13.62 ലക്ഷത്തിന് ഫുള്‍ ഓപ്ഷന്‍ ബസാള്‍ട്ട് കൂപ്പെ SUV; വിലയില്‍ ഞെട്ടിച്ച് സിട്രോണിന്റെ ട്വിസ്റ്റ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള കൂപ്പെ എസ്.യു.വി. മോഡലായ ബസാള്‍ട്ടിന്റെ എല്ലാ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ അടിസ്ഥാന മോഡലുകളുടെ വില മാത്രമായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബസാള്‍ട്ട് നിരയിലെ എല്ലാ വേരിയന്റുകളുടെയും വിലയാണ് പുറത്തുവിട്ടിരിക്കുന്നത്. 7.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന വില 13.62 ലക്ഷം രൂപയിലാണ് അവസാനിക്കുന്നത്.
1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. രണ്ട് വേരിയന്റുകളാണ് എന്‍.എ.എന്‍ജിനില്‍ എത്തുന്നത്. യു, പ്ലസ് എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 7.99 ലക്ഷവും 9.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ടര്‍ബോ പെട്രോള്‍ മോഡലുകളുടെ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 12.79, 13.62 ലക്ഷം രൂപയും മാനുവല്‍ മോഡലുകള്‍ക്ക് 11.49, 12.28 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ഇന്ത്യയിലെ ആദ്യ മെയിന്‍ സ്ട്രീം കൂപ്പെ എസ്.യു.വിയാണ് സിട്രോണ്‍ ബസാള്‍ട്ട്. സിട്രോണിന്റെ സിഗ്നേച്ചര്‍ ശൈലി വിടാതെയാണ് മുഖം ഒരുക്കിയിരിക്കുന്നത്. ലോഗോയില്‍ നിന്ന് രണ്ട് വശങ്ങളിലേക്ക് ആരംഭിക്കുന്ന ഗ്രില്ലും വൈ ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍. ലൈറ്റുകളും മറ്റ് മോഡലുകള്‍ക്ക് സമാനമാണ്. സ്‌ക്വയര്‍ പ്രൊജക്ഷന്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, വൃത്താകൃതിയിലുള്ള ഫോഗ്ലാമ്പ്, സ്‌കിഡ് പ്ലേറ്റുള്ള ബമ്പര്‍ തുടങ്ങിയവയാണ് മുന്നിലുള്ളത്.
16 ഇഞ്ച് വലിപ്പത്തില്‍ ഇരട്ട നിറത്തിലുള്ള ഡയമണ്ട് കട്ട് അലോയി വീല്‍, വീല്‍ ആര്‍ച്ചുകളും പ്ലാസ്റ്റിക് ക്ലാഡിങ്ങുകളും, ഓട്ടോ ഫോള്‍ഡിങ് സംവിധാനമുള്ള റിയര്‍ വ്യൂ മിറര്‍, കൃത്യമായ കൂപ്പെ ഭാവം പ്രകടമാക്കുന്ന റൂഫ് ലൈനാണ് പിന്നിലേക്ക് നീളുന്നത്. ബോക്‌സി ഡിസൈന്‍ തോന്നിപ്പിക്കുന്ന ഹാച്ച്‌ഡോറും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പും, ക്ലാഡിങ്ങുകള്‍ അലങ്കരിക്കുന്ന ബമ്പറുമാണ് പിന്‍ഭാഗത്തുള്ളത്.
ഇരട്ട നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡും സി ക്യൂബ് ഷേപ്പിലെ എ.സി. വെന്റുകളും, 10.25 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീലും സി3 എയര്‍ക്രോസില്‍ നിന്നുള്ളതാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് പുതിയതാണ്. ട്രോപ്പിക്കല്‍ എ.സി. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് ഇതിലുള്ളത്. ഏഴ് ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ടി.എഫ്.ടി. സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവര്‍ത്തിക്കുന്നത്.
1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളാണ് ഇതിലുള്ളത്. എന്‍ജിന്‍ 82 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടര്‍ബോ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ടര്‍ബോ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സ് 190 എന്‍.എം. ടോര്‍ക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് 205 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്‍.എം. എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് നല്‍കുന്നത്.
Content Highlights: Citroen India announce the price of Basalt Coupe SUV full varients