ഇലക്ട്രിക് വാഹനങ്ങള്‍ വെറും കളിപ്പാട്ടം, രാഷ്ട്രീയമായി പൊലിപ്പിച്ച് കാണിച്ചാണ് നിലനില്‍ക്കുന്നതെന്ന് ഗൗതം സിംഘാനിയ

ഗൗതം സിംഘാനിയ | Photo: PTI
ഗൗതം സിംഘാനിയ | Photo: PTI

ന്ത്യയില്‍ ഏറ്റവുമധികം സൂപ്പര്‍ കാറുകളുടെ ശേഖരമുള്ള വ്യവസായികളില്‍ ഒരാളാണ് റെയ്മണ്ട് ഗ്രൂപ്പ് സിഇഒ ഗൗതം സിംഘാനിയ. മസരാറ്റി എം.സി.20, മക്​ലാരന്‍ 720 എസ്, മക്​ലാരന്‍ 570 എസ്, ഫെരാരി 488 പിസ്റ്റ, ഫെരാരി 296 ജി.ടി.ബി, ഫെരാരി 458 ഇറ്റാലിയ, ഫെരാരി 458 ചലഞ്ച്, ഫെരാരി എസ്.എഫ്90 സ്ട്രാഡാസ്, ഫോര്‍ഡ് റാട്രോഡ്, പോണ്ടിയാക് ഫയര്‍ബേര്‍ഡ് ട്രാന്‍സാം, ലോട്ടസ് എലിസ്, ഹോണ്ട് എസ്200 തുടങ്ങി സൂപ്പര്‍ കാറുകളുടെ വലിയ കളക്ഷന്‍ സ്വന്തമായുള്ള അദ്ദേഹം ഇലക്ട്രിക് വാഹനങ്ങളോടുള്ള തന്റെ വിയോജിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ എന്നത് വെറും കളിപ്പാട്ടമാണെന്നാണ് ഗൗതം അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയമായുള്ള പൊലിപ്പിച്ച് കാണിക്കലിലൂടെ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിലനില്‍പ്പെന്നും അദ്ദേഹം പരിഹസിച്ചു. എന്‍ഡിടിവി നടത്തിയ വേള്‍ഡ് സമ്മിറ്റിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇലക്ട്രിക് വാഹനങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുപോലുമില്ലെന്നും ഐസിഇ കാറുകളെ അപേക്ഷിച്ച് എണ്ണത്തില്‍ പോലും വളരെ പിന്നിലാണ് ഇലക്ട്രിക് വാഹനങ്ങളെന്നും ഗൗതം സിംഘാനിയ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളെ എന്റെ കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങള്‍ പോലെയാണ് തോന്നിയിട്ടുള്ളത്.  നാല് വയസുള്ളപ്പോള്‍ ബാറ്ററിയില്‍ ഓടുന്ന ഒരു കാര്‍ കൈവശമുണ്ടായിരുന്നു. ഈ ചെറിയ കാറും ഒരു തരത്തില്‍ ഇലക്ട്രിക് വാഹനം തന്നെയല്ലേ, പിന്നെ എന്തിനാണ് ഇലക്ട്രിക് കാറുകള്‍ക്കായി ഇപ്പോള്‍ ഇത്രയും മുറവിളി എന്നാണ് ഗൗതം ചോദിക്കുന്നത്. രാഷ്ട്രിക്കാര്‍ ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത വേദിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍.

ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പര്‍കാര്‍ ക്ലബ്ബായ സൂപ്പര്‍ കാര്‍ ക്ലബ് ഗ്യാരേജിന്റെ സ്ഥാപകന്‍ കൂടിയാണ് ഗൗതം സിംഘാനിയ. ഐസിഇ സൂപ്പര്‍ കാറുകളുടെ വലിയ ശേഖരമാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. ബിഎംഡബ്ല്യു എം2 സ്‌പോര്‍ട്‌സ് ആണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയ മോഡല്‍. റേസിങ്ങിന് ഇണങ്ങുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ ഈ വാഹനത്തിന് പോര്‍ട്ടിമാവോ ബ്ലൂ നിറമാണ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ ബോഡി കിറ്റ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവ ഈ വാഹനത്തിന് റേസിങ് വാഹനത്തിന്റെ ഭാവം നല്‍കുന്നുണ്ട്.

Source

Content Highlights: Raymond CEO Gautam Singhania, a prominent supercar collector, dismisses electric vehicles as mere toys, stating their existence is due to political promotion. He prefers ICE cars.