Happy Birthday... Creta @ 10; ഇന്ത്യയിലെത്തുമ്പോൾ എതിരാളികൾ 3, ഇപ്പോൾ 14, അന്നും ഇന്നും ഒന്നാമൻ

Photo: Hyundai India
Photo: Hyundai India

ഹ്യുണ്ടായ് ഇന്ത്യ ഇന്ന് ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുകയാണ്. അവരുടെ ഹോട്ട് സെല്ലിങ്ങ് മോഡലായ ക്രെറ്റയ്ക്ക് 10 വയസ്സ് തികയുന്നതാണ് ആ സന്തോഷം. 2015-ൽ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെ​ഗ്മെന്റിലേക്കുള്ള ക്രെറ്റയുടെ വരവ് ഒരു വലിയ ചുവടുവെപ്പായിരുന്നു. പിന്നീട് വാഹനവിപണി സാക്ഷ്യംവഹിച്ചത് ആ വാഹനത്തിന്റെ തേരോട്ടത്തിനാണ്. കഴിഞ്ഞ പത്തുവർഷം ഉപഭോക്താക്കളുടെ പ്രതീക്ഷകളെ പുനർനിർവചിക്കുക മാത്രമല്ല, മത്സരത്തിൽ സ്ഥിരമായി മുന്നിൽ നിൽക്കാനും ക്രെറ്റയ്ക്ക് കഴിഞ്ഞു. 

കരുത്തുറ്റ രൂപകൽപ്പന, സൗകര്യങ്ങൾ നിറഞ്ഞ ക്യാബിൻ, ഹ്യുണ്ടായിയുടെ വിശ്വസ്തമായ ബ്രാൻഡ് മൂല്യം എന്നിവയുമായി 2015-ലാണ് ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. അന്ന്, വെറും മൂന്ന് പ്രധാന എതിരാളികൾ മാത്രമുണ്ടായിരുന്ന ഒരു വിഭാഗത്തിലേക്കാണ് ക്രെറ്റ എത്തിയത്. എന്നാൽ 2025-ൽ എത്തുമ്പോൾ ഈ വിഭാഗത്തിൽ 14 എതിരാളികളുണ്ടായിട്ടും ക്രെറ്റ വില്‍പനയില്‍ ഒന്നാമനായി തുടരുന്നു.

കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും, 2016 മുതൽ എല്ലാ വർഷവും ഈ വിഭാഗത്തിൽ ക്രെറ്റ ഒന്നാം സ്ഥാനം നിലനിർത്തി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വാഹനത്തിന്റെ വാർഷിക വിൽപന ഇരട്ടിയിലധികമായി വർധിച്ചു. ഇത് ഉപഭോക്താക്കൾക്കിടയിലുള്ള ക്രെറ്റയുടെ സ്വീകാര്യത വ്യക്തമാക്കുന്നു.

10 വർഷം, 2 തലമുറകൾ

കഴിഞ്ഞ ദശകത്തിൽ, ഹ്യുണ്ടായ് ക്രെറ്റയുടെ രണ്ട് തലമുറകളെയാണ് അവതരിപ്പിച്ചത്. 2015-ൽ പുറത്തിറങ്ങിയ ഒന്നാം  തലമുറ മത്സരത്തിന് അടിത്തറയിട്ടു. ഡിസൈനിൽ വലിയ മാറ്റങ്ങളോടും കൂടുതൽ കണക്റ്റഡ് ഫീച്ചറുകളോടും കൂടിയായിരുന്നു 2020-ൽ രണ്ടാം തലമുറ എത്തിയത്.

2024-ന്റെ തുടക്കത്തിൽ, മിഡ്-സൈക്കിൾ അപ്‌ഡേറ്റിലൂടെ കൂടുതൽ ഷാർപ്പായ സ്റ്റൈലിങ്, ലെവൽ 2 ADAS, കൂടുതൽ ഫീച്ചറുകൾ, നിരവധി ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ എന്നിവയോടെ മുഖംമിനുക്കിയ ക്രെറ്റ എത്തി.

ബ്ലാക്ക്ഡ്-ഔട്ട് സ്റ്റൈലിങ്ങും സ്പോർട്ടി ആക്‌സന്റുകളും കോർത്തിണക്കി 2022-ൽ അവതരിപ്പിച്ച നൈറ്റ് എഡിഷനും  റഗ്ഗഡ് കോസ്മെറ്റിക് മാറ്റങ്ങളും എക്സ്ക്ലൂസീവ് നിറങ്ങളുമായി 2023-ൽ എത്തിയ അഡ്വഞ്ചർ എഡിഷനും വാഹനപ്രേമികൾ ഇരുംകൈയും നീട്ടി സ്വീകരിച്ചു. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചുള്ള ഒരു രസകരമായ കാര്യം, 2025-ന്റെ ആദ്യ പകുതിയിൽ വിറ്റഴിച്ച ക്രെറ്റ യൂണിറ്റുകളിൽ 70 ശതമാനവും സൺറൂഫ് ഉള്ളവയായിരുന്നു എന്നതാണ്.

ഇന്ത്യയിൽ വിറ്റഴിച്ചത് 12 ലക്ഷത്തിലധികം യൂണിറ്റുകൾ  

2025 ജൂലായ് വരെ, ഹ്യുണ്ടായ് ഇന്ത്യയിൽ മാത്രം 12 ലക്ഷത്തിലധികം ക്രെറ്റ യൂണിറ്റുകൾ വിറ്റഴിച്ചു. മികച്ച ഡ്രൈവിങ്, ക്ലാസ്-ലീഡിങ് ഫീച്ചറുകൾ, വിപുലമായ വിൽപനാനന്തര സേവന ശൃംഖല എന്നിവ ഈ നേട്ടത്തിന് സഹായിച്ചു.

കയറ്റുമതി ചെയ്തത് 2.87 ലക്ഷം യൂണിറ്റുകൾ  

ക്രെറ്റയുടെ വിജയം ആഭ്യന്തര വിപണിയിൽ മാത്രം ഒതുങ്ങുന്നതല്ല. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 13-ലധികം രാജ്യങ്ങളിലേക്ക് ഹ്യുണ്ടായ് ഏകദേശം 2.87 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്.  കൂടാതെ ആഗോള വാഹന നിർമാണ രംഗത്ത് ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെയും ഇത് കാണിക്കുന്നു.

Content Highlights: hyundai-creta-10-year-anniversary