സാഹസികരേ... ശാന്തരാകുവിന്‍ | Jeep Wrangler Test Drive

#സി.സജിത്
ജീപ്പ് റാങ്ലര്‍ | Photo: Jeep India
ജീപ്പ് റാങ്ലര്‍ | Photo: Jeep India

വഴിവെട്ടിപ്പോകാന്‍ ഇഷ്ടപ്പെടുന്ന സാഹസികരുടെ മനസ്സ് വായിച്ചവരാണ് അമേരിക്കക്കാര്‍. അവരുടെ ജീനിലുള്ള സാഹസികതയെല്ലാം ഒരുമിച്ചപ്പോഴാണ് റാങ്ലര്‍ ഉണ്ടായത്. കരയായാലും പുഴയായാലും മലയായാലും ഒരുപോലെ കീഴടക്കുന്ന കരുത്തന്‍. അതിനു മുന്നില്‍ പ്രതിബന്ധങ്ങള്‍ വഴിമാറുന്നു. കഴിഞ്ഞ ദിവസമാണ് റാങ്ലറിന്റെ പുതുക്കിയ പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. പഴയ പതിപ്പിനേക്കാള്‍ അഞ്ചുലക്ഷം രൂപ കൂടും. എന്നാല്‍, വിലയ്ക്ക് വിലകല്പിക്കാത്തവര്‍ക്ക് പുതിയ റാങ്ലര്‍ മുതലാണ്. കാരണം മറ്റ് വാഹനങ്ങള്‍ക്ക് അപ്രാപ്യമായ പ്രതലങ്ങളിലൂടെയെല്ലാം ചാഞ്ഞുംചെരിഞ്ഞും മുന്നേറി, കുതിച്ചൊഴുകുന്ന സത്ലജ് നദിയിലൂടെ ഊളിയിട്ട് ഉയരാന്‍ റാങ്ലറിന് സാധിക്കും.

അടുത്തറിഞ്ഞാല്‍ 'ആവേശം'

2023-ല്‍ ആഗോളതലത്തിലെത്തിയ മോഡല്‍ തന്നെയാണ് ഇന്ത്യയിലും അടിസ്ഥാനം. അണ്‍ ലിമിറ്റഡ്, റൂബികോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റാങ്ലര്‍ വരുന്നത്. റാങ്ലറിന്റെ അടിസ്ഥാനമായ കരുത്തേറിയ രൂപം ഒന്നുകൂടി മസില്‍ പെരുപ്പിച്ചിട്ടുണ്ട്. ഗൗരവം കൂട്ടാന്‍ മുന്നിലെ ഗ്രില്ലില്‍ പുതിയ ഏഴ് കട്ട ജനല്‍കമ്പനികള്‍ വന്നതോടെ സംഗതി കളറായി.

ഒപ്പം പുതിയ 18 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോള്‍ ആരുണ്ടെടാ ചോദിക്കാന്‍ എന്ന ഭാവമായി. മൊബൈല്‍ ഫോണിലൊക്കെ ഉപയോഗിക്കുന്ന ഗൊറില്ല ഗ്ലാസ് കൊണ്ടാണ് വിന്‍ഡ്ഫീല്‍ഡിന്റെ നിര്‍മാണം. റൂബിക്കണിലും കറുപ്പിലൊരുക്കിയിരിക്കുന്ന സിഗ്‌നേച്ചര്‍ സെവന്‍സ്ലാറ്റ് റേഡിയേറ്റര്‍ ഗ്രില്ലും 17 ഇഞ്ച് അലോയ് വീലും വരുന്നുണ്ട്്. പൂര്‍ണമായും ഊരിമാറ്റാവുന്നതാണ് മുകള്‍ഭാഗവും ഡോറുകളും.

പ്രൗഢി തിളങ്ങുന്ന അകം

അകത്തും ഒരു അമേരിക്കന്‍ ജനുസ് തോന്നിക്കുന്നുണ്ട്. ഉള്ളിലെ മെറ്റീരിയലുകളെല്ലാം തന്നെ മികച്ച നിലവാരമാണ്. എല്ലാം സോഫ്ടച്ചിലേക്കും നോബിലേക്കും മറ്റും മാറുമ്പോള്‍ ജീപ്പ് എല്ലാം മാന്വലില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. പ്രത്യേകിച്ച് ഫോര്‍വീല്‍ ഡ്രൈവ് ഗിയര്‍. ന്യൂജെനേക്കാളും പെട്ടെന്ന് പ്രതികരിക്കുന്നത് മാന്വലാണെന്ന തിരിച്ചറിവ് തന്നെ കാരണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരിക്കലും കൈവിടില്ല. ഡാഷ്ബോര്‍ഡ് രൂപകല്പനയും മറ്റ് കാര്യങ്ങളുമെല്ലാം മുന്‍ഗാമിക്ക് സമാനമാണെങ്കിലും സൗന്ദര്യവത്കരണത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനാണ് ഡാഷിലെ താരം. വലിയ സ്‌ക്രീനിന്റെ വരവോടെ സെന്‍ട്രല്‍ എയര്‍ വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് താഴേക്ക് മാറി. 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളുമെത്തി.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ

ഓഫ്റോഡാകുമ്പോള്‍ സുരക്ഷയില്‍ വീഴ്ച പാടില്ലല്ലോ. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്ക് പുറമേ അഡാസും വരുന്നുണ്ട്. രണ്ട് വേരിയന്റുകളിലും 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോപെട്രോള്‍ എന്‍ജിനാണ് വരുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ചേരുമ്പോള്‍ കഠിനപാതകളില്‍ ശരണം വിളിക്കേണ്ടി വരില്ല. 

270 ബി.എച്ച്.പി. പവറില്‍ പരമാവധി 400 എന്‍.എം. ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ജീപ്പിന്റെ സെലക്ട്രാക്ക് ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് മുഴുവന്‍ സമയവും സജ്ജമാണ്. സ്വെബാര്‍ ഡിസ്‌കണക്ടഡ് മോഡാണ് മറ്റൊരു അനുഗ്രഹം. നാലുവീലുകളും നാലു തരത്തില്‍ പ്രതലത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണിത്. കാട്ടിലും പുഴയിലും പാറയിലും കയറുമ്പോള്‍ ഇതിന്റെ ഗുണം ശരിക്കുമനുഭവിക്കാന്‍ കഴിഞ്ഞു. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രി (റൂബിക്കോണിന് 21 ഡിഗ്രി) എന്നിങ്ങനെയാണ്.

Content Highlights: Facelift version of Jeep Wrangler Test Drive review