45,000 കോടിയുടെ നിക്ഷേപം, പുതിയ വാഹനങ്ങള്‍ അടക്കം 26 മോഡലുകള്‍; ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഉറച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ നിലവിലെ വാഹനനിര | Photo: Hyundai India
ഹ്യുണ്ടായിയുടെ നിലവിലെ വാഹനനിര | Photo: Hyundai India

ന്ത്യയില്‍ വിപുലമായ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സ്. 2030 സാമ്പത്തിക വര്‍ഷത്തോടെ 45,000 കോടി രൂപയുടെ നിക്ഷേപം ഹ്യുണ്ടായി ഇന്ത്യയില്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിപുലമായ വാഹന നിര എത്തിക്കുന്നതിനൊപ്പം കൂടുതല്‍ പ്രാദേശികമായി വിപണിയില്‍ ഇടപെടാനുമാണ്‌ ഹ്യുണ്ടായി ഇന്ത്യ മുന്‍തൂക്കം നല്‍കുകയെന്നാണ് കമ്പനിയുടെ ആദ്യ നിക്ഷേപക സംഗമത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു എംപിവിയും ഓഫ് റോഡ് ശേഷിയുള്ള എസ്‌യുവികളും ഉള്‍പ്പെടെ പുതിയ പതിപ്പുകളായി 26 മോഡലുകള്‍ 2030 ഓടെ ഹ്യുണ്ടായിയുടെ വാഹനനിരയിലേക്ക് ഏഴ് പുതിയ വാഹനങ്ങളും എത്തിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതില്‍ തന്നെ പുതിയ ഏഴ് മോഡലുകള്‍ എത്തിക്കാനാണ് പദ്ധതി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി 2027-ല്‍ നിരത്തുകളില്‍ എത്തും. ഈ കാലയളവില്‍ തന്നെ ജെനസിസിനെ കൂട്ട് പിടിച്ച് ഇന്ത്യയിലെ ആഡംബര വാഹന ശ്രേണിയിലേക്കും ഹ്യുണ്ടായി ചുവടുവയ്ക്കും.

2030 സാമ്പത്തിക വര്‍ഷത്തോടെ തന്നെ 15 ശതമാനം വിപണി വിഹിതവും ഒരുലക്ഷം കോടിയുടെ വരുമാനവുമാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. അപ്പോഴേക്കും യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണി വിഹിതം 80 ശതമാനമായും സിഎന്‍ജി, ഹൈബ്രിഡ് തുടങ്ങിയ പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങളുടെ വിഹിതം 50 ശതമാനവും ആക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍. 2030-ഓടെ ആഗോള തലത്തില്‍ ഹ്യുണ്ടായിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

30 ശതമാനം വരെ കയറ്റുമതി ഉറപ്പാക്കി ഇന്ത്യയെ ഹ്യുണ്ടായിയുടെ കയറ്റുമതി ഹബ്ബാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനൊപ്പമാണ് 2030-ഓടെ പുതിയ 26 മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതിനും 2027-ഓടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് എസ്‌യുവിയും ജെനസിസ് എന്ന ആഡംബര ബ്രാന്റ് ഇന്ത്യയില്‍ എത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നത്. കമ്പനിയുടെ നിക്ഷേപകര്‍ക്ക് 20 മുതല്‍ 40 ശതമാനം വരെ ഡിവിഡന്റ് നല്‍കാനും ഹ്യുണ്ടായി പ്രതിജ്ഞബദ്ധമാണെന്നും ഹ്യുണ്ടായി കോര്‍പറേഷന്‍ സിഇഒ അറിയിച്ചു.

ഇന്ത്യയില്‍ എത്തിക്കുന്ന പുതിയ മോഡലുകളുടെ പിന്‍ബലത്തിലാണ് 15 ശതമാനം വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തിലേക്ക് ഹ്യുണ്ടായി നീങ്ങുന്നത്. ശക്തമായ ഉത്പന്ന നിരയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും ഉറപ്പാക്കി എസ്‌യുവി നിരയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഹ്യുണ്ടായി ഇന്ത്യയുടെ ഹോള്‍ ടൈം ഡയറക്ടറും സിഇഒയുമായി തരുണ്‍ ഗാര്‍ഗ് അറിയിച്ചു.

Content Highlights: Hyundai Motors announces ₹45,000 Cr investment in India by FY30, launching 26 new models including EVs and luxury Genesis. Aims for 15% market share and export hub status.