സഫാരി @ 27; ഇന്ത്യന്‍ നിരത്തില്‍ കുതിപ്പിന്റെ 27 വര്‍ഷം തികച്ച് ടാറ്റ സഫാരി, ആഘോഷത്തിന് പുതിയ മോഡല്‍

ടാറ്റ സഫാരി, ഹാരിയര്‍ മോഡലുകളുടെ സ്‌റ്റെല്‍ത്ത് പതിപ്പുകള്‍ | Photo: Tata Motors
ടാറ്റ സഫാരി, ഹാരിയര്‍ മോഡലുകളുടെ സ്‌റ്റെല്‍ത്ത് പതിപ്പുകള്‍ | Photo: Tata Motors

90-കളുടെ അവസാനത്തില്‍ ഒരു ആഡംബര വാഹനത്തിന്റെ പ്രൗഢിയോടെ എത്തിയ എസ്.യു.വിയായിരുന്നു ടാറ്റയുടെ സഫാരി. ടാറ്റയുടെ തന്നെ ത്രീ ഡോര്‍ എസ്.യു.വിയായിരുന്ന സിയേറ, സൈനികാവശ്യത്തിന് വേണ്ടി നിര്‍മിച്ചിരുന്ന സുമോ തുടങ്ങിയ വാഹനങ്ങളായിരുന്നു ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അതുവരെയുണ്ടായിരുന്ന എസ്.യു.വി. മാതൃകകള്‍. അഞ്ച് ഡോര്‍, മൂന്ന് നിരയില്‍ സീറ്റുകള്‍, കാലഘട്ടത്തിനിണങ്ങുന്ന ആഡംബരം തുടങ്ങിയ ഫീച്ചറുകളുമായി എത്തിയ ഈ വാഹനമിപ്പോള്‍ 27 വയസിന്റെ നിറവിലാണ്. 

സ്‌റ്റെല്‍ത്ത് എന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചാണ് ടാറ്റ മോട്ടോഴ്‌സ് സഫാരിയുടെ 27-ാം വാര്‍ഷികം ആഘോഷിക്കുന്നത്. സഫാരിക്കൊപ്പം ഹാരിയറിന്റെയും സ്റ്റെല്‍ത്ത് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, ഇവയുടെ 2700 യൂണിറ്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സ്റ്റെല്‍ത്ത് എഡിഷന്‍ വാഹനങ്ങളുടെ ബുക്കിങ്ങ് ടാറ്റ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

പുതുതലമുറ സഫാരിയുടെ ബോഡിലൈനില്‍ ആകര്‍ഷകമായ മാറ്റ് ബ്ലാക്ക് ഫിനിഷിങ് നല്‍കിയാണ് ഈ വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 19 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീല്‍, സ്‌റ്റെല്‍ത്ത് ബാഡ്ജിങ് എന്നിവയാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയറില്‍ റെഗുലര്‍ മോഡലില്‍ നിന്ന് വരുത്തിയിട്ടുള്ള മാറ്റം. സഫാരിയുടെ സ്റ്റെല്‍ത്ത് എഡിഷന്‍ മോഡലിന് 25.74 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഹാരിയറിന്റെ സ്‌റ്റെല്‍ത്ത് മോഡലിന് 25.09 ലക്ഷം രൂപയാണ് വില വരുന്നത്. 

ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളാണ് നല്‍കിയിരിക്കുന്നത്. സ്റ്റെല്‍ത്ത് ബാഡ്ജിങ് നല്‍കിയിട്ടുള്ള ബ്ലാക്ക് ലെതറേറ്റ് സീറ്റുകള്‍, ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള അലങ്കാരപ്പണികള്‍ എന്നിവയാണ് പ്രധാന പുതുമ. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പത്ത് സ്പീക്കറുകളുള്ള ജെ.ബി.എല്‍. ഓഡിയോ സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 

ലാന്‍ഡ് റോവര്‍ ഡി8 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒമേഗ ആര്‍ക്ക് ആര്‍ക്കിടെക്ചറിലാണ് സഫാരി, ഹാരിയര്‍ മോഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ടാറ്റ വികസിപ്പിച്ചിട്ടുള്ള 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

കാര്യമായ സുരക്ഷാ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യമായി ഇന്റലിജെന്റ് സ്പീഡ് അസിസ്റ്റ്, ഏഴ് എയര്‍ബാഗുകള്‍, 17 സുരക്ഷ ഫങ്ഷനുകളുള്ള ഇ.എസ്.പി. 21 ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള ലെവല്‍ ടു അഡാസ് എന്നിവയാണ് ഈ വാഹനങ്ങളില്‍ സുരക്ഷയൊരുക്കുന്നത്. ഹാരിയര്‍, സഫാരി വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രേണികളിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് ഇവയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Celebrate Tata Safari 27th anniversary with the limited Stealth Edition