ഏഴ് ലക്ഷം കാറുകൾ തിരികെ വിളിക്കാൻ BMW; തകരാർ എന്തെന്ന് വ്യക്തമാക്കി കമ്പനി

ബി.എം.ഡബ്ല്യു 5 സീരീസ് | Photo: BMW India
ബി.എം.ഡബ്ല്യു 5 സീരീസ് | Photo: BMW India

കൂളന്റ് പമ്പിലെ തകരാർ കാരണം ബി.എം.ഡബ്ല്യൂ ചൈനയിൽ ഏഴ് ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കുന്നു. പ്രാദേശികമായി നിർമിച്ച 499371 കാറുകളും ഇറക്കുമതി ചെയ്ത 188371 കാറുകളും 2025 മാർച്ച് ഒന്നുമുതൽ കമ്പനി തിരികെ വിളിക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെ​ഗുലേഷൻ പ്രസ്താവനയിൽ അറിയിച്ചു. 

ചില കാറുകളിൽ ഘടിപ്പിച്ച കൂളന്റ് പമ്പ് പ്ല​ഗ്​ഗുകൾ ‍തുരുമ്പെടുത്ത് നശിക്കാനും ഇത് ഷോർട്ട് സർക്യൂട്ടിലേക്കും തീപ്പിടിത്തത്തിലേക്കും നയിക്കുമെന്നുമാണ് പറയുന്നത്. പ്രാദേശികമായി നിർമിച്ച 3സീരീസ്, 5സീരിസ് എന്നിവയും ഇറക്കുമതി ചെയ്ത എക്സ് സീരീസ് മോഡലുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. 

ഓ​ഗസ്റ്റിലാണ് കാറുകളിലെ തകരാർ കമ്പനി കണ്ടെത്തിയതെന്നും തുടർന്ന് ചൈനയിലെ ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യം അറിയിച്ചെന്നും കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. തകരാർ പരിഹരിക്കാൻ മൂന്നുമണിക്കൂറോളം സമയം വേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം, കാറുകൾ തിരികെ വിളിക്കാൻ എന്തുകൊണ്ടാണ് മാർച്ചുവരെ കാത്തിരിക്കുന്നത് എന്ന് വ്യക്തമാക്കിയില്ല.   

കമ്പനിയുടെ വിൽപനയിൽ ചൈനീസ് വിപണിയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതിനുശേഷമാണ് കാറുകൾ ജർമൻ വാഹനനിർമാതാക്കൾ തിരികെ വിളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ സാമ്പത്തിക വർഷം മൂന്നാം പാദ​ത്തിൽ ബിഎംഡബ്ല്യൂ, മിനി ബ്രാൻഡുകളുടെ കയറ്റുമതിയിൽ 30 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ബ്രേക്കിങ് സംവിധാനത്തിലെ തകരാർ മൂലം ആ​ഗോളതലത്തിൽ 1.5 ദശലക്ഷം കാറുകൾ സെപ്റ്റംബറിൽ കമ്പനി തിരികെ വിളിച്ചിരുന്നു. 

Content Highlights: bmw recalls almost 700000 lakh cars in china