ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി സിട്രോണ്‍ സി3 എയര്‍ക്രോസ് എത്തി; വില 12.85 ലക്ഷം രൂപ മുതല്‍

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വില കുറഞ്ഞ മിഡ്-സൈസ് എസ്.യു.വി. മോഡലായ സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ നിരത്തുകളില്‍ എത്തി. പ്ലസ്, മാക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന് 12.85 ലക്ഷം രൂപ മുതല്‍ 13.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.
2023-ന്റെ അവസാനത്തോടെയാണ് സിട്രോണ്‍ സി3 എയര്‍ക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വി. വിപണിയില്‍ എത്തിച്ചത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്നു ഈ വാഹനത്തിന് 9.99 ലക്ഷം രൂപ മുതല്‍ 12.75 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വില. അഞ്ച്, ഏഴ് എന്നീ രണ്ട് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് സി3 എയര്‍ക്രോസ് എത്തിയിരുന്നത്. മാക്‌സ് വേരിയന്റിലെ ഏഴ് സീറ്റര്‍ പതിപ്പിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്.
1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് സി3 എയര്‍ക്രോസ് നിരത്തുകളില്‍ എത്തുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് പുതിയ ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള പുതിയ ട്രാന്‍സ്മിഷന്‍. 110 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ആദ്യം ഈ വാഹനം വിപണിയില്‍ എത്തിച്ചിരുന്നത്.
ഇന്ത്യയിലെ സിട്രോണ്‍ വാഹന നിരയില്‍ നാലാമത്തെ മോഡലായാണ് സി3 എയര്‍ക്രോസ് എത്തിയത്. 90 ശതമാനവും പ്രാദേശികമായി നിര്‍മിച്ച വാഹനമെന്നതാണ് സി3 എയര്‍ക്രോസിന്റെ സവിശേഷതയായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, എം.ജി. ആസ്റ്റര്‍ തുടങ്ങി മിഡ്-സൈസ് എസ്.യു.വി. വിപണിയില്‍ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡല്‍ മത്സരിക്കുന്നത്.
ഓട്ടോമാറ്റിക് വകഭേദത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ സ്ഥാനം പിടിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, ഇന്റീരിയറില്‍ അഴിച്ചുപണി നടത്താതെയാണ് ഓട്ടോമാറ്റിക് മോഡല്‍ എത്തിയത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിങ്ങ് മൗണ്ടഡ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ ടെക്‌നോളജി, മൂന്നാം നിരയിലെ അഴിച്ചുമാറ്റാവുന്ന സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്.
Content Highlights: Citroen C3 Aircross automatic transmission model launched in India