ക്രെറ്റയോ വെന്യുവോ അല്ല, ഇന്ത്യൻ 'ഇടി പരീക്ഷ'യിൽ ഫൈവ് സ്റ്റാർ നേടിയ ഹ്യുണ്ടായിയുടെ ആദ്യ മോഡൽ ഇതാണ്

photo:bncap
photo:bncap

ഇന്ത്യയുടെ സ്വന്തം 'ഇടി പരീക്ഷ'യായ ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ (NCAP) ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി ഹ്യുണ്ടായ് ടൂസോണ്‍. ഇന്ത്യയിൽ ഇതാദ്യമായാണ് ഹ്യുണ്ടായിയുടെ ഒരു മോഡൽ ഭാരത് എന്‍ക്യാപിൽ ഫൈവ് സ്റ്റാര്‍ നേടുന്നത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 32.00-ൽ 30.84 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49.00-ൽ 41.00 പോയിന്റും നേടിയാണ് ഈ നേട്ടം ട്യൂസോൺ ഉറപ്പാക്കിയത്. 

ടാറ്റയുടെ പഞ്ച്, നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, ഹാരിയർ, സഫാരി, മഹീന്ദ്ര എക്സ്.യു.വി 3XO, എക്സ്.യു.വി 400, ഥാർ റോക്സ് എന്നീ മോഡലുകളും ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാർ റേറ്റിങ് നേരത്തേ സ്വന്തമാക്കിയിരുന്നു. 

156 പി.എസ്. പവറും 192 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ 4സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 186 പി.എസ്. പവറും 416 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ വി.ജി.ടി. ടർബോ ഡീസൽ എൻജിനുമാണ് ട്യൂസോണിന്റെ ഹൃദയം. പെട്രോൾ എൻജിനിൽ 6സ്പീഡ് ​ ഓട്ടോമാറ്റിക് ഗിയർബോക്സും ഡീസൽ എൻ‌ജിനിൽ 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണുള്ളത്. രണ്ടിലും ഓൾ വീൽ ഡ്രൈവ് ഉണ്ട്. 

പ്ലാറ്റിനം, സി​ഗ്നേച്ചർ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. പെട്രോൾ എൻജിൻ മോഡലാണ് ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍  പരീക്ഷിച്ചത്. രണ്ട് വേരിയന്റുകൾക്കും ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ് ബാധകമാണ്. 

ആറ് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റെയിൻ സെൻസിങ് വൈപ്പറുകൾ, ക്യാമറകളും സെന്‍സറുകളും എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങളുടെ കരുത്തും ട്യൂസോണിലുണ്ട്. 29.02 ലക്ഷം മുതൽ 35.94 ലക്ഷം രൂപ (എക്സ് ഷോറൂം) വരെയാണ് വില.  

Content Highlights: Hyundai Tucson become first Hyundai car in India to score five star safety rating at Bharat NCAP