20 വർഷമായിട്ടും ഇഷ്ടം കുറയുന്നില്ല; ഇന്നോവയ്ക്ക് തുല്യം ഇന്നോവ മാത്രം, ഇന്ത്യക്കാരുടെ കംഫര്‍ട്ട് സോൺ

ഇന്ത്യയിലെ മറ്റ് എത് എംപിവികളെക്കാള്‍ ഒരു പണത്തൂക്കം മുന്നിലുള്ള വാഹനം തന്നെയാണ് ടൊയോട്ടയുടെ ഇന്നോവ. ഇന്നോവയില്‍ തുടങ്ങി, ഇന്നോവ ക്രിസ്റ്റയിലൂടെ തുടര്‍ന്ന് ഇന്നോവ ഹൈക്രോസ് വരെ എത്തി നില്‍ക്കുന്ന ഈ വാഹനത്തിന് രണ്ട് പതിറ്റാണ്ട് കാലത്തെ വിജയത്തിന്റെ കഥയാണ് പറയാനുള്ളത്. 2005-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ട ഇന്നോവ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളിലാണ് ഇപ്പോള്‍.
12 ലക്ഷം ഇന്നോവകളാണ് ഈ 20 വര്‍ഷം കൊണ്ട് ഇന്ത്യയിലെ നിരത്തുകളില്‍ എത്തിയത്. ക്വാളീസ് എന്ന വാഹനത്തിന്റെ പിന്‍ഗാമിയായി 2005-ലാണ് ഇന്നോവ എന്ന എംപിവി ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 11 വര്‍ഷമാണ് ഇന്നോവ ഇന്ത്യന്‍ വാഹന വിപണിയില്‍ നിറഞ്ഞുനിന്നത്. 2016-ല്‍ ഈ വാഹനം ഇന്നോവ ക്രിസ്റ്റ എന്ന വാഹനത്തിന് വഴിമാറി കൊടുക്കുകയായിരുന്നു. ബോഡി ഓണ്‍ ഫ്രെയിം മോഡലാണ് ഇന്നോവയും ക്രിസ്റ്റയും എത്തിയത്.
എന്നാല്‍, 2022-ല്‍ ക്രിസ്റ്റയ്‌ക്കൊപ്പം തന്നെ ഇന്നോവ ഹൈക്രോസ് എന്ന വാഹനവും ടൊയോട്ട ഇന്ത്യക്കാര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. മോണോകോക് ഷാസിയും ഹൈബ്രിഡ് സാങ്കേതികവിദ്യയിലുമായിരുന്നു ഹൈക്രോസ് നിരത്തുകളില്‍ എത്തിയത്. ടൊയോട്ടയുടെ അഞ്ചാം തലമുറ സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ചേര്‍ന്നാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ വാഹനത്തില്‍ ഒരുക്കിയിരുന്നു.
മറ്റ് ഇന്നോവകള്‍ തുടര്‍ന്ന് വന്ന വിജയം ഹൈക്രോസിലൂടെയും ആവര്‍ത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഹൈക്രോസ് എംപിവികളാണ് നിരത്തുകളില്‍ ഇറങ്ങിയത്. ഇന്നോവയിലും ക്രിസ്റ്റയിലും പെട്രോള്‍ എന്‍ജിന്‍ പരീക്ഷിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. 2.4 ലിറ്റര്‍ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്രിസ്റ്റ ആദ്യമെത്തിയത്. എന്നാല്‍, ഹൈക്രോസിന്റെ വരവോടെ ക്രിസ്റ്റയില്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉപയോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ട ഇന്നോവ. വാഹനത്തിന്റെ സൗകര്യം, വിശ്വാസ്യത എന്നിവയാണ് വാഹനങ്ങളെ ഉപയോക്താക്കളുമായി ചേര്‍ത്ത് നിര്‍ത്തിയത്. ഈ ബന്ധത്തിനപ്പുറം ഒരു വാഹനമെന്ന നിലയിലും ഇന്നോവ ഒരു മനദണ്ഡമായാണ് നിലനില്‍ക്കുന്നത്. ഏറ്റവും സുഖപ്രദമായ യാത്ര, ഡ്രൈവിങ്, വിശാലമായ സൗകര്യങ്ങള്‍ എന്നിവയുടെ മാനദണ്ഡമാണ് ഈ വാഹനമെന്നും ടൊയോട്ട അവകാശപ്പെടുന്നു.
Content Highlights: Celebrating 20 years of the Toyota Innova in India. From Qualis to Hycross, explore its journey