പുതിയ വേരിയന്റ്, ഹൈടെക് ഫീച്ചറുകള്‍; വെര്‍ണയും വെന്യുവും നിയോസും 'റിച്ചാക്കി' ഹ്യുണ്ടായി

ഇന്ത്യയിലെ വാഹനവിപണിക്കായി വലിയ പദ്ധതികളാണ് 2025-ല്‍ ഹ്യുണ്ടായി ഒരുക്കുന്നത്. പുതിയ മോഡലുകളുടെ അവതരണം, നിലവിലെ മോഡലുകളുടെ മുഖംമിനുക്കല്‍ ഇങ്ങനെ നീളും ഈ പദ്ധതികള്‍. മാറ്റത്തിന്റെ തുടക്കമെന്നോണം ഹ്യുണ്ടായി വാഹനശ്രേണിയിലെ മൂന്ന് സുപ്രധാന മോഡലുകള്‍ പുതുക്കിയ ഫീച്ചറുകളുമായി അവതരിപ്പിച്ചിരിക്കുകയാണ്. വെന്യു, വെര്‍ണ, ഗ്രാന്റ് ഐ10 നിയോസ് എന്നീ മോഡലുകള്‍ക്കാണ് പുതിയ ഒരോ വേരിയന്റും പുത്തന്‍ ഫീച്ചറുകളും നല്‍കി എത്തിച്ചിരിക്കുന്നത്.
വെന്യു എസ്.യു.വി. നിരയിലേക്ക് എസ്.എക്‌സ്. എക്‌സിക്യൂട്ടീവ് എന്ന വേരിയന്റും ഗ്രാന്റ് ഐ10 നിയോസ് മോഡലില്‍ സ്‌പോര്‍ട്‌സ് ഓപ്ഷണല്‍ വേരിയന്റും വെര്‍ണയില്‍ എസ് സി.വി.ടി, എസ് ഓപ്ഷണല്‍ ഡി.സി.ടി. വേരിയന്റുമാണ് പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്‍ജിനിലും ട്രാന്‍സ്മിഷന്‍ സംവിധാനത്തിനുമൊപ്പം ഫീച്ചറുകളും കൂട്ടിച്ചേര്‍ത്താണ് ഓരോ മോഡലിന്റെയും പുതിയ വേരിയന്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി അവകാശപ്പെടുന്നത്.
എസ്.എക്‌സ്. എക്‌സിക്യൂട്ടീവ് എന്ന വേരിയന്റാണ് വെന്യുവിന്റെ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. 83 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വേരിയന്റില്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനം, കീലെസ് എന്‍ട്രി, സണ്‍റൂഫ് എന്നിവയാണ് ഈ വേരിയന്റില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഫീച്ചറുകള്‍. 10.79 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.
ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എത്തിയ സ്‌പോര്‍ട്‌സ് ഓപ്ഷണല്‍ എന്ന വേരിയന്റാണ് ഗ്രാന്റ് ഐ10 നിയോസ് നിരയില്‍ എത്തിയിരിക്കുന്നത്. 15 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകള്‍, എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി എന്നിവയാണ് ഈ മോഡലില്‍ നല്‍കിയിട്ടുള്ളത്. 7.72 ലക്ഷം രൂപ മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
വെര്‍ണയുടെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സി.വി.ടി. ട്രാന്‍സ്മിഷനും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം ഡി.സി.ടി. ട്രാന്‍സ്മിഷനും നല്‍കിയാണ് വെര്‍ണ എത്തിയിരിക്കുന്നത്. എസ് സി.വി.ടി. വേരിയന്റില്‍ രണ്ട് ഡ്രൈവ് മോഡുകള്‍, സണ്‍റൂഫ്, പാഡില്‍ ഷിഫ്‌റ്റേഴ്‌സ് എന്നിവയാണ് പുതുതായി നല്‍കിയിട്ടുള്ളത്. ഡി.സി.ടിയില്‍ 16 ഇഞ്ച് ബ്ലാക്ക് ഫിനീഷ് അലോയി വീല്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, സണ്‍റൂഫ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്.
Content Highlights: Hyundai unveils new variants of Venue-Verna and Grand i10 Nios with updated features