അടിമുടി മാറ്റങ്ങളുമായി നാലാം തലമുറ ഐ20; ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി, മാറ്റങ്ങളറിയാം

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഐ20-യുടെ നാലാം തലമുറ മോഡൽ വരുന്നുവെന്നത് ഇന്നലെ വരെ അഭ്യൂഹങ്ങളായിരുന്നു. എന്നാൽ, ഇപ്പോൾ ആ കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതിന് മുമ്പുതന്നെ ഐ20-യുടെ നാലാം തലമുറ മോഡൽ ബ്രസീലിയൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നിർമാതാക്കളായ ഹ്യുണ്ടായി. ഈ പതിപ്പ് തന്നെയായിരിക്കും ഇന്ത്യയിലും എത്തുകയെന്നാണ് സൂചന.
ഹ്യുണ്ടായിയുടെ പുതിയ ഐ20 ബ്രസീലിൽ അവതരിപ്പിച്ചതോടെ ഈ വാഹനത്തിന്റെ ഡിസൈൻ സവിശേഷതകളും ഫീച്ചറുകളിൽ വരുത്തിയ മാറ്റങ്ങളും മെക്കാനിക്കൽ സവിശേഷതകളും തുടങ്ങിയുള്ള കാര്യങ്ങളിൽ വ്യക്തമായ വിവരങ്ങളും ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിലെ ഉപയോക്താക്കൾക്ക് ബോധ്യമായിട്ടുണ്ട്. ഡിസൈനിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ ഐ20-യിൽ കാണാനാകുന്നത്.
ഹ്യുണ്ടായിയുടെ കെ3 പ്ലാറ്റ്‌ഫോമിലാണ് പുതിയ ഐ20-യും നിർമിച്ചിരിക്കുന്നത്. 4130 എംഎം നീളവും 1780 എംഎം വീതിയും 1495 എംഎം ഉയരത്തിനുമൊപ്പം 2580 എംഎം വീൽബേസും 346 ലിറ്റർ ബൂട്ട് സ്‌പേസും ഉറപ്പാക്കിയാണ് ഐ20 ഒരുങ്ങിയിരിക്കുന്നത്.
1.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് ഐ20 ബ്രസീലിൽ എത്തിയിരിക്കുന്നത്. രണ്ട് എൻജിനുകളും 30 ശതമാനം എഥനോൾ കലർന്ന പെട്രോൾ (E30) പെട്രോൾ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്. 1.0 ലിറ്റർ എൻഎ എൻജിൻ പെട്രോളിൽ 75 എച്ച്പി പവറും എഥനോളിൽ 80 എച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്. ടോർക്ക് യഥാക്രമം 94 എൻഎമ്മും 100 എൻഎമ്മുമാണ്. ടർബോ എൻജിൻ 115 എച്ച്പി പവറും 172 എൻഎം ടോർക്കുമാണ് നൽകുന്നത്.
ബോക്സി ഡിസൈനിലാണ് പുതിയ ഐ20-യുടെ മുഖഭാവം ഒരുങ്ങിയിരിക്കുന്നത്. എൽഇഡി ഹെഡ്ലാമ്പും പുതുതലമുറ വാഹനങ്ങളുടെ പൊതുസ്വഭാവമായ കണക്ടഡ് ലൈറ്റ് സ്ട്രിപ്പും ഡിആർഎല്ലും എൽഇഡി ഫോഗ് ലാമ്പും മുൻവശത്തിന് മാറ്റേകുന്നുണ്ട്. ഫ്ളാറ്റ് ബോണറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങുകളും പിയാനോ ബ്ലാക്ക് പാനലുകളും നൽകിയിട്ടുള്ള മുന്നിലെ ബമ്പറും നാലാം തലമുറെ ഐ20-ക്ക് ഡിസൈൻ പുതുമ സമ്മാനിക്കുന്നുണ്ട്.
പുതിയ ഡിസൈനിൽ ഒരുങ്ങിയിരിക്കുന്ന അലോയി വീൽ, രൂപമാറ്റം സംഭവിച്ച റിയർ വ്യൂ മിറർ, പില്ലറുകൾ, ഡോർ ഡിസൈൻ എന്നിവയിലും മാറ്റം കാണാം. പിൻഭാഗത്തിന് ഒരു എസ്യുവിയുടെ ഭാവമാണ് നൽകിയിട്ടുള്ളത്. ഇവിടെയും കണക്ടഡ് ലൈറ്റിന്റെ സാന്നിധ്യം കാണാം. ബ്ലാക്ക് ക്ലാഡിങ്ങിലാണ് ബമ്പർ പൂർണമായും ഒരുക്കിയിരിക്കുന്നത്. പൂർണമായും എൽഇഡിയിൽ ഒരുങ്ങിയിരിക്കുന്ന ടെയ്ൽലാമ്പും സ്‌റ്റൈലിന് മുതൽകൂട്ടാവുന്നുണ്ട്.
ഹ്യുണ്ടായിയുടെ മറ്റ് പല മോഡലുകളിലും കണ്ടുപരിചയിച്ച ഡ്യുവൽ സ്‌ക്രീൻ സംവിധാനമാണ് ഇതിലും. 12.5 ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ഇരട്ട സ്‌ക്രീനുകളാണ് ഇതിലുള്ളത്. മോസ് കോഡ് നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, വെർട്ടിക്കലായി നൽകിയിരിക്കുന്ന സെന്റർ കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മികച്ച സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുടെ വലിയ നിര തന്നെയാണ് അകത്തളത്തിൽ നൽകുന്നത്.
Content Highlights: Built on the advanced K3 platform for improved structural integrity., Features 1.0L naturally aspirated and 1.0L turbo petrol engine options with E30 ethanol compatibility., Modernized exterior with connected LED light strips and rugged SUV-inspired rear design., Interior upgrades include a dual 12.5-inch screen setup and a redesigned three-spoke steering wheel., Dimensions include a 2580mm wheelbase and 346 liters of boot space.