ഹ്യുണ്ടായി വാഹനനിരയിലേക്ക് ഒന്നിന് പുറകെ ഒന്നായി 26 മോഡലുകൾ വരുന്നു, ആദ്യം എത്തുന്നത് ഇലക്ട്രിക് SUV

#Auto Desk
Photo: Hyundai India
Photo: Hyundai India

ഇന്ത്യയുടെ വാഹന വിപണിയിലെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുന്നതിനുള്ള ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ഹ്യുണ്ടായി. അടുത്ത നാല് വർഷത്തിനുള്ളിൽ പൂതിയ മോഡലുകളും നിലവിലുള്ള വാഹനങ്ങളുടെ മുഖംമിനുക്കിയ പതിപ്പുകളും ഉൾപ്പെടെ 26 പുതിയ മോഡലുകളാണ് ഇതിനായി ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. കമ്പനിയുടെ 2026 സിഇഒ ഇൻവെസ്റ്റർ ഡേയിലാണ് ഈ പ്ലാൻ വെളിപ്പെടുത്തിയത്.

2030 വരെയുള്ള പദ്ധതികളാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ തന്നെ 26 പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ അപ്‌ഡേറ്റുകളും എത്തുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനൽകുന്നത്. ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതികൾക്ക് പുറമെ, 2030-ഓടെ ആഗോളതലത്തിൽ പ്രതിവർഷം 55.5 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുള്ള കമ്പനിയാകുകയെന്നതും ഹ്യുണ്ടായിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നും ഇൻവെസ്റ്റർ ഡേയിൽ അറിയിച്ചു.

2026-ന്റെ നാലാം പാദത്തിൽ ഹ്യുണ്ടായി ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുന്ന എ-സെഗ്മെന്റ് ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഈ 26-ൽ ആദ്യത്തേത്. ക്രെറ്റ ഇലക്ട്രിക് എന്ന വാഹനത്തിനപ്പുറത്തേക്ക് ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹന നിര കൂടുതൽ കരുത്തുറ്റതാക്കാനും, കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ട പ്രദേശികമായി വികസിപ്പിച്ചെടുക്കുന്ന ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത്.

ഇലക്ട്രിക് എസ്‌യുവിക്ക് പിന്നാലെ തന്നെ ഒരു ഐസ് മോഡൽ വാഹനമായിരിക്കും ഹ്യുണ്ടായി ഇന്ത്യയിൽ എത്തിക്കുക. മിഡ്‌സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ആയിരിക്കും ഈ വാഹനം എത്തുക. ക്രെറ്റയ്ക്ക് താഴെയായിരിക്കും വിപണിയിൽ ഈ എസ്‌യുവിയുടെ സ്ഥാനം. വിദേശ വിപണികളിൽ ഹ്യുണ്ടായി വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ള ബയേൺ എന്ന എസ്‌യുവിയോട് ചേർന്ന് നിൽക്കുന്ന മോഡലായിരിക്കും ഇതെന്നാണ് അഭ്യൂഹങ്ങൾ.

ഹ്യുണ്ടായിയുടെ ഭാവി പദ്ധതികൾക്ക് കരുത്തേകുന്നതിനായി ഇന്ത്യയിലെ ഉത്പാദന ശേഷി വർധിപ്പിക്കുകയെന്നതാണ് മറ്റൊരു നീക്കം. പ്രതിവർഷ ഉത്പാദന ശേഷിയിൽ 3.2 ലക്ഷം യൂണിറ്റിന്റെ വർധനവ് വരുത്താനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പ്രതിവർഷം 14.3 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഹ്യുണ്ടായി കൈവരിക്കും. 2030-ഓടെ ആഗോളതലത്തിൽ 1.27 മില്ല്യൺ യൂണിറ്റിന്റെ നിർമാണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഉത്പാദനം വർധിപ്പിക്കുന്നത്.

Content Highlights: Hyundai to launch 26 new models and updates in India by 2030., First EV in the A-segment to launch in Q4 2026., Production capacity in India to increase by 3.2 lakh units annually, reaching 14.3 lakh units.