സെഗ്മെന്റിലെ കിങ്, ക്രെറ്റയുടെ പത്താം പിറന്നാള്‍ ആഘോഷിക്കാന്‍ രണ്ട് 'രാജകീയ' മോഡലുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ത്യയിലെ കുതിപ്പ് ഒരുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഹ്യുണ്ടായി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാന ചുവടുവയ്പ്പായാണ് ക്രെറ്റ എന്ന മോഡലിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്. ക്രെറ്റയിലൂടെ ഹ്യുണ്ടായി കൈവരിച്ച ഈ നാഴികക്കല്ല് ആഘോഷമാക്കുന്നതിനായി പുതിയ രണ്ട് പതിപ്പുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ക്രെറ്റ കിങ്, ക്രെറ്റ കിങ് ലിമിറ്റഡ് എഡിഷന്‍ എന്നീ പേരുകളിലാണ് ആഘോഷ മോഡലുകള്‍ എത്തിയിരിക്കുന്നത്.
ക്രെറ്റയുടെ വാഹന നിരയിലെ ഉയര്‍ന്ന പതിപ്പിനെ അടിസ്ഥാനമാക്കി പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എത്തിയിരിക്കുന്ന ഈ പ്രത്യേക പതിപ്പുകള്‍ക്ക് 17.89 ലക്ഷം രൂപ മുതല്‍ 20.92 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ മോഡലുകള്‍ക്ക് പുറമെ, റെഗുലര്‍ ക്രെറ്റയിലും ക്രെറ്റ എന്‍ലൈനിലും ഏതാനും പുതിയ ഫീച്ചറുകളും ഹ്യുണ്ടായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റെഗുലര്‍ ക്രെറ്റയില്‍ ഏതാനും ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് ക്രെറ്റ കിങ്, കിങ് ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ഡ്രൈവര്‍ സീറ്റ് മെമ്മറി ഫങ്ഷന്‍, ഇലക്ട്രിക് അഡ്ജസ്റ്റ് പാസഞ്ചര്‍ സീറ്റ്, പാസഞ്ചര്‍ സീറ്റ് ഇലക്ട്രിക് വാക്ക്-ഇന്‍-ഡിവൈസ്, ഡാഷ്‌ക്യാം, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍, എക്‌സ്‌ക്ലുസീവ് കിങ് എംബ്ലം എന്നിവയാണ് കിങ് പതിപ്പുകളിലെ പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്രെറ്റ കിങ് എഡിഷന്‍ എത്തുന്നത്. 115 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് ഇതിലൊന്ന്. ആറ് സ്പീഡ് മാനുവല്‍ സിവിടി എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷനുകള്‍. 116 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ള 160 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തിന് കരുത്തേകും.
എന്നാല്‍, ഫീച്ചറുകളിലും ഡിസൈനിലും കിങ് എഡിഷനുമായി ചേര്‍ന്ന് നില്‍ക്കുന്ന വാഹനമാണെങ്കിലും രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ മാത്രമായിരിക്കും ക്രെറ്റ കിങ് ലിമിറ്റഡ് എഡിഷന്‍ എത്തുന്നത്. 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്നിവയാണ് ഇതില്‍ കരുത്തേകുന്ന എന്‍ജിനുകള്‍. പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നതെങ്കില്‍ ഡീസല്‍ എന്‍ജിന്‍ മോഡലില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്.
Content Highlights: Hyundai Creta Celebrates a Decade in India with Two 'King' Editions