ഹോണ്ടയുടെ നെക്‌സ്റ്റ് ജെൻ ഹൈബ്രിഡ് സിസ്റ്റവുമായി Avancier വരുന്നു; eAWD മുഖ്യ സവിശേഷത

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
ഹോണ്ട അവാന്‍സിയര്‍ | Photo - Honda
ഹോണ്ട അവാന്‍സിയര്‍ | Photo - Honda

ത്രീ-റോ ഹൈബ്രിഡ് എസ്‌യുവിയായ പുതിയ അവാൻസിയർ (Avancier) പുറത്തിറക്കി ഹോണ്ട. നെക്‌സ്റ്റ് ജനറേഷൻ ഹോണ്ട ഹൈബ്രിഡ് സിസ്റ്റവും ഡ്യുവൽപവർ ഇ-എഡബ്ല്യുഡിയും (DualPower eAWD) അവതരിപ്പിക്കുന്ന ആദ്യവാഹനമാണിത്. തായ്ലൻഡ്, ജപ്പാൻ, ചൈന തുടങ്ങിയ ഏഷ്യൻ വിപണികളിലാണ് ഈ മോഡൽ ആദ്യം എത്തുന്നത്. ഇന്ത്യയിലേക്കുള്ള പദ്ധതികൾെ ഹോണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹോണ്ടയുടെ 'ഗ്രാൻഡ്-ജേർണി' കോൺസെപ്റ്റ് പിന്തുടരുന്ന വാഹനമാണിത്. ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള വിശാലവും സുഖകരവുമായ ഒരു SUV-യാണിത്. പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഈ വാഹനം, പുതുക്കിയ എച്ച് എംബ്ലം പതിച്ചെത്തുന്ന ആദ്യ ഹോണ്ട മോഡൽ കൂടിയാണ്.

2-2-2 ക്രമീകരണത്തിൽ ആറ് സീറ്റ് ലേഔട്ടോടെയായിരിക്കും ഈ SUV എത്തുന്നത് എന്നാണ് പ്രതീക്ഷ. ഏഴ് സീറ്റ് ഓപ്ഷൻ പിന്നീട് വരുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രണ്ടാം നിരയിലെ സൗകര്യത്തിനാണ് ഈ വാഹനത്തിൽ മുൻഗണന നൽകിയിട്ടുള്ളത്.

നിലവിലുള്ള മറ്റ് ഹോണ്ട SUV-കളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതിന്റെ ഡിസൈൻ. വശങ്ങളിൽ, ബോക്‌സി രൂപത്തിലുള്ള സിലൗട്ട്, വലിയ ജനാലകൾ, കറുത്ത വീൽ-ആർച്ച് ക്ലാഡിംഗ്, ഫ്‌ളഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 20 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. പിന്നിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ടെയിൽ-ലാമ്പുകൾ, ഏതാണ്ട് ലംബമായ ടെയിൽഗേറ്റ്, ഒളിഞ്ഞിരിക്കുന്ന വൈപ്പറോടുകൂടിയ ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ എന്നിവ നൽകിയിട്ടുണ്ട്.

പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് ആൻഡ് ഹീറ്റഡ് സീറ്റുകൾ, മെമ്മറി ഫങ്ഷണടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, വയർലെസ് ചാർജിങ്, മൂന്ന് നിരകൾക്കും എസി വെന്റുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 എഡിഎഎസ് (ADAS) എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. റിമോട്ട് ഇൻ-ക്യാബിൻ വ്യൂ, റിമോട്ട് സറൗണ്ട്-വ്യൂ ഫങ്ഷനുകളും ഇതിന്റെ ഭാഗമാണ്.

നെക്സ്റ്റ് ജെൻ ഹൈബ്രിഡ് സംവിധാനം; ഇ-എഡബ്ല്യുഡി (eAWD)

കമ്പനിയുടെ അടുത്ത തലമുറ ഹോണ്ട ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കുന്ന ആദ്യത്തെ ഹോണ്ട മോഡലാണ് അവാൻസിയർ. ഇത് 2.0 ലിറ്റർ പെട്രോൾ എഞ്ചിനെ ഇ-സിവിടി (e-CVT) ട്രാൻസ്മിഷനുമായി ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഫ്രണ്ട്, റിയർ ആക്‌സിലുകളെ സ്വതന്ത്രമായി നയിക്കുന്ന പ്രത്യേക മോട്ടോറുകളോടുകൂടിയ ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സംവിധാനമായ ഡ്യുവൽപവർ ഇ-എഡബ്ല്യുഡി (DualPower eAWD) ആണ് ഇതിലെ പ്രധാന സവിശേഷത. വാഹനം നിശ്ചലാവസ്ഥയിൽ നിന്ന് ശക്തമായ ആക്‌സിലറേഷൻ നൽകുന്നതിനും, മികച്ച സ്ഥിരതയ്ക്കായി ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ടോർക്ക് വിതരണം ചെയ്യുന്നതിനുമാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Content Highlights: Debuts next-generation Honda Hybrid system with a 2.0-litre petrol engine and e-CVT., Features DualPower eAWD with independent front and rear electric motors., Spacious three-row, six-seat configuration (2-2-2 layout) with premium interior amenities., First Honda model to feature the revised 'H' emblem and built on the 'Grand-Journey' concept.