ഐ.എം.ടി ട്രാന്‍സ്മിഷനും കണക്ടഡ് കാര്‍ ഫീച്ചറും; നിരത്ത് വാഴാന്‍ ഐ20 നവംബര്‍ അഞ്ചിനെത്തും

ഹ്യുണ്ടായി ഐ20 | Photo: Hyundai India
ഹ്യുണ്ടായി ഐ20 | Photo: Hyundai India

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ഐ20-യുടെ പുതുതലമുറ മോഡല്‍ നവംബര്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ഹ്യുണ്ടായി ആരംഭിച്ചു. ഡീലര്‍ഷിപ്പുകളിലൂടെയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയോ 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഐ20 എത്തുന്നത്. നിരവധി എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഈ വാഹനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ സെഗ്‌മെന്റില്‍ ആദ്യമായി ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ഐ.എം.ടി) ഐ20-യുടെ ഹൈലൈറ്റ് ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ ഐ20-യില്‍ നല്‍കുമെന്നാണ് പ്രാഥമിക നിഗമനം. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവയായിരിക്കും ഇവ. പെട്രോള്‍ എന്‍ജിനൊപ്പം സിവിടിയും ടര്‍ബോ എന്‍ജിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് അല്ലെങ്കില്‍ ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അഞ്ച് സ്പീഡ് മാനുവന്‍ എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്.

പുതുമയുള്ള ഡിസൈനാണ് ഐ20-യുടെ മറ്റൊരു പ്രത്യേകത. ഗ്രില്ല് എന്ന ഭാഗത്തിന് പകരം വലിയ എയര്‍ഡാം നല്‍കി മുഖഭാവത്തെ പ്രീമിയമാക്കുന്നുണ്ട്. ആംഗുലര്‍ പൊജക്ഷനാണ് ഹെഡ്ലാമ്പ്, ആഡംബര വാഹനങ്ങള്‍ക്ക് സമാനമായി എല്‍.ഇ.ഡി ഡി.ആര്‍.എല്ലും, സ്പോര്‍ട്ടി ഭാവമുള്ള ബംമ്പറും പ്രൊജക്ഷന്‍ ഫോഗ്ലാമ്പും മുന്‍വശത്തെ അഗ്രസീവാക്കുന്നു.

കാഴ്ചയില്‍ സിംപിളാണെന്ന് തോന്നുന്ന ഡിസൈനാണ് അകത്തളത്തിന്. കറുപ്പാണ് ഇന്റീരിയറിന്റെ ഭാവം. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതിയ ഡിസൈനിലുള്ള എ.സി വെന്റുകള്‍,  മൗണ്ടഡ് സ്വിച്ചുകള്‍ നല്‍കിയിട്ടുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് എന്നിവ നല്‍കി സ്പേഷ്യസ് ആയിട്ടാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്.

Content Highlights: Hyundai i20 India Launch Scheduled On November 05

Content Highlights: