ഹൈക്രോസിനൊപ്പം കുതിച്ച് ഇന്നോവ ക്രിസ്റ്റയും; ബുക്ക് ചെയ്തുള്ള കാത്തിരിപ്പ് ഒന്‍പത് മാസത്തോളം

ഇന്ത്യയിലെ എം.പി.വി. ശ്രേണിയുടെ ആധിപത്യം ഇനിയും കൈമോശം വന്നിട്ടില്ലാത്ത ടൊയോട്ടയുടെ ബ്രാന്റാണ് ഇന്നോവ. ആദ്യം ഇന്നോവ, പിന്നീട് ക്രിസ്റ്റ, ഇപ്പോള്‍ ഹൈക്രോസ് എന്നിങ്ങനെ മാറിമാറി എത്തിയപ്പോഴും ശ്രേണിയുടെ മേധാവിത്വം തുടര്‍ന്ന് പോരുന്നുണ്ട്.ഏറ്റവുമൊടുവിലെത്തിയ ഹൈക്രോസിന്റെ ബുക്കിങ്ങ് ഒരുവര്‍ഷത്തിന് മുകളിലാണെങ്കില്‍, രണ്ടാമനായ ക്രിസ്റ്റയ്ക്കുള്ള കാത്തിരിപ്പ് കാലാവധിയും ഒരുവര്‍ഷത്തോട് അടുക്കുകയാണ്.
ഓട്ടോമാറ്റിക് വകഭേദം ഒഴുവാക്കി മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് എത്തുന്നതെങ്കിലും രാജ്യത്തെ പല നഗരങ്ങളിലും ഒമ്പത് മാസത്തോളമാണ് ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്ങ് എന്നാണ് വിവരം. ബി.എസ്.6 സ്‌റ്റേജ്-2 മോഡലിന്റെ വരവോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് നിര്‍ത്തലാക്കിയത്. നിലവില്‍ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡലില്‍ മാത്രമെത്തുന്ന ക്രിസ്റ്റ രണ്ട് സീറ്റിങ്ങ് ഓപ്ഷനുകളിലായി നാല് വേരിയന്റുകളില്‍ വിപണിയിലുണ്ട്.
പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന ഹൈക്രോസില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ക്രിസ്റ്റ നിരയില്‍ നിന്ന് ഓട്ടോമാറ്റിക് ഒഴിവാക്കിയതെന്നാണ് വിലയിരുത്തല്‍. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിട്ടും പ്രതിമാസം ശരാശരി ക്രിസ്റ്റയുടെ 2500 യൂണിറ്റ് വിറ്റഴിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇതിനനുസരിച്ചുള്ള ബുക്കിങ്ങുകള്‍ കൂടി എത്തുന്നതോടെയാണ് കാലാവധി ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നത്.
മുമ്പ് പെട്രോള്‍ എന്‍ജിനിലും രണ്ട് ഡീസല്‍ എന്‍ജിനിലും ക്രിസ്റ്റ വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍, നിലവില്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ഈ വാഹനം എത്തുന്നത്. ഈ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 343 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 19.99 ലക്ഷം രൂപ മുതല്‍ 26.05 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
അതേസമയം, പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഹൈക്രോസ് എത്തുന്നത്. സെല്‍ഫ് ചാര്‍ജിങ്ങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 186 പി.എസ്. പവറും 206 എന്‍.എം. ടോര്‍ക്കും നല്‍കും. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്‍സ്മിഷന്‍. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് റെഗുലര്‍ മോഡലിലുള്ളത്. 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്. സി.വി.ടി. ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Source: Autocar India
Content Highlights: Demand for toyota innova crysta increased, booking period extended upto nine months