‘ഇത് നിങ്ങളുടെ ആദ്യ ഫോർ ഡോർ കാറാണോ’? ഫെരാരിയുടെ ആദ്യ ഇലക്ട്രിക് ലൂഷെ കാർ കണ്ട് മാർപ്പാപ്പ

ലിയോ പതിനാറാമന്‍ മാര്‍പ്പാപ്പ ഫെരാരിയുടെ ആദ്യ ഇലക്ട്രിക് കാറായ ലൂഷെയ്ക്ക് സമീപം | Photo: AFP
ലിയോ പതിനാറാമന്‍ മാര്‍പ്പാപ്പ ഫെരാരിയുടെ ആദ്യ ഇലക്ട്രിക് കാറായ ലൂഷെയ്ക്ക് സമീപം | Photo: AFP

റ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ നിർമാതാക്കളായ ഫെരാരിയുടെ ആദ്യ ഇലക്ട്രിക് കാർ ലൂഷെ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഫെരാരി വാഹനങ്ങളുടെ തനത് ഡിസൈനിൽ നിന്ന് വ്യത്യസ്തമായാണ് ആദ്യ ഇലക്ട്രിക് കാർ ഒരുങ്ങിയിരിക്കുന്നത്. ആപ്പിൾ ഡിസൈൻ മുൻ മേധാവി ജോണി ഐവ് സഹസ്ഥാപകനായ ലവ്ഫ്രം എന്ന സ്ഥാപനമാണ് ഫെരാരി ലൂഷെയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ഫോർ ഡോർ ഫൈവ് സീറ്റർ വാഹനമായാണ് ഫെരാരി ലൂഷെ എത്തിയിരിക്കുന്നത്.

ഫെരാരിയിൽ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന ഫൈവ് സീറ്റർ വാഹനമെന്ന പ്രത്യേകയും ഈ ഇലക്ട്രിക് വാഹനത്തിനുണ്ട്. ഫെരാരിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചതായാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏകദേശം 6.10 കോടി രൂപയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് ആദ്യ ഇലക്ട്രിക് വാഹനം മാർപ്പാപ്പയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഫെരാരി.

ലിയോ പതിനാറാമൻ മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിലാണ് ഫെരാരി പുതിയ ഇലക്ട്രിക് വാഹനവുമായി എത്തിയത്. ഫെരാരിയുടെ പ്രസിഡന്റ്‌ ജോൺ എൽക്കാൻ, ഫാക്ടറി ടെസ്റ്റ് ഡ്രൈവർ റാഫേൽ ഡി സിമോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് മാർപ്പാപ്പ പുതിയ കാർ കണ്ടറിഞ്ഞത്. വാഹനത്തിന്റെ ഡിസൈൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെയാണ് കമ്പനി മാർപ്പാപ്പയ്ക്ക് മുന്നിൽ എത്തിച്ചത്.

മറ്റ് ഫെരാരി കാറുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ഇന്റീരിയറും അദ്ദേഹം പരിശോധിച്ചു. ഇത് ഫെരാരിയുടെ ആദ്യത്തെ നാല് ഡോറുള്ള വാഹനമാണോയെന്നായിരുന്നു മാർപ്പാപ്പയുടെ ചോദ്യം. എന്നാൽ, ഇത് ഞങ്ങളുടെ ആദ്യത്തെ അഞ്ച് സീറ്റുകള്ള വാഹനമാണെന്നായിരുന്നു എൽക്കാനിന്റെ മറുപടി. വാഹനത്തിന്റെ സവിശേഷതകൾ പൂർണമായും റാഫേൽ, മാർപ്പാപ്പയ്ക്ക് വിശദീകരിച്ച് നൽകി.

സ്‌കേറ്റ് ബോർഡ് ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഫെരാരിയുടെ ഈ ആദ്യ ഇലക്ട്രിക് വാഹനം ഒരുങ്ങിയിരിക്കുന്നത്. നാല് ഇലക്ട്രിക് മോട്ടോറുകൾ കരുത്തേകുന്ന ഈ വാഹനത്തിന് 1050 എച്ച്പി പവറും 990 എൻഎം ടോർക്കും നൽകാനാകും. 2.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കരുത്തുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 310 കിലോമീറ്ററാണ്. 122 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള ഈ വാഹനത്തിന്റെ റേഞ്ച് 530 കിലോമീറ്ററാണ്.

Content Highlights: Ferrari's first-ever 5-seater electric vehicle, the Luce., Designed by Jony Ive's LoveFrom studio., Features 1050HP power and 990Nm torque with 4 electric motors., Offers a 530km range with a 122kWh battery pack., 0-100 km/h acceleration in just 2.5 seconds., Expected ex-showroom price of 6.10 crore INR.