ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു, ഉറപ്പിച്ച് പറഞ്ഞ് ഫോര്‍ഡ്; എത്തുന്നത് വെറുംകൈയോടെയല്ല, നിക്ഷേപിക്കുന്നത് 3250 കോടി

ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് വിടപറഞ്ഞ് നാലുവര്‍ഷം പിന്നിട്ടതോടെ തിരിച്ചുവരവിനുള്ള സാധ്യത തുറന്ന് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. കമ്പനിയുടെ തമിഴ്‌നാട്ടിലുള്ള പ്ലാന്റില്‍ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുകയാണെന്നാണ് ഫോര്‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, വാഹനങ്ങള്‍ ആയിരിക്കില്ല ഇവിടെ നിര്‍മിക്കുക. ആഗോള വിപണികളിലേക്കുള്ള പുതുതലമുറ വാഹനങ്ങളുടെ പവര്‍ട്രെയിനുകള്‍ ചെന്നൈയില്‍ നിര്‍മിക്കാനാണ് ഫോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി 3250 കോടി രൂപയുടെ നിക്ഷേപമാണ് ചെന്നൈയിലെ പ്ലാന്റിലേക്ക് എത്തുന്നത്. എന്‍ജിനുകളുടെ നിര്‍മാണത്തിനായി പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 600 നേരിട്ടുള്ള തൊഴില്‍ അവസരങ്ങളായിരിക്കും ഇവിടെ ഒരുങ്ങുക. 25 വര്‍ഷത്തിലധികം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോര്‍ഡ് കടുത്ത സാമ്പത്തിക നഷ്ടത്തിന്റെയും വില്‍പ്പന ഇടിവിന്റെയും പശ്ചാത്തലത്തില്‍ 2021-ലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യ വിടുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് വിറ്റെങ്കിലും തമിഴ്‌നാട്ടിലെ പ്ലാന്റ് നിലനിര്‍ത്തുകയായിരുന്നു. ആദ്യ സൂചന അനുസരിച്ച് പ്രീമിയം വാഹനങ്ങളും ഇലക്ട്രിക് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കുമെന്നായിരുന്നു വിവരം. 2024-ല്‍ യുഎസ് സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ഫോര്‍ഡ് അധികൃതര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മടങ്ങിവരവിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ചെന്നൈയിലെ പ്ലാന്റില്‍ പുതുതലമുറ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന നൂതന എന്‍ജിനുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. 2024 സെപ്റ്റംബറില്‍ തമിഴ്‌നാട് സര്‍ക്കാരും ഫോര്‍ഡും തമ്മില്‍ ഒപ്പുവെച്ച താത്പര്യപത്രം അനുസരിച്ച് ഫോര്‍ഡ് പ്ലസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ നിര്‍മാണ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന തന്ത്രപരമായി നീക്കമാണ് കമ്പനി നടത്തുന്നതെന്നാണ് ഫോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
പൂര്‍ണമായും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള എന്‍ജിനുകളായിരിക്കും ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുക. എന്നാല്‍, ഏത് വാഹനത്തിനുള്ള എന്‍ജിനുകളാണെന്നും ഏത് തരത്തിലുള്ള എന്‍ജിനായിരിക്കും വികസിപ്പിക്കുകയെന്ന കാര്യത്തില്‍ ഫോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. 2029-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ പ്ലാന്റില്‍ പ്രതിവര്‍ഷം 2,35,000 എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടായിരിക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്.
ഫോര്‍ഡിന്റെ ഈ തിരിച്ചുവരവ് തമിഴ്‌നാടിന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന വാഹന നിര്‍മാണ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക സൗഹൃദ അന്തരീക്ഷത്തിനുള്ള അംഗീകാരമായി കൂടി ഈ തിരിച്ചുവരവിനെ കാണുന്നുവെന്നാണ് തമിഴ്‌നാട് വ്യവസായമന്ത്രി ടി.ആര്‍.ബി.രാജ അഭിപ്രായപ്പെടുന്നത്. ഫോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിനൊപ്പം സുഗമമായ നടത്തിപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Ford is back in India! After a 4-year hiatus, the automaker announces a major comeback with a ₹3250 crore investment to manufacture powertrains in Tamil Nadu.