മിഡ് സൈസ് എസ്.യു.വി കിങ്; എതിരാളികളെ മലർത്തിയടിച്ച് ക്രെറ്റ, 2024-ൽ റെക്കോർഡ് വിൽപന

സെഗ്മെന്റിൽ കടുത്ത മത്സരം ഉണ്ടായിട്ടും എക്കാലത്തേയും ഉയർന്ന വാർഷിക വിൽപന സ്വന്തമാക്കി ഹ്യുണ്ടായ് ക്രെറ്റ. 2024-ൽ ക്രെറ്റയുടെ 1,86,919 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ഇന്ത്യയിൽ ഒരു മിഡ് സൈസ് എസ്.യു.വി ഒരു കലണ്ടർ വർഷത്തിൽ നേടുന്ന ഏറ്റവും വലിയ വിൽപനയാണിത്. മിഡ് സൈസ് എസ്.യു.വി സെഗ്മെന്റിലെ വിൽപനയിൽ 2023-ലും ക്രെറ്റ തന്നെയായിരുന്നു മുന്നിൽ. 1,57,311 യൂണിറ്റുകൾ.
18.8 ശതമാനത്തിന്റെ വളർച്ചയാണ് അടുത്തടുത്ത വർഷങ്ങളിൽ വാഹനത്തിന്റെ വിൽപനയിൽ ഉണ്ടായത്. മാരുതി സുസുക്കി ഗ്രാന്റ് വിത്താര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലവേറ്റ്, സ്കോഡ കുഷാക്ക്, ഫോക്സ് വാഗൺ ടൈഗൂൺ, എം.ജി.ആസ്റ്റർ എന്നീ വമ്പൻമാരെ മറികടന്നാണ് ക്രെറ്റ ഈ നേട്ടം സ്വന്തമാക്കിയത്.
2024 ജനുവരിയിൽ വാഹനത്തിന് നൽകിയ അപ്ഡേഷനും പെർഫോമെൻസ് അടിസ്ഥാനപ്പെടുത്തി മാർച്ചിൽ എത്തിയ എൻ ലൈൻ മോഡലും ക്രെറ്റയുടെ ജനപ്രീതി വർധിപ്പിച്ചുവെന്ന് പറയാം. 2023-ൽ വാഹനത്തിന്റെ പ്രതിമാസ വിൽപന 13109 യൂണിറ്റായിരുന്നുവെങ്കിൽ 2024-ൽ ഇത് 15576 ആയി ഉയർന്നു.
ഒരു കലണ്ടർ വർഷത്തിൽ കമ്പനിയുടെ ഏറ്റവും ഉയർന്ന വിൽപനയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2024-ൽ സ്വന്തമാക്കി. ആഭ്യന്തര വിൽപനയും കയറ്റുമതിയും ഉൾപ്പടെ 7,64,119 യൂണിറ്റുകളുടെ വിൽപനയാണ് നടന്നത്. ഇതിൽ ആഭ്യന്തരവിപണിയിൽ മാത്രം വിറ്റത് 6,05,433 യൂണിറ്റുകളാണ്.
2015-ലാണ് ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2024 ജനുവരിയിൽ വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പും ഇന്ത്യന്‍ വിപണിയില്‍ എത്തി. ഹ്യുണ്ടായിയുടെ ആഗോള ഡിസൈന്‍ ലാഗ്വേജായ സെന്‍ഷ്യസ് സ്പോര്‍ട്ടിനെസ് അനുസരിച്ചാണ് പുതിയ ക്രെറ്റ ഒരുക്കിയത്.
അതിനാല്‍ തന്നെ ഹ്യുണ്ടായിയുടെ ഇന്റര്‍നാഷണല്‍ മോഡലുകളുമായി ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് ഈ വാഹനത്തിനുള്ളത്. ഫീച്ചറുകളാല്‍ സമ്പന്നമായ ഈ വാഹനത്തില്‍ 70 കണക്ടഡ് ഫീച്ചറുകള്‍ നല്‍കിയാണ് ഹ്യുണ്ടായി സാങ്കേതിക തികവ് തെളിയിച്ചത്. അഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
ഫീച്ചറുകളിലും ലുക്കിലും വലിയ മാറ്റങ്ങള്‍ വരുത്തിയപ്പോഴും മെക്കാനിക്കലി മുന്‍മോഡലുകളുടെ പിന്മുറക്കാരനാണ് പുതിയ പതിപ്പ്. 115 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 160 ബി.എച്ച്.പി. പവറുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 115 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷനുകള്‍.
Content Highlights: Hyundai Creta gets highest ever annual volume 2024