ഇലക്ട്രിക് വാഹനങ്ങളിലെ ത്രികോണ മത്സരം; മുന്നിലോടി ടാറ്റ, ഒപ്പമെത്താൻ എംജി, വേഗത്തിലോടി മഹീന്ദ്രയും

ഇന്ത്യയിലെ വാഹനവിപണിയുടെ നിർണായകശക്തമായി മാറിയിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇന്ത്യയിലെ ഭൂരിഭാഗം വാഹനനിർമാതാക്കളും ഒന്നിലധികം ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ്, മഹീന്ദ്ര എന്നീ മൂന്ന് കമ്പനികളിലാണ് രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ നെടുംതൂണുകൾ. ഇതിൽതന്നെ വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ ടാറ്റ മോട്ടോഴ്‌സാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചത് ടാറ്റ മോട്ടോഴ്‌സ് ആണെങ്കിലും അതിവേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയിരിക്കുന്ന മഹീന്ദ്രയാണ്. 2025 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വിപണിവിഹിതത്തിൽ ഉണ്ടായ വർധനവാണ് മഹീന്ദ്രയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിലെ വിപണി വിഹിതം 7.8 ശതമാനമായിരുന്നെങ്കിൽ 2026-ൽ അത് 21.2 ശതമാനമായി ഉയർത്താൻ മഹീന്ദ്രയ്ക്ക് സാധിച്ചു.
2026 സാമ്പത്തിക വർഷത്തിലും ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത് ടാറ്റ മോട്ടോഴ്‌സ് തന്നെയാണ്. 77,658 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ഇതിൽ നെക്‌സോൺ ഇവി, പഞ്ച് ഇവി, ഹാരിയർ ഇവി എന്നീ മോഡലുകൾക്കാണ് ഉയർന്ന ഡിമാന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിലെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വാഹന വിൽപ്പനയുടെ 12 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവനയാണ്.
ഇലക്ട്രിക് വാഹന വിപണിയിൽ പ്രവചനങ്ങൾക്ക് അതീതമായ വളർച്ച കൈവരിച്ച വാഹന നിർമാതാക്കൾ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ആണ്. ഇസഡ്എസ് ഇവി, കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, സൈബർസ്റ്റർ, എം9 തുടങ്ങി ഇലക്ട്രിക് വാഹനങ്ങളുടെ നീണ്ട നിര എംജി മോട്ടോഴ്‌സിന് ഉണ്ടെങ്കിലും എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചിരിക്കുന്നത് വിൻഡ്‌സർ എന്ന മോഡലാണ്. 52,408 ഇലക്ട്രിക് വാഹനങ്ങളാണ് എംജി മോട്ടോഴ്‌സ് 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ വർഷങ്ങളുടെ പാരമ്പര്യമുണ്ടെങ്കിലും, മഹീന്ദ്ര ഈ മേഖലയെ ഗൗരവമായി കണ്ട് തുടങ്ങിയത് 2025-ൽ ആയിരുന്നു. ബോൺ ഇലക്ട്രിക് വാഹനങ്ങളായി ബിഇ6, എക്‌സ്ഇവി 9ഇ, എക്‌സ്ഇവി 9എസ് എന്നീ മോഡലുകൾ എത്തിയതോടെയാണ് ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്രയും നിർണായക ശക്തിയാകുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 42,006 യൂണിറ്റിന്റെ വിൽപ്പനയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ നേടിയിരിക്കുന്നത്.
2025 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ അഞ്ചിരട്ടി വർധനവാണ് മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മഹീന്ദ്രയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 6.4 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവനയാണ്. കുറഞ്ഞ വിലയുടെ ഇലക്ട്രിക് വാഹനങ്ങൾ മഹീന്ദ്ര പുറത്തിറക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Content Highlights: Tata Motors remains the market leader in EV sales with 77,658 units in 2026., Mahindra achieved a massive growth, increasing market share from 7.8% to 21.2% in 2026., JSW MG Motor performed strongly with 52,408 units, driven by the Windsor EV model., Mahindra's EV sales saw a five-fold increase compared to previous cycles., Tata's EV portfolio contributes 12% to its total passenger vehicle sales.