ഹോണ്ടയുടെ ഫൈവ് സ്റ്റാര്‍ അമേസ്; സുരക്ഷയില്‍ ഈ സെഡാന്‍ 'റിയലി അമേസിങ്'

സുരക്ഷയിലെ സ്റ്റാര്‍ ആകുന്നതിനുള്ള മത്സരത്തിലാണ് ഇന്ത്യയിലെ ഓരോ വാഹന നിര്‍മാതാക്കളും. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ക്ക് പിന്നാലെ ഒരു ഫൈവ് സ്റ്റാര്‍ റേറ്റിങ് മോഡല്‍ ഉറപ്പിച്ചതിന്റെ സന്തോഷത്തിലാണ് ഹോണ്ട കാര്‍സ്. സെഡാന്‍ വാഹന ശ്രേണിയില്‍ ഹോണ്ട എത്തിച്ചിട്ടുള്ള അമേസ് എന്ന വാഹനമാണ് ഇപ്പോള്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഹോണ്ട അമേസ് ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങുമാണ് ഹോണ്ടയുടെ ഈ ടോപ്പ് സെല്ലിങ് സെഡാന്‍ കൈവരിച്ചിരിക്കുന്നത്. അമേസിന്റെ മൂന്നാം തലമുറയുടെ ആറ് വേരിയന്റുകള്‍ക്കും ഈ റേറ്റിങ് ബാധാകമാണ്.
32-ല്‍ 28.33 പോയിന്റ് നേടിയാണ് ഈ സെഡാന്‍ മുതിര്‍ന്ന വരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയത്. എന്നാല്‍, കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 40.81 പോയിന്റ് മാത്രമാണ് ഈ വാഹനത്തിന് നേടാനായത്. അതുകൊണ്ടാണ് ഈ വിഭാഗത്തില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് കൊണ്ട് അമേസിന് തൃപ്തിപ്പെടേണ്ടി വന്നത്. ആറ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, ഇസിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് എന്നിവ ഈ വാഹനത്തിലെ അടിസ്ഥാന ഫീച്ചറുകളാണ്.
ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുന്ന ആദ്യ സെഡാന്‍ മോഡല്‍ മാരുതി സുസുക്കി ഡിസയര്‍ ആയിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 29.46 പോയിന്റ് നേടിയാണ് ഈ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. അതായത് അമേസിനെക്കാള്‍ 1.13 പോയിന്റ് കൂടുതല്‍ ഡിസയറിന് നേടാനായി. കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 41.57 പോയിന്റ് നേടിയാണ് ഡിസയര്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയത്. അമേസിന് 40.81 പോയിന്റ് ആണ് ലഭിച്ചത്.
ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ ക്യാമറയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഡാസ് സംവിധാനം ഉള്‍പ്പെടെയാണ് അമേസ് എത്തിയിരിക്കുന്നത്. 90 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൂന്നാം തലമുറ അമേസിന്റെയും ഹൃദയം.ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ V, VX, ZX വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 7.40 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
Content Highlights: Honda Amaze achieves a 5-star safety rating in Bharat NCAP crash tests for adult occupants. Discover its safety features, performance, and variants.