ആഡംബരത്തിനൊപ്പം കാറ്റിന്റെ വേഗവുമായി ഔഡി ആര്‍എസ് Q8 അവതരിച്ചു; വില 2.07 കോടി രൂപ

Image Courtesy: Audi India
Image Courtesy: Audi India

ന്ത്യയിലെ ആഡംബര വാഹനപ്രേമികള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പ് സമ്മാനിച്ച ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ഔഡിയുടെ കൂപ്പെ എസ്‌യുവി മോഡലായ Q8-ന്റെ പെര്‍ഫോമെന്‍സ് പതിപ്പ് അവതരിപ്പിച്ചു. ഔഡി ആര്‍എസ് Q8 എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കരുത്തന്‍ എസ്‌യുവിക്ക് 2.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

കിടിലന്‍ ലുക്കും സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായ വേഗതയും സമ്മാനിക്കുന്ന വാഹനമായിരിക്കും ഔഡി ആര്‍എസ് Q8 എന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ആഡംബര പെര്‍ഫോമെന്‍സ് കാര്‍ ഈ നിരത്തുകളിലെത്തിക്കുന്നതെന്നും ഔഡി അറിയിച്ചു. 

4.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഇത് 592 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കുമേകും. ഓള്‍വീല്‍ ഡ്രൈവ് ക്വാട്രോ സിസ്റ്റത്തിനൊപ്പം എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

Image Courtesy: Audi India

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.8 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്. 305 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഇതിനൊപ്പം പവര്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉയര്‍ത്തുന്നതിനുമായി ഇതില്‍ സിലിണ്ടര്‍ ഓണ്‍ ഡിമാന്റ് ഫീച്ചറും നല്‍കുന്നുണ്ട്. ആവശ്യമില്ലെന്ന് തോന്നിയാല്‍ സിലിണ്ടര്‍ ഓഫ് ചെയ്യാനാണ് ഈ സംവിധാനം.

രൂപത്തില്‍ റെഗുലര്‍ Q8-ന് സമാനമാണെങ്കിലും സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനുള്ള ഫീച്ചറുകള്‍ ഈ വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുണ്ട്. സിംഗിള്‍ ഫ്രെയിം ഹണി കോംമ്പ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റ്, വലിയ എയര്‍ ഇന്‍-ടേക്ക്, ഇന്റഗ്രേറ്റഡ് ഡിഫ്യൂസര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, ആര്‍എസ് സ്‌പോയിര്‍ തുടങ്ങിയവ ഈ വാഹനത്തിന്റെ സ്‌പോര്‍ട്ടി ഭാവത്തിന് മുതല്‍കൂട്ടാണ്. 

പെര്‍ഫോമെന്‍സ് വാഹനത്തിന്റെ ഭാവങ്ങള്‍ അകത്തളത്തിലുമുണ്ട്. ലെതര്‍ സ്‌പോര്‍ട്ട് സീറ്റുകള്‍, ലെതര്‍ ആവരണമുള്ള ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, വെര്‍ച്വല്‍ കോക്പിറ്റ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവ ഈ വാഹനത്തിലുണ്ട്. ഇതിനുപുറമെ, ഉപയോക്താക്കളുടെ ആവശ്യത്തിന് അനസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

Content Highlights: Audi RS Q8 Coupe SUV Launched In India

Content Highlights: