ഇന്ത്യയിലേക്ക് തിരിച്ചെത്തും, 3000 തൊഴിലവസരങ്ങള്‍; തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചനടത്തി ഫോര്‍ഡ്

പ്രതീകാത്മക ചിത്രം | Photo: ford.com.ph
പ്രതീകാത്മക ചിത്രം | Photo: ford.com.ph

ഇന്ത്യയിലെ വാഹന വിപണിയോട് വിടപറഞ്ഞെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഇപ്പോഴും ഫോര്‍ഡ് അവശേഷിപ്പിച്ചിട്ടുണ്ട്. ഫോര്‍ഡിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന രണ്ട് പ്ലാന്റുകളില്‍ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് കൈമാറിയപ്പോഴും ചെന്നൈയിലെ പ്ലാന്റ് ഫോര്‍ഡിന്റേതായി തന്നെ നിലനിര്‍ത്തിയതാണ് തിരിച്ചുവരവിനുള്ള പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യ പുതിയ ഇലക്ട്രിക് വാഹനനയം പ്രഖ്യാപിച്ചതോടെ ഇലക്ട്രിക്കിലൂടെ തിരിച്ചുവരവിനുള്ള സാധ്യത ഫോര്‍ഡ് തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന നല്‍കി ഫോര്‍ഡിന്റെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഗ്രൂപ്പ്‌സ് മേധാവി കേ ഹാര്‍ട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ചെന്നൈയ്ക്ക് സമീപമുള്ള മറൈമലൈ നഗര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിനായാണ് ഫോര്‍ഡ് അധികൃതര്‍ സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയതെന്നാണ് സൂചനകള്‍. 

ഫോര്‍ഡിന്റെ മുതര്‍ന്ന അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് തമിഴ്‌നാട് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. ചെന്നൈയിലെ പ്ലാന്റിന്റെ ഭാവി ഉപയോഗങ്ങള്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2500 മുതല്‍ 3000 വരെയുള്ള പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഫോര്‍ഡ് സര്‍ക്കാരിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിന് പ്രദേശിക നിര്‍മാണം അനിവാര്യമാണ്. ഇതിനായി കമ്പനിയുടെ എസ്.യു.വി. മോഡലായ എന്‍ഡേവര്‍ ഇന്ത്യയില്‍ നിര്‍മിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഫോര്‍ഡ് എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള ഇലക്ട്രിക് മോഡലായ മസ്താങ് മാക്-ഇ എന്ന മോഡല്‍ പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ ഇന്ത്യയില്‍ വികസിപ്പിക്കാനും ഫോര്‍ഡ് ശ്രമിക്കുന്നുണ്ട്.

ഫോര്‍ഡിന്റെ ചെന്നൈയിലെ പ്ലാന്റ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ 2023-ല്‍ റദ്ദാക്കിയിരുന്നു. നേരത്തേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വിയറ്റ്നാമിലെ ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ വിന്‍ഫാസ്റ്റും ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റ് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പുമായുള്ള കരാര്‍ പൊടുന്നനെയാണ് ഫോര്‍ഡ് റദ്ദാക്കിയത്. 2022 ഓഗസ്റ്റില്‍ ഫോര്‍ഡ് തങ്ങളുടെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്സിന് വിറ്റു. 725 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഏറ്റെടുത്തത്.

Source

Content Highlights: Ford officials meet tamilnadu government Representative to discuss India plans