ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഹ്യുണ്ടായിയുടെ വജ്രായുധം, അയോണിക്-പി വരുന്നു, വിപണിയിൽ പയറ്റുന്നത് പുതിയ തന്ത്രം

#Auto Desk
പ്രതീകാത്മകചിത്രം | AFP, AP
പ്രതീകാത്മകചിത്രം | AFP, AP

ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനനിരയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കോംപാക്ട് ഇലക്ട്രിക് വാഹനം അവതരണത്തിനൊരുങ്ങുന്നു. HE1i എന്ന കോഡ് നെയിമിൽ നിർമാണം പുരോഗമിക്കുന്ന കോംപാക്ട് ഇലക്ട്രിക് വാഹനത്തിന്റെ പേര് ജനുവരി 16-ന് ഹ്യുണ്ടായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫെബ്രുവരി നാല് മുതൽ ഒമ്പതുവരെ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനം പ്രദർശനത്തിന് എത്തിക്കുകയെന്നാണ് റിപ്പോർട്ട്.

അയോണിക്-പി എന്ന പേരിലായിരിക്കും ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയ അയോണിക് എന്ന പേര് ഇന്ത്യൻ വിപണിയിലെ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വാഹനത്തിന് 'അയോണിക് പി' (Ioniq P) എന്ന് പേരിടുന്നതെന്നാണ് ഓട്ടോകാർ ഇന്ത്യ മുൻപ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഹ്യുണ്ടായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കിയ സിറോസ് ഇ.വി., ടാറ്റ നെക്‌സോൺ ഇ.വി. എന്നീ മോഡലുകൾക്ക് വിപണിയിൽ ലഭിക്കുന്ന വലിയ സ്വീകാര്യത കണക്കിലെടുത്താണ് ഈ ശ്രേണിയിൽ പുതിയ ഇലക്ട്രിക് വാഹനം എത്തിക്കാൻ ഹ്യുണ്ടായി തീരുമാനിക്കുന്നത്. വിദേശ നിരത്തുകളിൽ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള ഇൻസ്റ്റർ എന്ന മോഡലുമായി മെക്കാനിക്കൽ സംവിധാനങ്ങൾ പങ്കിടുന്ന വാഹനമായിരിക്കും അയോണിക്-പി എന്നാണ് വിലയിരുത്തൽ.

ഇൻസ്റ്റർ ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന E-GMP (K) പ്ലാറ്റ്‌ഫോമിലായിരിക്കും അയോണിക് പി നിർമ്മിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന വാഹനത്തിൽ ആദ്യം ഇറക്കുമതി ചെയ്ത ബാറ്ററി സെല്ലുകളായിരിക്കും ഉപയോഗിക്കുക. തമിഴ്നാട്ടിലെ ഹ്യുണ്ടായിയുടെ ശ്രീപെരുമ്പത്തൂർ പ്ലാന്റിലാവും ഈ ഇലക്ട്രിക് വാഹനം നിർമ്മിക്കുക.

2028 സാമ്പത്തിക വർഷത്തോടെ ഇവി വിൽപ്പനയിൽ വൻ മുന്നേറ്റം നടത്താനുള്ള ഹ്യുണ്ടായിയുടെ ശ്രമങ്ങൾക്ക് വരാനിരിക്കുന്ന മോഡൽ നേതൃത്വം നൽകും. ഇന്ത്യയ്ക്കായി നിർമ്മിച്ച മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനം വഴി ഈ ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഹ്യുണ്ടായ് വാഹന നിരയിൽ കൂടുതൽ വിലക്കുറവുള്ള ഒരു ഇവി ഉൾപ്പെടുത്താനൊരുങ്ങുന്നത് എന്നാണ് സൂചന.

Content Highlights: Hyundai's upcoming compact electric vehicle codenamed HE1i is expected to be named Ioniq P., Official name announcement scheduled for January 16, with a debut at the Auto Expo., Built on the E-GMP (K) platform at the Sriperumbudur plant in Tamil Nadu., Designed to compete in the mass-market EV segment against rivals like Tata Nexon EV.