വെല്ലുവിളിക്കുന്നത് ടാറ്റയെ തന്നെ; ബസാള്‍ട്ടിന്റെ വരവറിയിച്ച് സിട്രോണ്‍, എതിരാളി കര്‍വ് | Video

സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്.യു.വി. | Photo: Citroen India
സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്.യു.വി. | Photo: Citroen India

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന അഞ്ചാമത്തെ മോഡലായ ബസാള്‍ട്ട് കൂപ്പെ എസ്.യു.വി. ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കും. കൂപ്പെ ഡിസൈന്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ സുപ്രധാന എതിരാളി ടാറ്റയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കര്‍വ് ആയിരിക്കും. ഈ വാഹനത്തിന് പുറമെ, മിഡ് സൈസ് എസ്.യു.വി. മോഡലുകളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്നീ മോഡലുകളുമായി ബസാള്‍ട്ട് ഏറ്റുമുട്ടും. 

ഫീച്ചറുകളുടെ നീണ്ടനിര തന്നെയാണ് ഈ വാഹനത്തില്‍ ഒരുക്കുന്നതെന്നാണ് അവതരണത്തിന് മുന്നോടിയായി ഇറക്കിയിട്ടുള്ള ടീസര്‍ നല്‍കുന്ന സൂചന. സി3 എയര്‍ക്രോസുമായി ഏതാനും ഭാഗങ്ങള്‍ പങ്കിടുന്നുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമാണ് ഈ വാഹനം. സിട്രോണിന്റെ മറ്റ് മോഡലുകളെ പോലെ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതറേറ്റ് അപ്‌ഹോള്‍സ്ട്രി, മു്ന്നിലേയും പിന്നിലേയും ആംറെസ്റ്റുകള്‍ എന്നിവ അകത്തളത്തിലെ ഫീച്ചറുകളില്‍ ചിലതാണ്. 

സി3 എയര്‍ക്രോസില്‍ നിന്ന് കടംകൊണ്ട എന്‍ജിനാണ് ബസാള്‍ട്ടിനും കരുത്തേകുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനും കരുത്തേകുന്നത്. 110 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ബസാള്‍ട്ട് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയില്‍ സി3 എയര്‍ക്രോസിനെക്കാള്‍ മുന്നിലായിരിക്കും ഈ വാഹനം. 

സ്റ്റെല്ലാന്റിസിന്റെ കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (സി.എം.പി.) പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനം ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. സി3 എയര്‍ക്രോസിനോട് ചേര്‍ന്നുനില്‍ക്കുന്ന ഡിസൈനിലാണ് ബസാള്‍ട്ടിന്റെ മുന്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിട്രോണ്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഫോക്സ് സ്‌കിഡ് പ്ലേറ്റ് നല്‍കി അലങ്കരിച്ച ബമ്പര്‍ എന്നിവയാണ് മുന്‍വശത്തുള്ളത്. 

ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകളാണ് ബസാള്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പമുള്ള വീല്‍ ആര്‍ച്ച് വാഹനത്തിന് എസ്.യു.വി. ഭാവമൊരുക്കും. ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈനാണ് വശക്കാഴ്ചകളില്‍ ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നത്. റിയര്‍ പ്രൊഫൈല്‍ ബസാള്‍ട്ടിന് ആഡംബര ഭാവമൊരുക്കുന്നു. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റും കറുപ്പ് നിറത്തില്‍ നല്‍കിയിട്ടുള്ള സിട്രോണ്‍ ലോഗോയും സ്‌കിഡ് പ്ലേറ്റുകള്‍ ചേര്‍ത്തുവെച്ച ബമ്പറുമാണ് പിന്‍വശം അലങ്കരിക്കുന്നത്.

Content Highlights: Citroen India announce the launch date of Basalt Coupe SUV