ഇന്ത്യയുടെ ആദ്യ മെയിന്‍ സ്ട്രീം കൂപ്പെ; വിലയിലും ഞെട്ടിച്ച് സിട്രോണ്‍ ബസാള്‍ട്ട്, വെറും 7.99 ലക്ഷം

#അജിത് ടോം
citroen basalt
citroen basalt

ആദ്യ വരവ് അല്‍പ്പം റിച്ചായിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് വിപണി അറിഞ്ഞാണ് സിട്രോണ്‍ ഓരോ മോഡലുകളും ഇന്ത്യയില്‍ എത്തിച്ചത്. സി5 എയര്‍ക്രോസ് എന്ന ആദ്യ വാഹനം വിപണിയില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും പീന്നീട് എത്തിയ സി3, ഇസി3, സി3 എയര്‍ക്രോസ് തുടങ്ങിയ വാഹനങ്ങളെല്ലാം വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച സിട്രോണ്‍ മോഡലുകളാണ്. വാഹനങ്ങളുടെ നിര വിപുലമാക്കി കൊണ്ട് മറ്റൊരു സിട്രോണ്‍ മോഡല്‍ കൂടി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുകയാണ്. കൂപ്പെ രൂപത്തില്‍ ബസാള്‍ട്ട് എന്ന പേരിലാണ് സിട്രോണിന്റെ അഞ്ചാമന്‍ ഇന്ത്യന്‍ വിപണികളിലേക്ക് എത്തുന്നത്. വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാള്‍ട്ട് വിപണിയിലേക്ക് എത്തുന്നത്. ഇത് വാഹനത്തിന്റെ പ്രാരംഭ വിലയാണ്. 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത പുതിയ വിപണിയാണ് ഇന്ത്യ. 1919-ല്‍ ആരംഭിച്ച സിട്രോണ്‍ 2019-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്‍ജിനുകള്‍ നിര്‍മിച്ച് സിട്രോണിന്റെ മറ്റ് വിപണികളിലേക്ക് എത്തിക്കുകയായിരുന്നു ആദ്യ പ്രവര്‍ത്തനം. 2021-ല്‍ സി5 എയര്‍ക്രോസ് എന്ന വാഹനം അവതരിപ്പിക്കുമ്പോള്‍ സിട്രോണ്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഒരു വര്‍ഷം പുതിയ ഒരു മോഡല്‍ എന്ന നിലയില്‍ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കുമെന്ന്. സിട്രോണിന്റെ ഈ ഉറപ്പ് അനുസരിച്ച് 2024-ല്‍ ഇന്ത്യന്‍ വിപണിക്കായി നല്‍കുന്ന മോഡലാണ് ബസാള്‍ട്ട് എന്ന കൂപ്പെ എസ്.യു.വി.

സിട്രോണ്‍ ബസാള്‍ട്ട്

ഇന്ത്യന്‍ വാഹന വിപണിയിലെത്തുന്ന ആദ്യ മെയിന്‍ സ്ട്രീം കൂപ്പെ എസ്.യു.വി. എന്ന അവകാശവാദത്തോടെയാണ് സിട്രോണ്‍ ബസാള്‍ട്ട് എത്തിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യം കൃത്യമായി മനസിലാത്തി ലളിതമായി ഡിസൈന്‍ ചെയ്താണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ സി3 എയര്‍ക്രോസ് എന്ന മോഡലുമായി സാമ്യം തോന്നിക്കുന്ന തരത്തിലാണ് ബസാള്‍ട്ട് ഒരുങ്ങിയിരിക്കുന്നത്. സിട്രോണിന്റെ സിഗ്‌നേച്ചര്‍ ശൈലി വിടാതെയാണ് മുഖം ഒരുക്കിയിരിക്കുന്നത്. ലോഗോയില്‍ നിന്ന് രണ്ട് വശങ്ങളിലേക്ക് ആരംഭിക്കുന്ന ഗ്രില്ലും വൈ ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍. ലൈറ്റുകളുമാണ് ബസാള്‍ട്ടിന് മറ്റ് സിട്രോണ്‍ വാഹനങ്ങളോട് സാമ്യപ്പെടുത്തുന്നത്.

ഹെഡ്ലാമ്പില്‍ ആദ്യമായി സ്‌ക്വയര്‍ പ്രൊജക്ഷന്‍ എല്‍.ഇ.ഡി. സംവിധാനം ഒരുക്കിയാണ് ബസാള്‍ട്ട് എത്തിയിരിക്കുന്നത്. ബ്ലാക്ക് പ്ലാസ്റ്റിക് ആവരണത്തില്‍ വലിയ എയര്‍ഡാമാണ് മറ്റൊരു സവിശേഷത. വൃത്താകൃതിയിലുള്ള ഫോഗ്ലാമ്പ്, സ്‌കിഡ് പ്ലേറ്റിന്റെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിങ്ങനെയാണ് മുഖഭാവം. 16 ഇഞ്ച് വലിപ്പത്തില്‍ ഇരട്ട നിറത്തില്‍ ഡയമണ്ട് കട്ട് ഫിനീഷിങ്ങിലാണ് അലോയി വീല്‍ ഒരുക്കിയിരിക്കുന്നത്. വീല്‍ ആര്‍ച്ചുകളും പ്ലാസ്റ്റിക് ക്ലാഡിങ്ങുകളും ബസാള്‍ട്ടിന് എസ്.യു.വി. ലുക്ക് നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓട്ടോ ഫോള്‍ഡിങ് സംവിധാനം നല്‍കി പുതിയ ഡിസൈനിലാണ് റിയര്‍ വ്യൂ മിററും തീര്‍ത്തിരിക്കുന്നത്.

