അദ്ഭുതങ്ങളുടെ 'ഐ 20'; ഫീച്ചറുകളുടെ കലവറയായി മൂന്നാം തലമുറ മോഡല്‍- Test Drive Review

ഒരു കാറിനുള്ളില്‍ എന്തൊക്കെവേണം...? പുതിയ ഐ 20-യില്‍ എന്തൊക്കെ ഇല്ലെന്ന് അസൂയക്കണ്ണോടെയാണ് പരതിയത്. എന്നാല്‍, പരാജയമായിരുന്നു ഫലം. ഒരു ഹാച്ച്ബാക്ക് കാറില്‍ ഇത്രയും ഫീച്ചറുകള്‍ കുത്തിനിറച്ച് ഇനിയൊന്നും വേണ്ടേ...? എന്ന് പറയിപ്പിക്കുന്ന സ്ഥിതി. ഒരു ലക്ഷ്വറി കാറിനുള്ളിലുള്ള എല്ലാം പുതിയ 'ഐ 20'-യിലുണ്ട്. പതുക്കെ തെന്നിനീങ്ങുന്ന സണ്‍റൂഫ്, ഉള്ളിലെ ആംബിയന്റ് ലൈറ്റിങ് അങ്ങനെ പോകുന്നു ആഡംബരത്തിന്റെ പര്യായങ്ങള്‍.
2008-ലാണ് ആദ്യ ഐ 20 വരുന്നത്. ഇതുവരെ കാര്യമായ അഴിച്ചുപണികളൊന്നും നടത്താതെ തന്നെ ഇന്ത്യക്കാരുടെ മനസ്സിന് പിടിച്ചൊരു പ്രീമിയം ഹാച്ച്ബാക്കായി വിലസിയിരുന്നു. 12 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയൊരു രൂപവും ഭാവവുമായി വരുന്നത്.
അഴകിന്റെ പുതിയ രൂപം
ലോഞ്ചിങ്ങ് കഴിഞ്ഞതിന്റെ ചൂട് മാറിയിട്ടില്ല പാല്‍നിറമുള്ള പുതിയ ഐ 20 വീട്ടുമുറ്റത്തെത്തിയപ്പോള്‍. ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ പ്രയാസമാണ്. കാരണം, അത്രയുമുണ്ട് പുറമെയുള്ള അഴിച്ചുപണി. വണ്ടി ഒന്നുകൂടി പതുങ്ങിയിട്ടുണ്ട്. ബോണറ്റിന്റെ മുന്നോട്ടുള്ള ആക്കമാണ് ഇങ്ങനെയുള്ളൊരു കാഴ്ച സമ്മാനിക്കുന്നത്. ഗ്രില്ലുകള്‍ പുതിയ കാസ്‌കേഡ് ഗ്രില്ലുകള്‍ക്ക് വഴിമാറി. നിയോസില്‍ തുടങ്ങിയ ഗ്രില്‍ വിപ്ലവം വെന്യൂ, ക്രെറ്റ, ഓറ എന്നിവയിലൂടെ കടന്ന് ഐ 20 വരെ എത്തിനില്‍ക്കുകയാണ്.
എന്നാല്‍, നിയോസിലെ ഗ്രില്ലിനോട് ചേര്‍ന്നുള്ള ഡി.ആര്‍.എല്‍. ഇവിടെ ഹെഡ്ലാമ്പ് ക്ലസ്റ്ററിലാണ്. പ്രൊജക്ടഡ് ഹെഡ് ലാമ്പ് രണ്ട് ബോക്‌സ് ക്ലസ്റ്ററിനുള്ളിലാണ്. താഴെ കറുത്ത കൂടിനുള്ളിലെ ഫോഗ് ലാമ്പുകള്‍ വളവുകളിലേക്ക് വെളിച്ചമെത്തിക്കും.
