ഗിയർ മാറ്റാൻ ആർക്കും വയ്യ; ഓട്ടോമയമാവുകയാണ് കാറുകൾ

ഡ്രൈവിങ്ങ് അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കണമെങ്കില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനമായിരിക്കണമെന്നതായിരുന്നു അടുത്തകാലം ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാല്‍, ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, സി,വി.ടി, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ തുടങ്ങി പല സ്വഭാവത്തിലുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ വാഹനങ്ങള്‍ എത്തിത്തുടങ്ങിയതോടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഫാന്‍സ് ആയിരുന്ന ഭൂരിഭാഗം ആളുകളും ഇന്ന് ഓട്ടോമാറ്റിക് കാറുകളുടെ ഉപയോക്താക്കളാണ്. ഇത് ലോകത്താകമാനമുള്ള പ്രതിഭാസമാണ്.
മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജെ.എ.ടി.ഒ. ഡൈനാമിക്‌സ് പഠനറിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്ക, കാനഡ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വാഹന വിപണികളിലെല്ലാം ഓട്ടോമാറ്റിക് കാറുകള്‍ 95 ശതമാനത്തില്‍ അധികമാണ്. അതേസമയം, ദക്ഷിണ കൊറിയയില്‍ 100 ശതമാനവും ഓട്ടോമാറ്റിക് കാറുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്നതിനനുസരിച്ച് മാനുവല്‍ കാറുകളുടെ ജനപ്രീതി കുറയുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2000-ത്തില്‍ യുറോപ്പില്‍ വില്‍പ്പന നടത്തിയിരുന്ന വാഹനങ്ങളില്‍ 89 മുതല്‍ 95 ശതമാനം വരെ മാനുവല്‍ ഗിയര്‍ബോക്‌സിലുള്ള വാഹനങ്ങളായിരുന്നു. എന്നാല്‍, 2022 ആയപ്പോഴേക്കും അത് 34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2023-ന്റെ ആദ്യപാതിയിലെ കണക്ക് അനുസരിച്ച് ഇതുവരെ വിറ്റഴിച്ചതില്‍ 32 ശതമാനം മാത്രമാണ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകള്‍.
സമാനമായ സാഹചര്യമാണ് അമേരിക്കയിലും നിലനില്‍ക്കുന്നത്. പരമ്പരാഗതമായി ഓട്ടോമാറ്റിക് കാറുകള്‍ക്ക് തന്നെയാണ് ഇവിടെ മേല്‍കൈ. എന്നാല്‍, 2010-ലെ കണക്ക് അനുസരിച്ച് ആറ് ശതമാനം ചെറുകിട വാഹനങ്ങള്‍ മാത്രമാണ് ഇവിടെ മാനുവല്‍ ട്രാന്‍സ്മിഷനുമായി എത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കേവലം ഒരു ശതമാനത്തില്‍ താഴെയാണ് മാനുവല്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കന്‍, യൂറോപ്യന്‍ വിപണികളെ മാറ്റിനിര്‍ത്തി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വന്നാലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിശക്തമായ വാഹന വിപണികളില്‍ ഒന്നായ ജപ്പാനില്‍ ഈ വര്‍ഷം എത്തിയ മാനുവല്‍ ട്രാന്‍്‌സമിഷന്‍ വാഹനങ്ങള്‍ കേവലം രണ്ട് ശതമാനം മാത്രമാണ്. അതേസമയം, ദക്ഷിണകൊറിയ പൂര്‍ണമായും മാനുവല്‍ ട്രാന്‍സ്മിഷനുകളോട് മുഖംതിരിഞ്ഞാണ് നില്‍ക്കുന്നത്. ഇവിടെ ഈ വര്‍ഷം എത്തിയ മാനുവല്‍ വാഹനങ്ങള്‍ പൂജ്യം ശതമാനമാണ്.
കൂടുതല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉള്ളത് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്‍ സംവിധാനത്തിന്റെ ഹൈലൈറ്റാണ്. ഇതിനൊപ്പം പുതുതായി വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തിന്റെ മേന്മകള്‍ കൃത്യമായി മനസിലാക്കിയിട്ടുള്ളതും വില്‍പ്പനയില്‍ കുതിപ്പുണ്ടാകാന്‍ സാഹായിക്കുന്നുണ്ട്. ഡ്രൈവിങ്ങ് ആയാസരഹിതമാക്കുന്നതും ഓട്ടോമാറ്റിക് സംവിധാനങ്ങളെ ജനപ്രിയമാക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ക്ക് പുറമെ, വികസ്വര രാജ്യങ്ങളിലെ വാഹന വിപണിയിലും ഓട്ടോമാറ്റിക്കിലേക്കുള്ള മാറ്റം അതിവേഗമാണ്.
Source: Motor1.com
Content Highlights: Drivers prefer automatic cars, Manual transmissions losing popularity globally