കമ്പനിക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്നു; ആറ് ജീവനക്കാര്‍ക്ക് മഹീന്ദ്ര ബിഇ6 സമ്മാനിച്ച് സ്ഥാപനം

Photo: Mahindra
Photo: Mahindra

നിരവധി കമ്പനികളാണ് ജീവനക്കാരുടെ ആത്മാര്‍ഥതയേയും അര്‍പ്പണ ബോധത്തേയും ആദരിക്കുന്നതിന്റെ ഭാഗമായി പല തരത്തിലുള്ള അംഗീകാരങ്ങള്‍ നല്‍കുന്നത്. കാറുകള്‍, ബൈക്കുകള്‍, യാത്രകള്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഇതിലേറെയും. കമ്പനിയുടെ വലിപ്പത്തിന്റെ സേവനത്തിന്റെയും അടിസ്ഥാനത്തില്‍ സമ്മാനങ്ങളില്‍ മാറ്റമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ കമ്പനിയോട് കൂറുപുലര്‍ത്തിയ ആറ് ജീവനക്കാര്‍ക്ക് കിടിലന്‍ ഇലക്ട്രിക് എസ്‌യുവികള്‍ സമ്മാനിച്ചിരിക്കുകയാണ് ഒരു കമ്പനി.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗര്യ കണ്‍സെപ്റ്റ്‌സ് എന്ന കമ്പനിയാണ് ജീവനക്കാരായ ആറുപേര്‍ക്ക് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി മോഡലായ ബിഇ6 സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ ഉടനീളം ബ്രാഞ്ചുകളുള്ളതും 330-ഓളം ജീവനക്കാരുള്ളതുമായ ഈ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ആറുപേര്‍ക്കാണ് ഈ വാഹനം സമ്മാനമായി നല്‍കിയിരിക്കുന്നത്. ആറ് വാഹനങ്ങള്‍ക്കുമായി 1.5 കോടി രൂപയാണ് കമ്പനി മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് വര്‍ഷത്തിലേറെയായി മൗര്യയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവരുടെ മികച്ച സേവനം കണക്കിലെടുത്ത് വാഹനം സമ്മാനമായി നല്‍കിയിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സിഇഒ രോഹിത് വൈദ്യ, വൈസ് പ്രസിഡന്റുമാരായ സന്തോഷ് പാട്ടീല്‍, തമീസുള്ള ഖാന്‍, പ്രമോദ് ബെല്‍ഗോണ്‍കര്‍, യോഗേഷ് നായിക്, ആകാശ് തമ്പനി എന്നിവര്‍ക്കാണ് വാഹനം ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ പൂനെ, ബെലഗാവി, മൈസൂരു എന്നിവിടങ്ങളിലെ ജീവനക്കാരാണിവര്‍.

ഇന്നൊവേഷന്‍, സുസ്ഥിരത, നേതൃത്വപാഠവം തുടങ്ങിയ മൂല്യങ്ങളാണ് കമ്പനി ഉയര്‍ത്തി പിടിക്കുന്നത്. ഈ മൂല്യങ്ങളുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന വാഹനമെന്ന നിലയ്ക്കാണ് ജീവനക്കാര്‍ക്കുള്ള സമ്മാനമായി മഹീന്ദ്ര ബിഇ6 തന്നെ തിരഞ്ഞെടുത്തതെന്നാണ് മൗര്യ കണ്‍സെപ്റ്റ്‌സ് അറിയിച്ചിരിക്കുന്നത്. അതിനുപുറമെ, ഇതൊരു ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ ആധുനിക ഗതാഗത രീതിയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും പരിസ്ഥിതിയോടുള്ള കരുതലും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും കമ്പനി അറിയിച്ചു.

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോം ഇന്‍ഗ്ലോ അടിസ്ഥാനമാക്കിയാണ് ബിഇ6 ഒരുങ്ങിയിരിക്കുന്നത്. പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബിഇ6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ്. അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ബിഇ6-ലുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പിഎസ് പവറും 380 എന്‍എം ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ബിഇ6 മോഡല്‍ 556 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള പതിപ്പ് 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.

Content Highlights: Mourya Concepts rewards long-serving employees with Mahindra BE.6 electric SUVs, showcasing commitment to innovation and sustainability. Learn more about this inspiring initiative!