എ,ബി. പില്ലറുകള്‍ വരെ സി3 എയര്‍ക്രോസുമായി സാമ്യം പുലര്‍ത്തുന്ന വാഹനമാണ് ബസാള്‍ട്ട് എങ്കിലും സി പില്ലറിലേക്ക് വരുമ്പോഴാണ് കളിമാറുന്നത്. കൃത്യമായ കൂപ്പെ ഭാവം പ്രകടമാക്കുന്ന റൂഫ് ലൈനും സിലിവേറ്റുമാണ് പിന്നീടങ്ങോട്ട് നല്‍കുന്നത്. ഒഴുകിയിറങ്ങുന്നത് പോലെയുള്ള റൂഫ് കൃത്യമായി പിന്‍ഭാഗവുമായി ഇണക്കിയിരിക്കുന്നിടത്താണ് സിട്രോണിന്റെ എന്‍ജിനീയറിങ്ങ് മികവ് പ്രകടമാക്കുന്നത്. ബോക്സി ഡിസൈന്‍ തോന്നിപ്പിക്കുന്ന ഹാച്ച്ഡോറും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പും, ക്ലാഡിങ്ങുകള്‍ അലങ്കരിക്കുന്ന ബമ്പറുമാണ് പിന്‍ഭാഗത്തുള്ളത്. കൃത്യമായി പറഞ്ഞാല്‍ ലളിതമായാണ് പിന്‍ഭാഗം ഒരുക്കിയിരിക്കുന്നത്.

അകത്തളം

പൂര്‍ണമായും സിട്രോണ്‍ ഡി.എന്‍.എ. വിളിച്ചറിയിക്കുന്ന ഇന്റീരിയറാണ് ബസാള്‍ട്ടിലുമുള്ളത്. ഇരട്ട നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്ബോര്‍ഡും സി ക്യൂബ് ഷേപ്പിലെ എ.സി. വെന്റുകളും, 10.25 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ത്രീ സ്പോക്ക് സ്റ്റിയറിങ്ങഅ വീലും സി3 എയര്‍ക്രോസില്‍ നിന്ന് കടംകൊണ്ടവയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് പുതിയതാണ്. ട്രോപ്പിക്കല്‍ എ.സി. എന്ന് പേരിട്ടിട്ടുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് ബാസാള്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി വരെയാണ് നല്‍കിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ടി.എഫ്.ടി. സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവര്‍ത്തിക്കുന്നത്.

വയര്‍ലെസ് ചാര്‍ജിങ്ങ്, ആവശ്യത്തിന് സ്റ്റോറേജ് സ്പേസുകള്‍ എന്നിവ നല്‍കിയിട്ടുണ്ടെങ്കില്‍ പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് പോലുള്ള സംവിധാനങ്ങളുടെ അഭാവം അകത്തളത്തില്‍ നിഴലിക്കുന്നുണ്ട്. ലെതര്‍-ഫാബ്രിക് കോംപിനേഷനിലുള്ള സീറ്റുകളാണ് മുന്‍നിരയില്‍ നല്‍കിയിട്ടുള്ളത്. ഡ്രൈവര്‍ സീറ്റ് മാനുവലായി അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ഒന്നാം നിരയിലെ യാത്രക്കാരെക്കാള്‍ പരിഗണന രണ്ടാം നിരയില്‍ നല്‍കിയിട്ടുണ്ടെന്ന് തോന്നുന്ന സംവിധാനങ്ങളാണ് പിന്നിലുള്ളത്. 89 എം.എം. വരെ ഉയര്‍ത്താന്‍ സാധിക്കുന്ന തൈസ് സപ്പോര്‍ട്ട് പിന്നിലെ സീറ്റില്‍ നല്‍കിയിട്ടുണ്ട്. അഡീഷണല്‍ കുഷ്യന്‍ നല്‍കിയാണ് ഹെഡ്റെസ്റ്റ് ഒരുക്കിയിട്ടുള്ളത്. എ.സി. വെന്റുകളും, മൊബൈല്‍ ചാര്‍ജിങ്ങും ആംറെസ്റ്റുമെല്ലാം പിന്‍നിരയിലെ യാത്ര സുഗമമാക്കും.