ബോണറ്റിനു മുകളിലെ ലൈനുകളാണ് പുതുതായി വന്നിട്ടുള്ള മറ്റൊരാകര്‍ഷണം. ടെയില്‍ ലാമ്പില്‍ നിന്ന് ആരംഭിക്കുന്ന ഷോള്‍ഡര്‍ ലൈനുകള്‍ ഹെഡ് ലാമ്പ് ക്ലസ്റ്ററില്‍ മുട്ടിനില്‍ക്കുന്നു. താഴെ കറുത്ത ക്ലാഡിങ്ങുമുണ്ട്. പിന്നഴകാണ് ഐ 20-യുടെ ചന്തം കൂട്ടുന്നത്. ഹ്യുണ്ടായ് ഇതുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്ത രൂപമാണിത്. വശങ്ങളിലേക്ക് തള്ളിനില്‍ക്കുന്ന എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകള്‍. ഇരുവശങ്ങളേയും കൂട്ടിമുട്ടിച്ചുകൊണ്ട് വെള്ളിരേഖ. ഇവയെ ബന്ധിപ്പിക്കുന്ന കറുത്ത പ്രതലത്തിലാണ് ഹ്യുണ്ടായുടെ ലോഗോ. വെറുതെ പരന്നുനില്‍ക്കുന്ന പിന്‍ഭാഗത്തിനു പകരം അല്‍പ്പം നിമ്‌നോന്നതങ്ങളുള്ളത് സൗന്ദര്യം നല്‍കുന്നുണ്ട്.
അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഉള്ളഴക്
ഉള്ളിലാണ് ഹ്യുണ്ടായ് അദ്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. അകം മൊത്തം മാറ്റിയിട്ടുണ്ട്. അത് ഡാഷ്‌ബോര്‍ഡിലും, സീറ്റുകളിലുമെല്ലാം കാണാം. വലിപ്പത്തിലും വിത്യാസം വന്നത് പിന്‍സീറ്റുകളില്‍ അറിയാം. നീളത്തിലും വീതിയിലും ഗ്രൗണ്ട് ക്ലിയറന്‍സിലും ഐ 20 വലുതായിട്ടുണ്ട്. സീറ്റുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് റോഡിലേക്കുള്ള കാഴ്ചയാണ്. സീറ്റുകള്‍ താഴ്ന്ന പൊസിഷനിലാണെങ്കിലും റോഡ് പൂര്‍ണമായും കാണാന്‍ കഴിയും. ഡാഷ്‌ബോര്‍ഡും പുതിയ ജനറേഷന്‍ ഹ്യുണ്ടായ് വണ്ടികളിലുള്ളതുപോലെ ഫ്‌ളാറ്റ് ആക്കി മാറ്റിയിട്ടുണ്ട്. അതില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് 23 സെന്റിമീറ്ററുള്ള എച്ച്.ഡി. ടച്ച് സ്‌ക്രീന്‍. ഇതില്‍ ഇന്‍ഫോടെയ്ന്റ്‌മെന്റും നാവിഗേഷനുമെല്ലാമുണ്ട്.
പിന്നെ ഹ്യുണ്ടായുടെ കണക്ടഡ് കാറായതിനാല്‍ ബ്ലൂ ലിങ്ക് കണക്ടിവിറ്റിയും ഇതിലുണ്ട്. ഇത്രൊയെക്കെയുള്ളതുകൊണ്ട് ആപ്പിളും ആന്‍ഡ്രോയ്ഡുമെല്ലാം നടക്കുമെന്ന് പ്രത്യേകം പറയേണ്ടിവരുന്നില്ലല്ലോ. പിന്നെ... ബോസിന്റെ ഏഴ് സ്പീക്കറോടെയുള്ള സൗണ്ട് സിസ്റ്റമാണ് ഇതിലുള്ളത്. അതിന്റെ പെര്‍ഫോമെന്‍സും വാഴ്ത്താം. വേണമെങ്കില്‍ ആകാശം കണ്ടും യാത്രചെയ്യാം.
