സ്വപ്‌ന വാഹനം കൈയെത്തി പിടിച്ച് ഗ്രേസ് ആന്റണി; യാത്രകൾക്ക് കൂട്ടായി ഇനി ബിഎംഡബ്ല്യു എസ്‌യുവി

മലയാള സിനിമയിലെ നായിക നിരയിൽ ശ്രദ്ധേയമായ താരമാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ടീനയിൽ നിന്ന് ആരംഭിച്ച ഗ്രേസ് ആന്റണി പിന്നീട് ഇങ്ങോട്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. കരിയറിലുണ്ടായ നേട്ടത്തിനൊപ്പം തന്റെ വാഹനവും അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഗ്രേസ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്‌യുവി മോഡൽ എക്‌സ്3 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ആഡംബരത്തിനൊപ്പം കരുത്തും ചേരുന്ന ബിഎംഡബ്ല്യുവിന്റെ എസ്‌യുവി മോഡലാണ് എക്‌സ്3. പെട്രോൾ ഡീസൽ എൻജിനുകളിൽ മൂന്ന് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഈ വാഹനത്തിന്റെ എക്‌സ് ഡ്രൈവ് 30 എം സ്‌പോർട്ട് പ്രോ പതിപ്പാണ് ഗ്രേസ് തിരഞ്ഞെടുത്തത്. ഏകദേശം 75 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വൈകാരികമായ കുറിപ്പിനൊപ്പമാണ് വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങളും ഗ്രേസ് പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ടതും സുന്ദരവുമായ ജീവിതം സ്വപ്‌നം കണ്ട കുട്ടിക്കാലമായിരുന്നു എന്റേത്. എങ്ങനെയെന്ന് അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ അവിടെ എത്തുമെന്ന് വിശ്വസിച്ചു. അതിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. സംശയത്തിന്റെ നിമിഷങ്ങളും ആരുമറിയാതെയുള്ള പോരാട്ടങ്ങളും എല്ലാം ഉപേക്ഷിക്കാൻ തോന്നിയ നിമിഷങ്ങളുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ ഞാൻ എന്നെത്തന്നെ ഉപേക്ഷിച്ചില്ല എന്നാണ് കുറിപ്പിൽ പറയുന്നത്.
ഇന്ന് ഈ താക്കോൽ കൈയിൽ മുറുകെ പിടിക്കുമ്പോൾ എനിക്ക് അറിയാം, ഇതൊരു കാർ മാത്രമല്ല. എന്റെ കഠിനാധ്വാനം, വിശ്വാസം, കരുത്ത് എന്നിവയെല്ലാം ഇതിൽ ചേർന്നിട്ടുണ്ടെന്ന്. ദൈവം എന്നോട് കരുണയുള്ളവനായിരുന്നു. എന്റെ ഹൃദയം നന്ദിയാൽ നിറയുന്നു. നിങ്ങൾ മുന്നേറാൻ തീരുമാനിച്ചാൽ ജീവിതം നിങ്ങൾക്കായി മനോഹരമായ പലതും കാത്തുവെച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ നിമിഷമെന്നാണ് വാക്കുകളുമായി ഗ്രേസിന്റെ കുറിപ്പ് അവസാനിക്കുന്നത്.
പെട്രോൾ-ഡീസൽ എൻജിനുകളിൽ ബിഎംഡബ്ല്യു എക്‌സ്3 ഇന്ത്യയിൽ എത്തുന്നുണ്ട്. ഇതിൽ പെട്രോൾ എൻജിൻ പതിപ്പാണ് ഗ്രേസ് തിരഞ്ഞെടുത്തിരിക്കുന്നത്. 2.0 ലിറ്റർ ടർബോ എൻജിനാണ് പെട്രോൾ മോഡലിന്റെ ഹൃദയം. 255 ബിഎച്ച്പി പവറും 400 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എക്‌സ് 3-യിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 6.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
Content Highlights: Grace Antony purchased a new BMW X3 SUV., The model chosen is the xDrive 30i M Sport Pro variant., Ex-showroom price is approximately 75 Lakh rupees., The vehicle features a 2.0-liter turbo engine with 255 bhp., The actress shared an emotional post about her journey and hard work.