12 കോടിയുടെ റോള്‍സ് റോയിസ് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി

ഇമ്രാന്‍ ഹാഷ്മിയും അദ്ദേഹം സ്വന്തമാക്കിയ റോള്‍സ് റോയിസ് ഗോസ്റ്റും | Photo: Cars For You, Emraan Hasmi
ഇമ്രാന്‍ ഹാഷ്മിയും അദ്ദേഹം സ്വന്തമാക്കിയ റോള്‍സ് റോയിസ് ഗോസ്റ്റും | Photo: Cars For You, Emraan Hasmi

ഗോസ്റ്റ്, ഫാന്റം, കള്ളിനന്‍ തുടങ്ങി ബ്രിട്ടീഷ് അത്യാഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസ് വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളെല്ലാം തന്നെ ഒന്ന് ഒന്നിനെക്കാള്‍ മികച്ചതാണ്. ആനയെ പോലെയുള്ള തലയെടുപ്പും കണ്ണഞ്ചിപ്പിക്കുന്ന ആഡംബരവുമുള്ള ഈ വാഹനങ്ങള്‍ സമ്പന്നതയുടെ പ്രതീകം കൂടിയാണ്. സെലിബ്രിറ്റികളുടെ ഇഷ്ടചോയിസായ റോള്‍സ് റോയിസ് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ ഗ്യാരേജിലും എത്തിയിരിക്കുകയാണ്.

റോള്‍സ് റോയിസിന്റെ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് മോഡലാണ് ഇമ്രാന്‍ ഹാഷ്മി സ്വന്തമാക്കിയിരിക്കുന്നത്. 12.25 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില. ഗോസ്റ്റിന്റെ രണ്ടാംതലമുറ മോഡലിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. ഭാരം കുറഞ്ഞ അലുമിനിയം ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. പുതുതലമുറ ഫാന്റം മോഡലും ഈ ഫ്രെയിമിലാണ് തീര്‍ത്തിരിക്കുന്നത്. ആദ്യ മോഡല്‍ ഇറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴുള്ള ഗോസ്റ്റ് ഇന്ത്യയില്‍ എത്തിയത്. 

ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്ക് ആദ്യ പതിപ്പിനെക്കാള്‍ 89 എം.എം. നീളവും 30 എം.എം. വീതും 21 എം.എം. ഉയരവും കൂടുതല്‍ നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഡിസൈനില്‍ നിന്ന് മാറി മോഡേണ്‍ ഭാവങ്ങളോടെയാണ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് ഒരുക്കിയിരിക്കുന്നത്. 600 മീറ്റര്‍ ദൂരത്തേക്ക് പ്രകാശമെത്തുന്ന ലേസര്‍ ടെക്‌നോളജിയിലുള്ള ഹെഡ്‌ലാമ്പ്, സി-ഷേപ്പ് ഡി.ആര്‍.എല്‍, എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയുള്ള മുന്‍ഭാഗം തുടങ്ങിയവയാണ് ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നത്. 

പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള വാഹനമായാണ് റോള്‍സ് റോയിസ് മോഡലുകളെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ നിരവധി അത്യാഡബര സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ഇല്ലുമിനേറ്റ് ചെയ്യുന്ന റൂഫ്, പിന്നിലെ ഹാന്‍ഡ് റെസ്റ്റിലും ഡോര്‍ പാനലിലും ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍ഫിനിറ്റി ലോഗോ, സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള സീറ്റുകള്‍ തുടങ്ങി മികച്ച രീതിയിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്.

ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം കരുത്തിലും ഏറെ മുന്‍പന്തിയിലുള്ള വാഹനമാണ് റോള്‍സ് റോയിസ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഗോസ്റ്റിന്റെ ഹൃദയം. ഈ എന്‍ജിന്‍ 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 205 കിലോമീറ്ററാണ്.

Content Highlights: Bollywood actor Emraan Hashmi buys Rolls Royce Ghost Black Badge worth rupees 12 crore