ലോകകപ്പിനൊപ്പം പുതിയ സന്തോഷം, ഹാർദിക് പാണ്ഡ്യയുടെ വാഹനശേഖരത്തിലേക്ക് 10 കോടിയുടെ ഫെരാരിയും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടും തൂണികളിൽ ഒരാളാണ് ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യ. അടുത്തിടെ ടി20 ലോകകപ്പിൽ നേടിയ ഗംഭീര വിജയത്തിന്റെ ആഘോഷത്തിനൊപ്പം പുതിയൊരു സൂപ്പർ കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ് പാണ്ഡ്യ. ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെരാരിയുടെ 12 സിലിൻഡ്രി എന്ന വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ വാഹന ശേഖരം വെളിപ്പെടുത്തിയുള്ള വീഡിയോയിലാണ് ഈ വാഹനം കാണിച്ചിരിക്കുന്നത്.
വളരെ സിനിമാറ്റിക് ആയിട്ടുള്ള ഒരു വീഡിയോയാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഫെരാരിയുടെ ഹെഡ്‌ലൈറ്റുകളുടെയും വീലുകളുടെയും ദൃശ്യത്തിനും എൻജിൻ ശബ്ദത്തിന്റെ പശ്ചാത്തലത്തിലുമാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് വാഹനത്തിനുള്ളിൽ നിന്ന് പാണ്ഡ്യ ക്രിക്കറ്റ് ബാറ്റുമായി പുറത്തേക്ക് ഇറങ്ങുന്നതും മുംബൈ ഇന്ത്യൻസിന്റെ മറ്റ് താരങ്ങൾക്കൊപ്പം നടന്ന് നീങ്ങുന്നതും വീഡിയോയിൽ കാണാം.
1960-ൽ നിരത്തുകളിൽ ഉണ്ടായിരുന്ന ഫെരാരിയുടെ ഐതിഹാസിക വാഹനം ഗ്രാന്റ് ടൂറർ മോഡലായിരുന്ന 365 ജിടിബി/4 ഡെയ്‌റ്റോണ മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനിലാണ് ഈ ഫെരാരിയുടെ 12 സിലിൻഡ്രി ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് എൻജിൻ മോഡലായ 12 സിലിൻഡ്രിയിൽ ക്ലാംഷെൽ ബോണറ്റും നൽകിയിട്ടുണ്ട്. 21 ഇഞ്ച് എയറോ ബ്ലേഡ് സ്‌റ്റൈൽ അലോയി വീലുകളും ഈ വാഹനത്തിന്റെ ഡിസൈൻ മികവ് തെളിയിക്കുന്നു.
ഐതിഹാസിക വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിനൊപ്പം കരുത്തുറ്റ എൻജിനും ഫെരാരിയുടെ 12 സിലിൻഡ്രിയുടെ സവിശേഷതയാണ്. 6.5 ലിറ്റർ നാച്വറലി അസ്പിരേറ്റഡ് വി12 എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 819 ബിഎച്ച്പി പവറും 678 എൻഎം ടോർക്കുമാണ് നൽകുന്നത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ നൽകിയിട്ടുള്ള ഫെരാരി 12 സിലിൻഡ്രി 2.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.
സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്‌യുവികളുടെയും വലിയ നിരയാണ് പാണ്ഡ്യയുടെ വാഹന ശേഖരത്തിലുള്ളത്. ലംബോർഗിനി ഉറുസ്, മെഴ്‌സിഡീസ് എഎംജി ജി 63, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വി തുടങ്ങിയ നീങ്ങുന്ന വാഹന നിരയിലേക്കാണ് ഇപ്പോൾ ഏകദേശം 10 കോടി രൂപയോളം വില വരുന്ന ഫെരാരിയുടെ 12 സിലിൻഡ്രി എന്ന വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Hardik Pandya purchased the new Ferrari 12Cilindri, valued at approximately ₹10 crore., The car features a 6.5-liter naturally aspirated V12 engine producing 819 bhp., It accelerates from 0-100 km/h in just 2.9 seconds., The vehicle design is inspired by the iconic 1960s Ferrari 365 GTB/4 Daytona., Pandya's collection includes other luxury vehicles like the Lamborghini Huracan and Mercedes-AMG G63.