ഫോര്‍ഡിന്റെ തമിഴ്‌നാട് പ്ലാന്റ് തുറക്കുന്നു, കാലതാമസമുണ്ടായത് US ഭരണമാറ്റം മൂലം; ഉറപ്പിച്ച് മന്ത്രി

തമിഴ്നാട്ടിലെ ഫാക്ടറി വീണ്ടുംതുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് യുഎസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. ഇവിടെ നിര്‍മിക്കേണ്ട ഘടകങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമെടുത്തെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും തമിഴ്നാട് വ്യവസായമന്ത്രി ടി.ആര്‍.ബി. രാജാ അറിയിച്ചു.
ചെന്നൈയ്ക്കടുത്ത് മറൈമലൈ നഗറിലുള്ള ഫാക്ടറി തുറക്കുന്നതുസംബന്ധിച്ച താത്പര്യപത്രത്തില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഫോര്‍ഡ് ഒപ്പുവെച്ചിരുന്നു. യുഎസിലെ ഭരണമാറ്റം കാരണമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകിയത്. ഇതോടെ ഫോര്‍ഡ് വരുന്നകാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയുംചെയ്തു. എന്നാല്‍, ഈ വര്‍ഷം രണ്ടാംപാദത്തില്‍ ചെന്നൈയിലെ ഫാക്ടറി ഫോര്‍ഡ് തുറക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചെന്നൈയിലെ പ്ലാന്റില്‍ കാറുതന്നെ നിര്‍മിക്കുമോ അതോ എന്‍ജിനും മറ്റു ഘടകങ്ങളും നിര്‍മിച്ചു കയറ്റി അയക്കുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ കാറുണ്ടാക്കില്ലെന്നും കയറ്റുമതിക്കായി എന്‍ജിനുകളും മറ്റു ഘടകങ്ങളും നിര്‍മിക്കുകയാണ് ചെയ്യുകയെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യന്‍ കാര്‍ വിപണിയില്‍നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച ഫോര്‍ഡ് 2022-ലാണ് ചെന്നൈ മറൈമലൈ നഗറിലെ ഫാക്ടറി പൂട്ടിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ വര്‍ഷം യുഎസ് സന്ദര്‍ശനവേളയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് തമിഴ്നാട്ടിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഫോര്‍ഡ് നടപടി തുടങ്ങിയത്. ജനപ്രിയ എസ്യുവിയായ എന്‍ഡവര്‍ നേരത്തേ ചെന്നൈയിലാണ് നിര്‍മിച്ചിരുന്നത്. പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ വൈദ്യുത കാറുകളുടെ നിര്‍മാണത്തിനായിരിക്കും ഈ ഫാക്ടറി ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മറൈമലൈ നഗറിനെ കൂടാതെ ഗുജറാത്തിലെ സാനന്ദിലാണ് ഇന്ത്യയില്‍ ഫോര്‍ഡിന് ഫാക്ടറിയുണ്ടായിരുന്നത്. കാര്‍വിപണിയില്‍ ഉദ്ദേശിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് ഇന്ത്യവിടുന്നതായി 2021-ല്‍ കമ്പനി പ്രഖ്യാപിച്ചു. 2022-ല്‍ ഫാക്ടറികള്‍ പൂട്ടുകയുംചെയ്തു. ഗുജറാത്തിലെ ഫാക്ടറി ടാറ്റയ്ക്കു കൈമാറിയെങ്കിലും തമിഴ്നാട്ടിലെ ഫാക്ടറി ഇപ്പോഴും ഫോര്‍ഡിന്റെ കൈവശമാണുള്ളത്.
Content Highlights: Ford is restarting its Chennai plant after closing it in 2022-may produce EV components or vehicles