ടെസ്‌ലയുടെ അഭിമാനം,സുരക്ഷയുടെ അവസാനവാക്ക്; ദുബായ് പോലീസിന്റെ വാഹനവ്യൂഹത്തില്‍ ഇനി സൈബര്‍ട്രക്കും

ആഡംബര പട്രോളിങ് വാഹനനിരയിലേക്ക് ടെസ്ലയുടെ പുതിയ സൈബര്‍ ട്രക്കും ചേര്‍ത്ത് ദുബായ് പോലീസ്. സുരക്ഷാ സേനയ്‌ക്കൊപ്പം ഈ അഞ്ചാം നമ്പര്‍ വൈദ്യുത വാഹനവും ഇനി മുന്നിലുണ്ടാകും. ബലിപെരുന്നാള്‍ ദിനത്തില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അകമ്പടി പോകുന്ന പച്ച, വെള്ള നിറത്തിലുള്ള ട്രക്കിന്റെ ചിത്രങ്ങള്‍ പോലീസാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടത്.
അള്‍ട്രാ-ഹാര്‍ഡ് 30 എക്സ് കോള്‍ഡ്-റോള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച ട്രക്ക് രൂപത്തിലുള്ള വാഹനം പ്രകടന മികവിലും മുന്നിലാണ്. ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ടെസ്ല ആര്‍മര്‍ ഗ്ലാസുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. 11,000 പൗണ്ട് വരെ ഭാരം വഹിക്കാന്‍ ട്രക്കിന് സാധിക്കും.
ആറ് പേര്‍ക്ക് വിശാലമായി ഇരുന്ന് യാത്ര ചെയ്യാം. ലംബോര്‍ഗിനി അവെന്റഡര്‍, ഔഡി ആര്‍ 8 കൂപ്പെ വി 10, ബെന്റ്ലി കോണ്ടിനെന്റല്‍ ജി.ടി., മക്ലെരന്‍ എം.പി.4-12 സി,ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, മെഴ്‌സിഡീസ്-എ.എം.ജി. ജി.ടി.63 എസ്, ബുഗാട്ടി വെയ്റന്‍, ടൊയോട്ട 2021 ജി.ആര്‍. സുപ്ര എന്നിങ്ങനെ ലോകത്തെ അത്യാഡംബരവും വേഗതയേറിയതുമായ വാഹനങ്ങളുടെ വലിയ ശേഖരം ദുബായ് പോലീസിനുണ്ട്.
പ്രധാന പരിപാടികളിലും ആഘോഷവേളകളിലും വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും സഹായിക്കുന്നതില്‍ പട്രോളിങ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോളതലത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് വാഹനനിരയുടെ വിപുലീകരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ്, സൈബര്‍ബീസ്റ്റ് എന്നീ മൂന്ന് വേരിയന്റുകളിലാണ് സൈബര്‍ ട്രക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് ഇന്ത്യന്‍ രൂപ 50.75 ലക്ഷം രൂപയും (60,990 ഡോളര്‍) ഓള്‍ വീല്‍ ഡ്രൈവിന് 66.56 ലക്ഷവും (79,990 ഡോളര്‍) ഉയര്‍ന്ന വേരിയന്റായ സൈബര്‍ബീസ്റ്റിന് 83.21 (99.990 ഡോളര്‍) ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ ഓള്‍ വീല്‍ ഡ്രൈവ്, സൈബര്‍ ബീസ്റ്റ് മോഡലുകള്‍ 2024 മുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുമെങ്കിലും റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 2025 വരെ കാത്തിരിക്കണം.
രണ്ട് ഇലക്ട്രിക് മോട്ടോറാണ് സൈബര്‍ ട്രക്കിന്റെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. 600 ബി.എച്ച്.പി. പവറാണ് ഈ മോട്ടോറുകള്‍ ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 563 കിലോമീറ്ററാണ് റേഞ്ച് നല്‍കുന്നത്. ഉയര്‍ന്ന വകഭേദമായ സൈബര്‍ബീസ്റ്റ് 845 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. 515 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഈ മോഡല്‍ കേവലം 2.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 98 കിലോമീറ്റര്‍ വേഗത്തിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.
അതേസമയം, സൈബര്‍ട്രക്കിന്റെ അടിസ്ഥാന മോഡലായ റിയര്‍വീല്‍ ഡ്രൈവ് മോഡലില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 402 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിന് നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 95 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തായിരിക്കും ഈ വാഹനത്തിന്റെ കൈമുതല്‍.
Content Highlights: Dubai police added tesla cyber truck into their vehicle fleet