എന്‍ജിന്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സിട്രോണ്‍ ബസാള്‍ട്ട് വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് (എന്‍.എ), 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. സിട്രോണിന്റെ മൂന്നാം തലമുറ ടര്‍ബോ സാങ്കേതികവിദ്യയിലാണ് എന്‍ജിന്‍ ഒരുക്കിയിരിക്കുന്നത്. 110 പി.എസ്. പവറാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷന് അനുസരിച്ച് ടോര്‍ക്കില്‍ മാറ്റമുണ്ട്. ടര്‍ബോ എന്‍ജിനിലെ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ 190 എന്‍.എം.ടോര്‍ക്കും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് മോഡല്‍ 205 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. എന്‍.എ. എന്‍ജിനിലേക്ക് വന്നാല്‍ 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ മാത്രമാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍.

യാത്രയും ഡ്രൈവിങ്ങും

1.2 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് ഓടിക്കാന്‍ കിട്ടിയത്. ഗോവയിലെ ഊടുവഴിയിലൂടെയും ഹൈവേയിലൂടെയും ബസാള്‍ട്ടില്‍ കറങ്ങി. അത്യാവശ്യം റെസ്പോണ്‍സീവാണ് എന്‍ജിന്‍. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മികച്ച ഡ്രൈവിങ്ങ് ഫീല്‍ ഉറപ്പാക്കുന്നുണ്ട്. ട്രാന്‍സ്മിഷന്‍ ലാഗ് ഒട്ടും തന്നെ ഫീല്‍ ചെയ്യുന്നില്ല. ഉയര്‍ന്ന ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നതിന്റെ പ്രതിഫലനം ഹൈവേയിലെ ഡ്രൈവിങ്ങില്‍ അറിയാന്‍ സാധിച്ചു. സ്റ്റിയറിങ്ങും മികച്ച റെസ്പോണ്‍സാണ് ഉറപ്പാക്കുന്നത്. വേഗം 100 കടന്നാലും ആത്മവിശ്വാസം നഷ്ടപ്പെടുന്നില്ലെന്നത് ശ്രദ്ധേയമായിരുന്നു. ബ്രേക്കിങ്ങില്‍ നേരിയ ഒരു പ്ലേ ഫീല്‍ ചെയ്യുന്നുണ്ടെന്നതും ഡ്രൈവിങ്ങില്‍ അനുഭവിക്കാന്‍ സാധിക്കും. എന്‍ജിന്‍, ടയര്‍ നോയിസുകള്‍ ചെറിയ തോതില്‍ ക്യാബിനില്‍ എത്തുവന്നുണ്ടെന്നത് പോരായ്മയായി പറയാം.

യാത്ര സുഖത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏത് വാഹനങ്ങളെയും വെല്ലുവിളിക്കാമെന്ന് വീണ്ടും തെളിയിക്കുകയാണ് സിട്രോണ്‍. ഫ്ളൈയിങ്ങ് കാര്‍പെറ്റ് ഫീല്‍ ഈ വാഹത്തിലും ഉറപ്പാക്കിയിട്ടുണ്ട്. മോശം റോഡുകളിലും വളവുതിരിവുകളിലുമുള്ള ഉലച്ചിലുകള്‍ വാഹനത്തിനുള്ളില്‍ എത്തിക്കാതിരിക്കാന്‍ സിട്രോണ്‍ ശ്രദ്ധിച്ചിട്ടുണ്ട്. ബോഡി റോള്‍ തീരെയില്ലെന്ന് മാത്രമല്ല, മുന്‍നിരയിലും പിന്‍നിരയിലും ഒരുപോലെ യാത്രസുഖം ഉറപ്പാക്കുന്നതിലും സിട്രോണ്‍ വിജയിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. 470 ലിറ്ററിന്റെ സ്റ്റോറേജ് സ്പേസ് ഒരുക്കിയിട്ടും ലെഗ് റൂമില്‍ ഒട്ടും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നതും ബസാള്‍ട്ടിന്റെ സവിശേഷതകളില്‍ ഒന്നാണ്.

അന്തിമ വിധി

ഇന്ത്യയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന എസ്.യു.വി. ശ്രേണിയിലേക്കാണ് ബസാള്‍ട്ട് എത്തുന്നത്. വിപണിയിലെ എതിരാളികളെ അപേക്ഷിച്ച് ഫീച്ചറുകളുടെ കാര്യത്തില്‍ പിന്നിലാണെങ്കിലും അത്യാവശ്യം ഒരു വാഹനത്തില്‍ വേണ്ട ഫീച്ചറുകളും ലളിതമായ ഡിസൈനുകളും ബസാള്‍ട്ടിലുണ്ട്. വിലയുടെ കാര്യം കൂടി പരിഗണിക്കുന്നതോടെ ആദ്യകാര്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ഉപയോക്താക്കള്‍ക്കും മികച്ച യാത്ര അനുഭവത്തിന് പ്രാധാന്യം നല്‍കുന്നയാളുകള്‍ക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് സിട്രോണ്‍ ബസാള്‍ട്ട്.

Content Highlights: citroen basalt launched price starts atrs 7.99 lakh