ഹാച്ച്ബാക്കുകളില്‍ അധികം കൈവെക്കാത്ത സണ്‍റൂഫും അങ്ങനെ ഹ്യുണ്ടായ് ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. വമ്പന്‍ കാറുകളില്‍ കാണുന്ന ആംബിയന്റ് ലൈറ്റിങ്ങും ആസ്വദിക്കാം. രാത്രിയുടെ ഇളംനീല വെളിച്ചം ആസ്വദിച്ചുള്ള ഡ്രൈവിങ്ങിന്റെ സുഖം ആസ്വദിക്കാം. ഡാഷ്‌ബോര്‍ഡിലെ ഡിജിറ്റല്‍ കല്‍സ്റ്ററും ഈ നിറവുമായി താദാത്മ്യം പ്രാപിച്ചതാണ്. 'വെന്യു'വിലും മറ്റും കണ്ട എയര്‍പ്യൂരിഫയര്‍ ഐ 20-യിലേക്കും എത്തിയിട്ടുണ്ട്. ഇക്കാലത്ത് ഒരു കാറില്‍ വേണ്ട ഫസ്റ്റ് എയ്ഡായി മാറിയിട്ടുണ്ടിത്. വാഹനത്തിനുള്ളിലെ വായുവിന്റെ ശുദ്ധിയും ഇതില്‍ കാണാം.
കരുത്തിന്റെ കഥ
മൂന്ന് എന്‍ജിനുകളുമായാണ് പുതിയ ഐ 20 വരുന്നത്. ഒന്ന് പരമ്പരാഗത 1.2 കാപ്പ പെട്രോള്‍, മറ്റൊന്ന് വെന്യുവിലും മറ്റും കണ്ട, കരുത്ത് തെളിയിച്ച 1.0 ടര്‍ബോ ജി.ഡി.ഐ. പെട്രോള്‍, മൂന്നാമത് ഡീസലിലുള്ള 1.5യു. 2 സി.ആര്‍.ഡി.ഐ. ഡ്രൈവിന് കിട്ടിയത് ടര്‍ബോയായിരുന്നു. ശരിക്കും ട്രാന്‍സ്മിഷനിലാണ് ഹ്യുണ്ടായ് വിസ്മയം കാണിച്ചിരിക്കുന്നത്. മൂന്ന് ഓപ്ഷനുകളാണ് നല്‍കുന്നത്. സാദാ മാനുവല്‍, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍. ഇത് നമ്മള്‍ വെന്യുവില്‍ കണ്ടു. ക്ലച്ചില്ലാത്ത മാന്വല്‍ വണ്ടി. ഇന്റലിജെന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവയാണിവ. ഇതില്‍ ഓടിക്കാന്‍ കിട്ടിയ വണ്ടിയില്‍ 1.0 ടര്‍ബോ ജി.ഡി.ഐ. ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനായിരുന്നു.
സത്യം പറഞ്ഞാല്‍, ഒരു രക്ഷയുമില്ല കുതിപ്പിന്. പെട്ടെന്നുള്ള റെസ്‌പോണ്‍സാണ് ശരിക്കും ഡ്രൈവിങ്ങില്‍ ആസ്വദിച്ചത്. കാല്‍ കൊടുക്കുമ്പോള്‍ ഗിയര്‍ഷിഫ്റ്റിങ് അതിദ്യുതാകുന്നത് ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. സുരക്ഷയ്ക്കായി ഇ.ബി.ഡി.യോടുള്ള എ.ബി.എസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്കിങ് അസിസ്റ്റന്റ്, ഹില്‍ അസിസ്റ്റന്റ് തുടങ്ങിയവയ്‌ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല.
6.8 ലക്ഷം മുതല്‍ 11.43 ലക്ഷം വരെയാണ് ഐ 20-യുടെ എക്‌സ് ഷോറൂം വില.
Specifications
Overall Length (mm) 3 995
Overall Width (mm) 1 775
Overall Height (mm) 1 505
Wheelbase (mm) 2 580
Engine Type 1.2 Kappa
Displacement (cc) 1197
Max. Power(ps/rpm) 88 @ 6 000
Max. Torque (kg.m/ rpm) 11.7 @ 4 200
Transmission
Transmission Type Intelligent Vairable Transmission (IVT).
Content Highlights: Hyundai New Generation i20 Test Drive Review
Content Highlights: