. 

അകത്തളത്തിലും സ്‌പോര്‍ട്ടിയായുള്ള മാറ്റങ്ങളുണ്ട്. ചുവന്ന സ്റ്റിച്ചിങ്ങുള്ള ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, പുതിയ മെറ്റല്‍ ഫുട്ട് പെഡല്‍, ഡാര്‍ക്ക് ഗ്രേ ഫിനീഷിങ്ങിലുള്ള ഡാഷ്‌ബോര്‍ഡ്, റെഡ് ആവരണമുള്ള ഗിയര്‍നോബ്, റെഡ് സ്റ്റിച്ചിങ്ങുള്ള സീറ്റുകള്‍ എന്നിവയാണ് സ്‌പോര്‍ട്ട് വേരിയന്റില്‍ അധികമായി നല്‍കിയിട്ടുള്ളത്.  

ഐഎംടി ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള വെന്യുവില്‍ ആറ് സ്പീഡ് എച്ച് പാറ്റേണ്‍ ഗിയര്‍ ലിവര്‍ നല്‍കും. എന്നാല്‍, ഗിയര്‍ മാറ്റുന്നതിനായി ക്ലെച്ച് ആവശ്യമില്ലെന്നതാണ് പ്രത്യേകത. നിലവിലെ വെന്യുവിന്റെ ഡിസിടി ട്രാന്‍സ്മിഷന്‍ പതിപ്പിലേത് പോലെ ആക്‌സിലറേറ്ററും ബ്രേക്കും മാത്രമായിരിക്കും പുതിയ മോഡലിലുമുണ്ടാകുക.

സെല്‍സര്‍ സംവിധാനമാണ് ഐഎംടിയുടെ അടിസ്ഥാനം. ടിജിഎസ് ലിവര്‍ ഇന്റന്‍ഷന്‍ സെന്‍സറില്‍ നിന്നുള്ള സിഗ്‌നല്‍ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റിലെത്തും. ഈ സിഗ്‌നല്‍ ടിസിയു ഹൈഡ്രോളിക് പ്രഷറായി ക്ലെച്ച് ട്യൂബിലൂടെ കോണ്‍സെന്‍ട്രിക് സ്ലേവ് സിലിണ്ടറിലേക്ക് (സിഎസ്‌സി) മാറ്റുന്നു. തുടര്‍ന്ന് സിഎസ്‌സി ക്ലെച്ചിലേക്കും പ്രഷര്‍ പ്ലേറ്റിലേക്കുമുള്ള മര്‍ദ്ദം നിയന്ത്രിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

Content Highlights: Hyundai Venue With iMT Gearbox Launched, Sport Variant Introduce 

Content Highlights: